Sunday, June 17, 2012

Bachelor Party Review: കഠിനം, ഈ ബാച്ചിലര്‍ പാര്‍ട്ടി

സ്റ്റൈലിഷ് ചിത്രങ്ങള്‍ എന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമകള്‍ക്കുണ്ടായിരുന്ന ഓമനപ്പേര്. നിര്‍ഭാഗ്യവശാല്‍, ആ ഗണത്തിലേക്ക് കയറ്റിവിടാനുദ്ദേശിച്ച് അദ്ദേഹം നിര്‍മിച്ച് സംവിധാനം ചെയ്ത 'ബാച്ചിലര്‍ പാര്‍ട്ടി' കാമ്പുമില്ല, സ്റ്റൈലുമില്ലാത്ത അവസ്ഥയിലാണ്. പിന്നെ, ന്യൂ ജനറേഷന്‍ ആകാന്‍ കുറേ പച്ചത്തെറിയും അശ്ലീലചുവയുള്ള സംഭാഷണവും കൂടിയായതോടെ എല്ലാം പൂര്‍ണമായി.


അഞ്ചു കൂട്ടുകാര്‍..ചെറുപ്പം മുതല്‍ ഒന്നിച്ചാണ് മോഷണം, തട്ടിപ്പ്, ക്വട്ടേഷന്‍ തുടങ്ങിയ കലാപരിപാടികള്‍ ഏറ്റെടുക്കുന്നത്. വലുതായശേഷവും വ്യത്യസ്ത തുറകളില്‍ ഈ പണികള്‍ തുടരുമ്പോഴും ആവശ്യം വരുമ്പോള്‍ ഒന്നിക്കും. ഒരിക്കല്‍ കൂട്ടത്തില്‍ ഇളയവനായ ടോണി (ആസിഫ് അലി)ഒരു പ്രശ്നത്തില്‍പെടുമ്പോള്‍ മറ്റുള്ളവരായ അയ്യപ്പന്‍, ബെന്നി , ഗീവര്‍,  ഫക്കീര്‍ എന്നിവര്‍ (കലാഭവന്‍ മണി, റഹ്മാന്‍, ഇന്ദ്രജിത്ത്, വിനായകന്‍) സഹായിക്കാനും പ്രശ്നപരിഹാരമുണ്ടാക്കാനും ഒപ്പം കൂടുന്നു. തുടര്‍ന്നുള്ള പ്രശ്നങ്ങളും സംഘര്‍ഷങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. കഥയായി പറയാന്‍ ഇതില്‍ കൂടുതലൊന്നും ചിത്രത്തിലില്ല. ഹോങ്കോംഗ് ചിത്രമായ 'എക്സൈല്‍ഡി'ന്റെ കഥാതന്തു ആയിരിക്കാം അമലിന് പ്രചോദനമായത്.


മേല്‍പ്പറഞ്ഞ 'കഥ'യുടെ രംഗങ്ങള്‍ വട്ടംകൂടിയിരുന്നും അല്ലാതെയും മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുക അശ്ലീലചുവയുള്ള കഥകള്‍ പറഞ്ഞുരസിക്കുക, പ്രശ്നങ്ങളില്‍ ചെന്നുചാടി പരസ്പരം വെടിയുതിര്‍ക്കുക...അവസാനം പത്ത് മിനിട്ട് സ്ലോമോഷനില്‍ കൂട്ടവെടിവെപ്പും (അതും പൊട്ടിച്ചിരിച്ചുകൊണ്ട്) .. എന്ന രീതിയില്‍ ചേര്‍ത്തുവെച്ചാല്‍ തിരക്കഥയും സംഭാഷണവും അവതരണവുമായി.


കുറേ വ്യത്യസ്തയുള്ള ഷോട്ടുകള്‍ പകര്‍ത്തിവെക്കാനായി എന്നുള്ളതാണ് അമല്‍നീരദ് എന്ന ഛായാഗ്രാഹകന്റെ മികവ്. അത് ആവശ്യത്തിനും അനാവശ്യത്തിനും സ്ലോ മോഷനില്‍ പകര്‍ത്തിവെച്ച് പ്രേക്ഷകനെ പരീക്ഷിക്കുന്നു എന്നിടത്താണ് അമല്‍ നീരദ് എന്ന സംവിധായകന്റെ സാന്നിധ്യം അറിയുന്നത്. സ്റ്റൈലിഷ് ആകാന്‍ സ്ലോ മോഷന്‍ ആദ്യാവസാനം ഉപയോഗിക്കണമെന്ന മിഥ്യാധാരണയില്‍ അദ്ദേഹത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് സാരം.


വിദേശസിനിമകള്‍ കണ്ട് പ്രചോദനമുള്‍ക്കൊണ്ട് ആ സ്റ്റൈല്‍ ഇവിടെ പരീക്ഷിക്കണമെന്ന ആഗ്രഹവുമായി ഇറങ്ങിയ അമല്‍ നീരദിന്റെ സങ്കല്‍പ്പങ്ങളോട് ഒരിക്കലും ചേര്‍ന്നുനില്‍ക്കാനാവുന്നില്ലെന്ന് തിരക്കഥാകൃത്തുക്കളായ ആര്‍. ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും തെളിയിച്ചു. ആ തിരിച്ചറിവ് അമലിന് ഉണ്ടാകാത്തതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയും. അതുകൊണ്ടുതന്നെ, വെടിയും പുകയും സ്ലോ മോഷനില്‍ ചോര തെറിക്കലുമൊക്കെ ആദ്യാവസാനമുണ്ടെങ്കിലും ഒരിക്കലും പ്രേക്ഷകനെ ഉദ്വേഗജനകമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാന്‍ ചിത്രത്തിനാവുന്നില്ല. തോന്ന്യാസികളായി മരിച്ച് നരകത്തില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ പത്മപ്രിയയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്ന അറിവ് പകര്‍ന്നുനല്‍കുന്നു എന്നതാണ് എടുത്തുപറയാവുന്ന പുതുമ.


അഭിനേതാക്കള്‍ എല്ലാവരും കഥാപാത്രങ്ങള്‍ക്ക് ചേരുന്ന 'ലുക്കി'ല്‍ നന്നായി. പക്ഷേ, അവര്‍ക്ക് ലുക്കിനൊത്ത് പ്രകടനം കാഴ്ചവെക്കാന്‍ സംവിധായകന്‍ അവസരം നല്‍കിയിട്ടുമില്ല. പൃഥ്വിരാജിനെയും ഒരുകാര്യവുമില്ലാതെ കഥയിലേക്ക് വലിച്ചിഴച്ചു. രമ്യ നമ്പീശനും പത്മപ്രിയയും ഐറ്റം ഡാന്‍സര്‍ എന്ന നിലയില്‍ ഈ ചിത്രത്തോടെ പേരെടുക്കും. നിത്യാമേനോന്‍ കാഴ്ചയില്‍ സുന്ദരിയാണെങ്കിലും അഭിനയപ്രാധാന്യമുള്ള രംഗങ്ങളില്‍ മെച്ചപ്പെടാനുണ്ട്. 


സംഗീതസംവിധായകന്‍ രാഹുല്‍രാജ് ഒരുക്കിയ ഗാനങ്ങളില്‍ ശ്രേയാഘോഷാലും നിഖിലും പാടിയ 'പാതിരയോ പകലായി' കൊള്ളാം. മറ്റുള്ളവ ചിത്രത്തിന് ചേരുന്നവയെന്നേ പറയാനാവൂ. വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും മോശമല്ല. 


മുന്‍ ചിത്രമായ 'അന്‍വറും' അതിലെ തിരക്കഥാ പോരായ്മകളും സ്ലോ മോഷനും പലരും വിമര്‍ശിച്ചപ്പോഴും അമലിന്റെ ഒപ്പമായിരുന്നു ഞാന്‍. എന്നാല്‍, അവിടെ നിന്ന് 'ബാച്ചിലര്‍ പാര്‍ട്ടി'യിലേക്കുള്ള യാത്രക്കിടെ അദ്ദേഹം തെറ്റുകള്‍ തിരിച്ചറിഞ്ഞില്ല, തിരക്കഥക്ക് ഒരു സിനിമയിലുള്ള പ്രാധാന്യം മനസിലാക്കിയുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കാനുള്ള യോഗ്യതയേ ഈ ചിത്രത്തിനുള്ളൂ. 


ചുരുക്കത്തില്‍ 'ബാച്ചിലര്‍ പാര്‍ട്ടി' എന്ന പേരിനൊത്തൊരു പടം സ്ലോ മോഷനില്‍ തട്ടിക്കൂട്ടി എത്തിച്ചിരിക്കുകയാണിവിടെ. മലയാളി യുവത്വം അത്രക്കങ്ങ് ന്യൂ ജനറേഷന്‍ ആയിട്ടില്ലാത്തതിനാല്‍ ഇത്തരം സൃഷ്ടികള്‍ അമലും സംഘവും ഉദ്ദേശിച്ചത്ര രീതിയില്‍ സ്വീകരിക്കപെടുമോയെന്നും സംശയമാണ്.

CREDITS
MOVIE: BACHELOR PARTY (MALAYALAM)
DIRECTOR, CINEMATOGRAPHER, PRODUCER: AMAL NEERAD
SCRIPT: R.UNNI, SANTHOSH AECHIKKANAM
MUSIC: RAHULRAJ
STARRING: INDRAJITH, ASIF ALI, KALABHAVAN MANI, RAMYA NAMBEESAN, NITYA MENON, PADMAPRIYA, LENA, RAHMAN, VINAYAKAN, AASHISH VIDHYARTHI


bachelor party review, malayalam movie bachelor party, amal neerad, asif ali, indrajith, prithviraj, ramya nambeesan dance, padmapriya song, kalabhavan mani, r.unni, malayalam cinema review, cinemajalakam review

6 comments:

Anonymous said...

അപ്പൊ അതും അങ്ങനെ ആയി..

ശ്രീ said...

സത്യം പറഞ്ഞാല്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.

gopu said...

kashtam thanne . nalennam aayalum padikkilla ennu vechal enthu cheyyum

Rajeev Nair said...

paavanaayi savamaayi!

Anonymous said...

Ollath paranjaal Ramya Nambeesante vayar kandittu vaalu vekkan thonni..

Anonymous said...

ഫഹദ്‌ ഫാസിലിന്റെ വിജയം

മലയാള സിനിമയുടെ മാറ്റങ്ങളെ കുറിച്ചു പറയുമ്പോള്‍ ഏറ്റവും അധികം കേള്‍ക്കുന്ന പേരാണ് ഫഹദ്‌ ഫാസിലിന്റെത്. സംവിധായക പുത്രന്‍ എന്ന ലേബലില്‍ അരങ്ങേറ്റം കുറിച്ച് പരാജിതനായി എങ്കിലും തിരിച്ചു വരവില്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ് അയാള്‍.
ഫഹദിന്റെ വിജയത്തെ കുറിച്ചു ചില നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തട്ടെ.

1. ഫഹദ്‌ ഫാസിലിനെ കണ്ടാല്‍ ശരിക്കും ഒരു സായിപ്പ്‌ ലുക്ക്‌ ഉണ്ട്.
2. അയാളുടെ ഡയലോഗ് ഡെലിവറി ശ്രദ്ധിച്ചാലും ഒരു സായിപ്പ്‌ മലയാളം പറയുന്ന പോലെയാണ്.
3. അയാളുടെ തൊലി വെളുപ്പ്‌ ഏറ്റവും പ്രകടമാകുന്നത് കഷണ്ടിയില്‍ ആണ്.
4. കേരള കഫെ മുതല്‍ ഡയമണ്‍ട് നെക്ലാസ്‌ വരെ അദ്ദേഹം അഭിനയിച്ച് വിജയിച്ച കഥാപാത്രങ്ങള്‍ എല്ലാം നന്നായി / കൂടുതലായി ഇംഗ്ലീഷ് സംസാരിക്കുന്നവ ആയിരുന്നു.
5. അദ്ദേഹം അവതരിപ്പിച്ചു വിജയിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം നവ നാഗരികതയുടെ യുവത്വത്തിന്റെ പ്രതീകങ്ങള്‍ ആണ്.

മലയാളിയുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഇംഗ്ലീഷ് ഭാഷയോടും സംസ്കാരത്തോടും ഉള്ള വിധേയത്ത്വത്തിന്റെ പ്രതിഫലനമാണ് ഫഹ്ടിന്റെ വിജയം. ഇതേ വിധേയത്ത്വം കൊണ്ട് തന്നെയാണ് കിങ്ങും കമ്മീഷണറും ഇംഗ്ലീഷ് ഡയലോഗ് പറയുമ്പോള്‍ അര്‍ഥം അറിയാഞ്ഞിട്ടും മലയാളി കയ്യടിച്ചത്. പക്ഷെ അവരിലോന്നും കാണാത്ത പൂര്‍ണത ഇംഗ്ലീഷ് ഭാഷ / സംസ്കാരത്തിന്‍റെ കാര്യത്തില്‍ ഫഹദിനു ഉണ്ട്. ചുരുക്കത്തില്‍ ഇടക്കിടെ ഇംഗ്ലീഷ് പറഞ്ഞിരുന്ന രഞ്ജി പണിക്കര്‍ കഥാപാത്രങ്ങലില്‍ നിന്നും രഞ്ജിനി ഹരിദാസിലൂടെ കടന്നു വന്ന പരിണാമശൃംഖലയിലെ അവസാന കണ്ണി മാത്രമാണ് ഫഹദ്‌. മലയാളിയുടെ ഇംഗ്ലീഷ് ദാഹത്തിനു ശരീരം കൊണ്ടും, സംസാരം കൊണ്ടും, അഭിനയം കൊണ്ടും തൃപ്തി പകരാന്‍ കഴിയുന്നു എന്നതാണ് ഫഹടിന്റെ വിജയ രഹസ്യം.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.