Thursday, August 25, 2016

ലാലും മീനാക്ഷിയുമായി 'ഒപ്പ'ത്തിലെ ഗാനമിറങ്ങി


ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ 'ഒപ്പ'ത്തിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. എം.ജി. ശ്രീകുമാറും ബേബി ശ്രേയ ജയദീപുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം പ്രേക്ഷകരുടെ ചുണ്ടില്‍ തത്തിക്കളിക്കുകയാണ്.

ഗാനരംഗത്ത് എത്തുന്നത് മോഹന്‍ലാലും ബേബി മീനാക്ഷിയുമാണ്. മോഹന്‍ലാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അനായാസമായാണ് ഒരു അന്ധന്റെ ശൈലികള്‍ ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 

'അമര്‍ അക്ബര്‍ അന്തോണി'യിലെ 'ഇന്നുഞാനെന്റെ മുറ്റത്ത്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മീനാക്ഷിയുടെ ഈ ഗാനത്തില്‍െ പ്രകടനവും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ഫോര്‍ മ്യൂസിക്‌സ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണനാണ് ഗാനരചന.

കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട അന്ധനായ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം സ്വയം ഇറങ്ങിത്തിരിക്കുന്നതാണ് കഥാതന്തു.

ചിത്രത്തിലെ  'മിനുങ്ങും മിന്നാമിനുങ്ങേ' ഗാനത്തിന്റെ വീഡിയോ ഇവിടെ കാണാം...


കമലഹാസന് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത്


ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ പുരസ്‌കാരം നേടിയ പ്രശസ്ത നടന്‍ കമല്‍ഹാസനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.  

ബഹുമുഖ പ്രതിഭയിലൂടെ ഇന്‍ഡ്യന്‍ സിനിമയെ ലോക സിനിമയുടെ  നെറുകയില്‍ എത്തിച്ചതിനാലാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ  ലീജിയന്‍ ഓഫ് ഹോണര്‍ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ സിനിമയുടെ  അഭിമാനം അതിരുകളില്ലാതെ ചക്രവാളത്തിലേക്ക് ഉയര്‍ത്തുന്നതിന് ഈ അവാര്‍ഡിന് സാധിച്ചു.  

ഈ പുരസ്‌കാരം ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സമര്‍പ്പിച്ചത് വഴി  താങ്കളുടെ  വിനയമാണ് പ്രകടമാകുന്നത്.  കേരളത്തിലെ  മുഴുവന്‍ ജനങ്ങളുടെയും പേരില്‍ ഞാന്‍ അങ്ങയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു - കമലഹാസന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

kerala chief minister, kamal hasan, chevalier, award, kerala, filmnews

Monday, August 22, 2016

സിനിമയില്‍ 50 ആണ്ട്: അടൂരിന് കെ.എസ്.എഫ്.ഡി.സിയുടെ ആദരം


ലോക സിനിമയിലെ ജീവിക്കുന്ന ഇതിഹാസങ്ങളിലൊരാളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. അടൂരിന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാണ്ട് തികയ്ക്കുന്ന പശ്ചാത്തലത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ആദരം ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വയംവരം' എന്ന സിനിമയിലൂടെ ഇരുപത്തഞ്ചാം വയസിലാണ് അടൂര്‍ സിനിമയില്‍ തന്റെ വരവറിയിച്ചത്. ചലച്ചിത്ര രംഗത്ത് മൗലികമായ കാഴ്ചപ്പാടിനാല്‍ അതികായനായിത്തീര്‍ന്ന അടൂര്‍ അന്‍പത് വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് ഫീച്ചര്‍ ഫിലിമുകള്‍ ലോക സിനിമയ്ക്ക് സംഭാവന ചെയ്തു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോ ഇന്ത്യയിലെ മികച്ച സ്റ്റുഡിയോ ആക്കി മാറ്റിയത് അടൂരിന്റെ കഠിനപ്രയത്‌നത്താലാണ്. സിനിമകള്‍ വൈഡ് റിലീസ് ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.  'പിന്നെയും' എന്ന സിനിമയുടെ വൈഡ് റിലീസിങ്ങിലൂടെ അത് സാധ്യമായിരിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സൃഷ്ടാവായിരുന്നു അടൂര്‍. ചിത്രലേഖയുടെ ഫിലിം സുവനീറും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് മന്ത്രി ഓര്‍മ്മിച്ചു. അടൂരിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉപഹാരം മന്ത്രി നല്‍കി.

മലയാള സിനിമയുടെ സമഗ്രവികസനത്തിന് ആവശ്യമായതെല്ലാം സര്‍ക്കാര്‍  ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.  കഴിഞ്ഞ ബജറ്റില്‍ ചിത്രാഞ്ജലിയുടെ നവീകരണത്തിനായി ഇരുപത്തിയഞ്ച് കോടി രൂപ  നീക്കിവച്ചിട്ടുണ്ട്. സാംസ്‌കാരിക രംഗത്തെ വിശിഷ്ട സേവന് കാഴ്ചവച്ചവരുടെ  ഓര്‍മ്മ നിലനിര്‍ത്താന്‍ ഓരോ ജില്ലയിലും അവരുടെ  ദേശങ്ങളില്‍ അന്‍പത് കോടി രൂപ ചെലവില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ കെ.എസ്.എഫ്.ഡി.സി.യുടെ തീയേറ്ററുകള്‍ തുടങ്ങണമെന്ന് ആദരവിന് നന്ദി രേഖപ്പെടുത്തവേ അടൂര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അടൂരിന്റെ ആദ്യകാല ചിത്രങ്ങളില്‍ അഭിനയിച്ച  ജലജ, എം.ആര്‍. ഗോപകുമാര്‍, ജോണ്‍ സാമുവല്‍, നന്ദു, സോനാ നായര്‍ തുടങ്ങിയവരും ചലച്ചിത്ര രംഗത്തെ പ്രമുഖരും ആദരമര്‍പ്പിച്ചു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, പിന്നെയും എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ബേബി മാത്യു സോമതീരം, ക്യാമറാമാന്‍ വേണു, കെ.എസ്.എഫ്.ഡി.സി എം.ഡി ദീപ ഡി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Adoor, Pinneyum, kavya madhavan, dileep, adoor gopalakrishnan, a.k. balan, malayalam cinema, movie reivews, pinneyum review

Tuesday, December 16, 2014

iffk2014: fifth day schedule അഞ്ചാംദിനം; വിദൂഷകനും വാസ്തുപുരുഷും ദൃശ്യവിരുന്നാകും


മേളയുടെ അഞ്ചാം ദിനമായ ഇന്ന് (ഡിസം.16) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 46 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി സഞ്ജയന്റെ ജീവിതം തിരശീലയിലെത്തിച്ച ചിത്രം 'വിദൂഷകന്‍' ഇന്ന് ആദ്യപ്രദര്‍ശനത്തിനെത്തും. കൈരളിയില്‍ രാവിലെ ഒമ്പതിനാണ് പ്രദര്‍ശനം. മറാത്തി ജീവിത പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സുമിത്രാഭാവെയുടെ വാസ്തുപുരുഷ് വൈകിട്ട് 6.45ന് ശ്രീവിശാഖില്‍ പ്രദര്‍ശിപ്പിക്കും.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ മുഹമ്മദ് കോയ സംവിധആനം ചെയ്ത 'ആലിഫ് ആദ്യപ്രദര്‍ശനത്തിനെത്തും. മതവും പുരുഷ മേല്‍ക്കോയ്മയും പ്രമേയമാകുന്ന ചിത്രം 35 കാരിയായ ഫാത്തിമയുടെ സംഘര്‍ഷഭരിതജീവിതത്തെക്കുറിച്ച് പറയുന്നു. പരിഷ്‌കൃതമെന്ന് സ്വയം അവകാശപ്പെടുന്ന സമൂഹത്തിന്റെ യുക്തിക്കു നിരക്കാത്ത ചെയ്തികളിലേക്ക് ചിത്രം വിരല്‍ചൂണ്ടുന്നു..
കണ്ടംപറ റി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഡാനിസ് തനോവിക്കിന്റെ 'ഐസ് ഓഫ് വാര്‍', ഹണി അബു ആസാദിന്റെ 'പാരഡൈസ് നൗ' എന്നീ ചിത്രങ്ങള്‍ ആദ്യപ്രദര്‍ശനത്തിനെത്തും. ഹണി അബു ആസാദിന്റെ 'ഐസ് ഓഫ് വാര്‍' ശക്തമായ ചിത്രങ്ങളിലൊന്നാണ്. യുദ്ധം മനുഷ്യഹൃദയങ്ങളിലുണ്ടാക്കുന്ന ചുഴികളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
മനുഷ്യബോംബായി പൊട്ടിച്ചിതറാന്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് 'പാരഡൈസ് നൗ'. ലോകസിനിമാവിഭാഗത്തില്‍ ഇന്ന് 18 ചിത്രങ്ങള്‍. യഥാര്‍ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലൊരുക്കിയ ചിത്രമാണ് 'നോ വണ്‍സ് ചൈല്‍ഡ്'. ചെന്നായ്ക്കള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന ഒരു ബാലനെ കണ്ടെത്തി മനുഷ്യര്‍ക്കിടയിലേക്ക് പറിച്ചുനാടാന്‍ ശ്രമിക്കുന്ന കുറച്ചുപേരുടെ കഥയാണിത്.

പതിനൊന്നുകാരിയായ ആഞ്ചെലിക്കി പറന്നാള്‍ ദിനത്തില്‍ ബാല്‍ക്കണിയില്‍നിന്നും ചാടിമരിക്കുന്നു. ആത്മഹത്യയാണോ അപകടമരണമാണോ എന്ന് തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴങ്ങുന്നു. പക്ഷെ മരിച്ചുകിടക്കുമ്പോഴും അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ട്. നിഗൂഡതകള്‍ ചുരുള്‍നിവരുകയാണ് അലക്‌സാണ്ട്രോസ് അവ്‌റാനാസിന്റെ 'മിസ് വയലന്‍സി'ല്‍. തുര്‍ക്കി സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും കഥപറയാന്‍ 'പണ്ടോറാസ് ബോക്‌സും' ഇന്നെത്തും.

iffk, iffk2014, iffk fifth day schedule, international film festival of kerala

iffk2014: ഫിലിം പ്രിന്റ് ഉപയോഗിച്ച് 18 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും


ചലച്ചിത്രമേളയില്‍ പരമ്പരാഗത ഫിലിം പ്രിന്റ് സംവിധാനത്തില്‍ 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിജിറ്റലൈസ് ചെയ്തിട്ടില്ലാത്ത പഴയകാല ചിത്രങ്ങളാണ് ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ തവണ 45 ചിത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പകുതിയോളവും പഴയകാല സിനിമകളാണ് മറ്റ് വിഭാഗങ്ങളിലെ എല്ലാ സിനിമകളും ഡിജിറ്റല്‍ സംവിധാനം വഴി പ്രദര്‍ശിപ്പിക്കും.

iffk2014, iffk, international film festival of kerala, digital cinema, malayalam cinema

iffk2014: കേരളത്തില്‍ രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിട്ടില്ല: രഞ്ജിത്ത്

RANJITH AND SAJIN BABU

കേരളത്തില്‍ ശരിയായ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ഞാന്‍ എന്ന തന്റെ ചിത്രവും വ്യത്യസ്തമല്ല. സ്വന്തമായ ചെറിയ ഇടങ്ങളില്‍ സാമൂഹ്യ ഇടപെടല്‍ നടത്തി ആരുമറിയാതെ കടന്നുപോയവരുടെ പ്രതിനിധിയായാണ് ഞാനിലെ മുഖ്യകഥാപാത്രം. രാഷ്ട്രീയ മേല്‍വിലാസത്തോടെ വന്നിട്ടുള്ള മിക്ക ചിത്രങ്ങളും ശരിയായ പൊളിറ്റിക്കല്‍ ഇഷ്യുകള്‍ ചര്‍ച്ച ചെയ്തിട്ടില്ല. മൂല്യമുള്ളവരും മൂല്യമില്ലാത്തവരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥമാത്രമാണ് രാഷ്ട്രീയ സിനിമകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സിനിമയ്ക്കുള്ള മെറ്റീരിയലായി രാഷ്ട്രീയത്തെ ഉപയോഗിക്കേണ്ടതില്ല. ചലച്ചിത്രമേളയോടനുബന്ധിച്ച് ഹൈസിന്തില്‍ സംഘടിപ്പിച്ച പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

അണുകുടുംബത്തിലേക്ക് ചുരുങ്ങിയപുതുതലമുറയ്ക്ക് ബന്ധങ്ങളുടെ വൈപുല്യവും ആഴവും അപരിചിതമായോയെന്ന് തോന്നാറുണ്ട്. വലിയമ്മ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയായി ഇന്നത്തെ തലമുറയിലെ മിക്കവര്‍ക്കും തോന്നാത്തത് ഇത്തരം അകന്നു പോകലുകളുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയെന്ന സ്വപ്നത്തിന്റെ പിറകേയുള്ള നിരന്തര യാത്രകളുടെ ഫലമാണ് അസ്തമയം വരെയെന്ന തന്റെ ചിത്രമെന്ന് യുവസംവിധായകന്‍ സജന്‍ ബാബു പറഞ്ഞു. 120ഓളം ലൊക്കേഷനുകളിലായി രണ്ടര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഇതുവരെയെത്തി. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഫിലിം ഫെസ്റ്റിവലുകള്‍ കണ്ടപ്പോഴത്തെ കയ്പും മധുരവും കലര്‍ന്ന അനുഭവങ്ങളും സജന്‍ബാബു പങ്കു വച്ചു.

യാഥാസ്ഥിതിക ഇറാനിയന്‍ സമൂഹത്തിനും ഭരണവര്‍ഗത്തിനും നേരെ പിടിച്ച കണ്ണാടിയാണെന്ന് തന്റെ സിനിമകളെന്ന് 'ഒബ്ലീവിയന്‍ സീസണി'ന്റെ സംവിധായകന്‍ അബ്ബാസ് റാഫി പറഞ്ഞു. ലൈംഗിക തൊഴിലാളിയുടെ കഥപറയുന്ന ചിത്രം ഇറാനില്‍ ഉപജീവനത്തിനായി ലൈംഗിക തൊഴില്‍ ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ കഥ പറയുന്നു. ചിത്രത്തിലെ ജീവിതാവസ്ഥകള്‍ ഇറാന്റെ മാത്രംപ്രശ്‌നമല്ല.ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ ഇത് നേരിടുന്നു. മത്സരവിഭാഗത്തിലെ ഫ്രഞ്ച് ചിത്രമായ 'ദേ ആര്‍ ദി ഡോഗ്‌സ്' എന്ന ചിത്രത്തിലെ നടന്‍ ഇമ്ദ് ഫിജാജ്, ഫെസ്റ്റിവല്‍ പ്രോഗ്രാം ഡയറക്ടര്‍ ഇന്ദുശ്രീകണ്ഠ് , ദ്വിഭാഷികള്‍ എന്നിവര്‍ പ്രസ്മീറ്റില്‍ പങ്കെടുത്തു.

iffk2014, iffk, international film festival of kerala, malayalam cinema
 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.