Wednesday, January 5, 2011

Karayilekku oru kadal dooram Review: കാല്‍പനികതയില്‍ നിന്ന് പ്രേക്ഷകരിലേക്കുള്ള ദൂരം

ഒരു എഴുത്തുകാരന്റെയും അയാളെ സ്വാധീനിച്ച സ്ത്രീകളുടെയും ജീവിതമാണ് 'കരയിലേക്ക് ഒരു കടല്‍ദൂരം' എന്ന ചിത്രത്തില്‍ സംവിധായകന്‍ വിനോദ് മങ്കര പറയാന്‍ ശ്രമിക്കുന്നത്. നായകന്റെ പ്രണയസങ്കല്‍പങ്ങളില്‍ നിന്ന് മരണത്തിലേക്കുള്ള ദൂരം  അളക്കാന്‍ കാല്‍പനികമായ ഒരു പശ്ചാത്തലമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അനൂപ് ചന്ദ്രന്‍ (ഇന്ദ്രജിത്ത്) ഇന്ന് ലോകമറിയുന്ന സാഹിത്യകാരനാണ്. ഒരിക്കല്‍ അയാള്‍ തന്റെ മരണം സ്വപ്നം കാണുന്നു, അനനുമുതല്‍ അയാള്‍ അതിനെ നേരിടാന്‍ തയാറെടുക്കുന്നതാണ് കഥാഗതി. അനൂപിന്റെ ജീവിതം വിശദീകരിക്കുന്നത് അയാളെ സ്വാധീനിച്ച നാലു സ്ത്രീകളിലൂടെയാണ്.

 1, ദേവി- കുട്ടിക്കാലം മുതല്‍ നടക്കാനിരിക്കുന്ന സംഭവങ്ങള്‍ അറിയിക്കുന്ന ദേവി. അത് തറവാട്ടുമച്ചിലെ ദൈവസാന്നിധ്യമോ മനസിലെ ആറാമിന്ദ്രിയമോ എന്തുമാകാം. 2, സത്യഭാമ- അനൂപിന്റെ ജീവിതം പ്രണയാതുരവും കാല്‍പനികവുമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവള്‍. കോളജിലെ കളിക്കൂട്ടുകാരിയും പ്രണയിനിയും. പിന്നീടെപ്പോഴോ വിട്ടകന്നവള്‍. 3. മീര- ഏതൊരു മനുഷ്യനെയും പോലെ ജീവിതത്തിലെ വഴിത്തിരിവുമായി ഭാര്യയായി എത്തിയവള്‍. പക്ഷേ, അവനെ അറിയാനാകാത്ത അവള്‍ക്ക് പറയാനെന്നുമുണ്ടായിരുന്നത് പരിഭവങ്ങള്‍ മാത്രം. 4, ഗാഥ- വിഖ്യാത നര്‍ത്തകി, ഇന്നത്തെ ജീവിതത്തില്‍ അനൂപിന്റെ ആശ്വാസം, പ്രണയിനി, മനസ്സിനൊരു കൈത്താങ്ങ്. കാമുകന്റെ നഷ്ടപ്രണയിനിയെ തേടാന്‍ കൂടെ കൂടിയവള്‍. 

പലപ്പോഴും പ്രേക്ഷകര്‍ക്ക് ഭാമയും അനൂപുമായുണ്ടായിരുന്ന നഷ്ടണ്രയം വ്യക്തമാകുന്നത് ഗാഥയുമായുള്ള അനൂപിന്റെ സംഭാഷണങ്ങളില്‍ നിന്നാണ്. ഗാഥ (മംമ്ത മോഹന്‍ദാസ്) അനൂപിനൊപ്പം പ്രണയിനിയെ തേടി അയാളുടെ നാട്ടിലുമൊരിക്കലെത്തുന്നു. എന്നിട്ടും അവര്‍ക്ക് ഭാമയെപ്പറ്റി ഒന്നും കണ്ടെത്താനാവുന്നില്ല. ഒടുവില്‍ മരണത്തെ നേരിടാന്‍ അനൂപൊരുക്കിയ നോവലിലൂടെ ഗാഥയും പലതും തിരിച്ചറിയുന്നിടത്ത് കഥ തീരുന്നു. 

അനൂപ്- ഭാമ പ്രണയമാണ് ചിത്രത്തിന്റെ ആണിക്കല്ലായി സംവിധായകന്‍ പറയാനുദ്ദേശിച്ചത്.ഇതിനായി ഒരുപാട് സമയം ചെലവാക്കുന്നുമുണ്ട്. ഇതില്‍ ചില രംഗങ്ങള്‍ ഹൃദ്യവുമാണ്. വിഷയവും സമീപനവും നന്നായെങ്കിലും ഈ ബന്ധമുള്‍പ്പെടെ അനൂപിന്റെ വൈകാരികമായ അനുഭവങ്ങള്‍ ആഴത്തില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന് എവിടെയൊക്കെയോ പിഴക്കുന്നുണ്ട്. ചിത്രം കൂടുതല്‍ കാല്‍പനികമാക്കാന്‍ ശ്രമിച്ചത് സാധാരണ പ്രേക്ഷകരെ അകറ്റിയേക്കും. ഇടവേളക്ക് ശേഷം അല്‍പം ഇഴച്ചിലും അനുഭവപ്പെടും.

എന്‍.വിയും സച്ചിതാനന്ദനും വിനോദ് മങ്കരയും ചേര്‍ന്നെഴുതിയ ഗാനങ്ങളും എം.ജയചന്ദ്രന്റെ സംഗീതവും ഇമ്പമുള്ളതാണ്. ഗാനചിത്രീകരണവും ഹൃദ്യമാണ്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ ഗാനങ്ങള്‍ ആവശ്യമില്ലാതിരുന്നിട്ടും അഞ്ചോളം ഗാനങ്ങള്‍ തിരികിക്കയറ്റിയിട്ടുണ്ട്.

നായികമാരില്‍ മംമ്തയും ധന്യ മേരി വര്‍ഗീസും മികച്ചുനിന്നു. ഇന്ദ്രജിത്തും അനൂപിനെ മോശമാക്കിയില്ല. 

മൊത്തത്തില്‍, മനോഹരമായ പ്രമേയമാണെങ്കിലും തിരക്കഥക്കും അവതരണത്തിനും പൂര്‍ണമായി നീതി പുലര്‍ത്താനാവാത്തതാണ് 'കരയിലേക്ക് ഒരു കടല്‍ ദൂരത്തി'ന്റെ ന്യൂനത. എങ്കിലും നല്ല ചിത്രത്തിനായുള്ള  ശ്രമമെന്ന നിലയില്‍ വിനോദ് മങ്കര കൈയടി അര്‍ഹിക്കുന്നു.

-Review by Aashish 

karayilekku oru kadal dooram review, karayilekku oru kadal dooram, cinemajalakam review, indrajith, vinod mankara, m jayachandran, mamtha mohandas, sarayu, dhanya mary varghese, malayalam film review


0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.