Sunday, January 2, 2011

Marykkundoru kunjadu Review: നിഷ്കളങ്കന്‍ ഈ കുഞ്ഞാട്

പറഞ്ഞുകേട്ട കഥകളുടെ ആവര്‍ത്തനമാണെങ്കിലും ദിലീപ് -ഷാഫി- ബെന്നി പി നായരമ്പലം ടീമില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഏറെക്കുറെ നല്‍കാനായതാണ് 'മേരിക്കുണ്ടൊരു കുഞ്ഞാടി'നെ ശ്രദ്ധേയമാക്കുന്നത്. ഇതേ ടീമിന്റെ 'കല്യാണരാണന്റെ' അത്ര വരില്ലെങ്കിലും കുടുംബസമേതം നര്‍മചിത്രം കാണുന്നവര്‍ക്ക് തെരഞ്ഞെടുക്കാം എന്നുള്ളതാണ് ചിത്രത്തിന് ഗുണമാകുന്നത്.

കുഞ്ഞാട് എന്ന് നാട്ടിലാകെ വിളിപ്പേരുള്ള സോളമന്‍ (ദിലീപ്) ആളൊരു മടിയനും പേടിത്തൊണ്ടനുമാണ്. സിനിമാ മോഹം തലക്കുപിടിച്ചിട്ടുണ്ടെങ്കിലും സംവിധായകന്‍ ആകാന്‍ മിനക്കെട്ടിറങ്ങാനോ അധ്വാനിക്കാനോ ഒന്നും അയാള്‍ക്ക് വയ്യ. നാട്ടിലെ കപ്യാരുടെ (വിജയരാഘവന്‍) മകനായ സോളമന്‍ പണക്കാരനായ ഇട്ടിച്ചന്റെ(ഇന്നസെന്റ്) മകള്‍ മേരിയുമായി (ഭാവന) പ്രണയത്തിലാണ്. 

ഇതിന്റെ പേരില്‍ തന്നെ അവളുടെ ആങ്ങളമാരുടെ കൈയില്‍ നിന്ന് ദിവസവും വേണ്ടപോലെ ഇടിവാങ്ങി കൂട്ടാറുമുണ്ട്. (നാട്ടില്‍ എല്ലാവരും ചെണ്ട പോലെ അടി നല്‍കുന്നതുകൊണ്ട് സോളമന് അതൊരു വിഷയവുമല്ല). സോളമന്റെ പേടി മാറ്റാന്‍ മേരി പലശ്രമങ്ങളും നടത്തുമെങ്കിലും ഫലവത്താകുന്നില്ല. 

അതിനിടെ നാട്ടില്‍ എങ്ങനെയോ എത്തിപ്പെടുന്ന ഒരാളെ (ബിജു മേനോന്‍) സോളമനും കുടുംബവും പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷിക്കുന്നു. ശക്തനായ അയാള്‍ ഒരു ഘട്ടത്തില്‍ തല്ലില്‍ നിന്ന് സോളമനെ രക്ഷിക്കുന്നു. ഇതേത്തുടര്‍ന്ന് അയാള്‍ നാടുവിട്ടുപോയ തന്റെ ജ്യേഷ്ഠന്‍ ജോസ് ആണെന്ന് സോളമന്‍ നാട്ടില്‍ പരിചയപ്പെടുത്തുന്നു. പിന്നീടങ്ങോട്ട് ജോസേട്ടന്റെ ബലത്തില്‍ പേടികൂടാതെ സോളമന്‍ നാട്ടില്‍ തലയുയര്‍ത്തി നടക്കുന്നു. അതിനിടെ ജോസിനെക്കുറിച്ച് ചില വിവരങ്ങള്‍ സോളമന്‍ അറിയുന്നു.  അതേത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ഇടവേളാനന്തരം.

ചിത്രത്തിലെ എറ്റവും വലിയ മേന്‍മ ദിലീപ് താരജാഡകളൊന്നും കാണിക്കാന്‍ ശ്രമിച്ച് വൃത്തികേടാക്കിയിട്ടില്ല എന്നതു തന്നെയാണ്. അടുത്തിടെ വന്ന ദിലീപ് ചിത്രങ്ങളിലൊക്കെ ഒരു താരമാണെന്ന് തോന്നിക്കാന്‍ അദ്ദേഹം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു. തന്റെ റേഞ്ചില്‍ നിന്നുള്ള കളിയായതിനാല്‍ കുഞ്ഞാട് സോളമനെ വൃത്തിയായി അവതരിപ്പിക്കാന്‍ ദിലീപിനായി. 

എടുത്തുപറയേണ്ട വേഷം ബിജുമേനോന്റെ ജോസേട്ടനാണ്. ഡയലോഗ് വളരെ കുറവാണെങ്കിലും ശരീര ഭാഷ കൊണ്ട് നന്നായി സംവദിക്കുന്ന വേഷം. ബിജു മേനോന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത വേഷം അദ്ദേഹം ഗംഭീരമാക്കി. 

മറ്റു താരങ്ങളായ ഇന്നസെന്റ്, സലീംകുമാര്‍, വിജയരാഘവന്‍, വിനയപ്രസാദ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ വേഷം മോശമാക്കിയില്ല. 

സംവിധാനം, തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ഷാഫിയും ബെന്നിയും തങ്ങളുടെ മുന്‍ ചിത്രങ്ങളായ ലോലിപോപ്പ്, ചട്ടമ്പിനാട് എന്നീ ചിത്രങ്ങളില്‍ വരുത്തിയ പിഴവുകള്‍ തിരുത്തിയിട്ടുണ്ട്. എങ്കിലും ക്ലീഷേ ഫോര്‍മാറ്റില്‍ നിന്നുള്ള മാറ്റം പ്രതീക്ഷിച്ചാല്‍ നിരാശരാകും. 

കോമഡി ചിത്രങ്ങളുടെ സ്ഥിരം ചേരുവയായ അശãീല തമാശകള്‍ പാടെ ഒഴിവാക്കിയിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. 
ഗാനങ്ങള്‍ രചനയും സംഗീതവും ശരാശരിയില്‍ താഴെയാണ്. എങ്കിലും ഇത്തമൊരു ചിത്രത്തില്‍ കാണുമ്പോള്‍ മുഷിപ്പിക്കില്ല. 

മൊത്തത്തില്‍, കുടുംബത്തോടൊപ്പം കാണാവുന്ന ആസ്വദിക്കാവുന്ന ചില നര്‍മങ്ങളൊക്കെയുള്ള ഒരു ദിലീപ് ചിമ്രാണ് 'മേരിക്കുണ്ടൊരു കുഞ്ഞാട്'.

- Review by Aashish

marykkundoru kunjaadu, dileep, marykkundoru kunjaadu review, cinemajalakam review, bhavana, shafi, benny p nayarambalam, vyshak rajan, malayalam film reviews

2 comments:

Arun said...

super film...

Manoj T said...

ഈ വര്ഷം നന്നായി സ്കോര്‍ ചെയ്ത നായകന്‍ ദിലീപ് തന്നെ എന്ന് പറയാം. മോശം പടങ്ങള്‍ പോലും ബോക്സ്‌ ഓഫീസില്‍ നല്ല പ്രതികരണം ഉണ്ടാക്കി. അപ്പോള്‍ ശരാശരിക്കു മുകളില്‍ ഉള്ള ഈ പടം വിജയിച്ചതില്‍ അത്ഭുതം ഇല്ല..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.