Tuesday, November 30, 2010

Film review- The thriller: ശരാശരി ത്രില്ലര്‍

കേരളത്തില്‍ അടുത്തിടെ നടന്ന പ്രമാദമായ ഒരു കൊലപാതകം പ്രചോദമായാണ് ബി. ഉണ്ണികൃഷ്ണന്‍ 'ദി ത്രില്ലര്‍' രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ അദ്ദേഹം തന്നെ പറഞ്ഞതു കടമെടുത്താല്‍ ലോകത്തെവിടെയും കുറ്റന്വേഷണ കഥകള്‍ക്ക് ഒരേ ഫോര്‍മാറ്റാണ്. അതു 'ദി ത്രില്ലറി'ന്റെ പശ്ചാത്തലത്തില്‍ നമ്മളൊന്ന് പറിച്ചു നട്ടാല്‍ ഉണ്ണികൃഷ്ണന്‍ ഏത് പോലീസ് ചിത്രമെടുത്താലും ഒരേ ഫോര്‍മാറ്റിലാണെന്ന് മാറ്റി വായിക്കേണ്ടിവരും. ഒട്ടേറെ സുരേഷ് ഗോപി, മമ്മൂട്ടി ചിത്രങ്ങളില്‍ നമ്മള്‍ കണ്ട പോലീസ് കഥക്ക് പുതിയൊരു സംഭവത്തിന്റെ ഛായ പകര്‍ന്നുനല്‍കി പൃഥ്വിരാജിനെ നായകനാക്കി എന്നതു മാത്രമാണ് സംവിധായകന്റെ സംഭാവന. 

പാലത്തിങ്കല്‍ ഗ്രൂപ്പ് എന്ന വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഇളമുറക്കാരന്‍ സൈമണ്‍ പാലത്തിങ്കല്‍ നടുറോഡില്‍ അര്‍ധരാത്രി കൊല്ലപ്പെടുന്നതും അതേത്തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംഭവം നടന്നയുടന്‍ കൃത്യസ്ഥലത്ത് യാദൃശ്ചികമായി എത്തിപ്പെടുന്ന ഡി.സി.പി നിരഞ്ജന്‍ (പൃഥ്വിരാജ്) ആണ് കേസ് അന്വേഷിക്കുന്നത്. മാര്‍ട്ടിന്‍ ദിനകര്‍ (സമ്പത്ത്) എന്ന മാഫിയാ ഡോണാണ് നിരഞ്ജന്റെ മുന്നില്‍ പലപ്പോഴും അന്വേഷണത്തിന് തടസ്സമായും ഭീഷണിയായും വരുന്ന കഥാപാത്രം. അയാളിലൂടെ തന്നെ ഡി.സി.പി അന്വേഷണവും തുടരുന്നു. മരിച്ച സൈമണ്‍െറ കൂട്ടുകാരിലൂടെയും തന്റെ പഴയ കാമുകി (കാതറിന്‍ തെരേസ)യിലൂടെയും അന്വേഷണം തുടര്‍ന്ന നിരഞ്ജന് ഒടുവില്‍ സത്യം കണ്ടെത്താതിരിക്കാനാവില്ലല്ലോ! 

അന്വേഷണത്തിന്റെ 75 ശതമാനവും സിനിമക്ക് ആധാരമായ യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും കണ്ട വാര്‍ത്തകളുടെയും കഥകളുടെയും പുനരാവിഷ്കാരം തന്നെയാണ്. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമെന്ന കെട്ടുകഥയും, എസ് കത്തിയും ഒപ്പമുണ്ടായിരുന്ന ഗുണ്ടാ നേതാക്കള്‍ നാഗര്‍കോവിലില്‍ ഒളിവില്‍ പോകുന്നതുമൊക്കെ ഇതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ മന:പൂര്‍വം തന്നെ പറയാതെ വിട്ടിട്ടുമുണ്ട്. ക്ലൈമാക്സും സസ്പെന്‍സും മാത്രമാകും സിനിമാറ്റിക് ആയി പറയുന്നത്.

പേര് പോലെത്തന്നെ ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുത്താനുദ്ദേശിച്ച് നിര്‍മിച്ചതാണ്. ഒരു രംഗത്തും ഇഴച്ചില്‍ തോന്നാതെ അത് പറയുന്നുമുണ്ട്. എന്നാല്‍ ഇത്തരം സിനിമകളില്‍ കണ്ട രംഗങ്ങളും സംഭാഷണങ്ങളും അല്ലാതെ എന്തെങ്കിലും പുതുതായി തരാന്‍ സംവിധായകനായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയാനാകൂ. മേലുദ്യോഗസ്ഥന് മുന്നില്‍ ആത്മരോഷം കൊള്ളുന്ന പോലീസ് നായകനും സല്‍ഗുണസമ്പന്നനായി വന്ന് ചതിക്കുന്ന വില്ലനുമൊന്നും കാണാത്തവരല്ല മലയാളികളെന്ന് ഒരിക്കലെങ്കിലും ബി. ഉണ്ണികൃഷ്ണന്‍ ചിന്തിച്ചിട്ടുണ്ടാകില്ല.

ഇതിനൊപ്പം പൃഥ്വിരാജിന്റെ അടുത്തിടെ ശ്രദ്ധേയമായ 'പുതിയ മുഖ'മെന്ന ചിത്രത്തില്‍ കണ്ടതുപോലെ നായകന് അല്‍പം അമാനുഷിക പരിവേഷം ചാര്‍ത്തി അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളിലൊക്കെ ഒരു തമിഴ്, തെലുങ്ക് സ്പര്‍ശം അതുകൊണ്ട് തന്നെ പ്രകടമാണ്. ദോഷം പറയരുതല്ലോ, പൃഥ്വിരാജ് വേഷം മോശമാക്കാതെ ആക്ഷന്‍ ഉള്‍പ്പെടെ മനോഹരമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ തിരക്കഥയൊരുക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്ത പോലീസ് സിനിമകളിലെ പോലെ പാസ്വേര്‍ഡ് അല്ലെങ്കില്‍ കോഡ് നായകന്‍ ഒരിടത്തിരുന്ന് വെള്ള പേപ്പറില്‍ എഴുതിനോക്കി ഈ ചിത്രത്തിലും കണ്ടുപിടിക്കുന്നുണ്ട്. ടൈഗറില്‍ 'legacy' എന്ന പാസ് വേര്‍ഡും 'ഐ.ജി'യില്‍ 'seed' എന്ന കോഡുമായിരുന്നു പോലീസ് നായകന്‍ 'ചുരുളഴിച്ചതെങ്കില്‍' ത്രില്ലറി'ലെത്തുമ്പോള്‍ അത് 'meera spa' എന്നതാണ്.

വില്ലന്‍ കഥാപാത്രത്തിന്റെ പാത്രസൃഷ്ടിയാണ് ചിത്രത്തില്‍ ഏറ്റവും ബാലിശമായുള്ളത്. മൂന്നാം ക്ലാസ് കുട്ടിക്ക് തന്നെ ആദ്യമേ വില്ലനെ ഊഹിക്കാവുന്നതേയുള്ളൂ. (ആദ്യമേ ഒരാളെ ഒരു വശത്ത് കാര്യമില്ലാതെ വളര്‍ത്തികൊണ്ടുവരുമ്പോള്‍ അത് മനസിലായില്ലെങ്കില്‍ അത്രക്ക് ചിന്താശേഷിയില്ലാത്ത ആളായിരിക്കണം). സസ്പെന്‍സ് ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് സംശയിക്കാന്‍ ചുരുങ്ങിയത് രണ്ടു മൂന്നുപേരെയെങ്കിലും നിര്‍ത്തേണ്ടതായിരുന്നു.

ഗാനങ്ങള്‍ മൂന്നുണ്ട് ഈ പോലീസ് ചിത്രത്തില്‍. മൂന്നും കഥക്ക് ആവശ്യമേയില്ല. ധരന്റെ സംഗീതത്തിന് ശരാശരി നിലവാരമാണ്. ആദ്യഗാനം നായകനെ അവതരിപ്പിച്ചു കഴിഞ്ഞയുടന്‍ വരുന്ന ടൈറ്റില്‍ സോംഗാണ്. നായകന്റെ വീരഗുണങ്ങള്‍ കാണിക്കുകയാണ് ഉദ്ദേശ്യം. (വേട്ടയാട് വിളയാടില്‍' കമലഹാസനെ അവതരിപ്പിച്ചു കഴിഞ്ഞയുടനുള്ള ഗാനം ഓര്‍ക്കുക). ഈ ഗാനത്തില്‍ നടി മമ്ത മോഹന്‍ദാസും സാന്നിധ്യമറിയിക്കുന്നുണ്ട്. പിന്നീടുള്ളത് ഒരു ക്ലബ് ഡാന്‍സാണ്. മൂന്നാമത്തേത് നായികക്കൊപ്പം നായകന്റെ പ്രണയഗാനവും. ഈ ഗാനം ഒരു ആല്‍ബമെന്ന നിലയില്‍ ടി.വിയില്‍ കാണാന്‍ മനോഹരമാണ്. 
ഷാന്‍ മോന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം മോശമല്ല. ഭരണി കെ. ധരന്റെ ക്യാമറ ചിത്രത്തിന്റെ സന്ദര്‍ഭങ്ങള്‍ക്ക് ചേരുന്നതാണ്.

ചുരുക്കം പറഞ്ഞാല്‍, 'ദി ത്രില്ലര്‍' അത്രയൊന്നും ത്രില്ലടിപ്പിക്കില്ല, എങ്കിലും പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു തവണ ബോറടിയില്ലാതെ കണ്ടിരിക്കാം.

- review by Aashish

the thriller trailor


the thriller- song- priyankarithe thriller review, the thriller, b. unnikrishnan, prithviraj, katherine theresa, mamtha mohandas, sabu cheriyan, cinemajalakam review, malayalam film the thriller review.

2 comments:

Sarath said...

when will malayalam film learn themselves?

Arun said...

prithvi in good form..
thanks for review

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.