Wednesday, December 1, 2010

Guzaarish review: ഗുസാരിഷ് മനോഹരം

സഞ്ജയ് ലീലാ ബന്‍സാലി ചിത്രങ്ങള്‍ എല്ലായ്പ്പോഴും സുന്ദരമായിരിക്കും. കാഴ്ചയുടെ സൌന്ദര്യം അദ്ദേഹത്തിന്റെ കഥാടിത്തറയില്ലാത്ത ചിത്രങ്ങള്‍ക്ക് പോലും ഉറപ്പായിരിക്കും. ആ പ്രതീക്ഷ തെറ്റിക്കുന്നില്ല പുത്തന്‍ ചിത്രമായ 'ഗുസാരിഷും'. എന്നാല്‍ കാഴ്ചയില്‍ മാത്രം ഒതുങ്ങുന്നതല്ല 'ഗുസാരിഷി'ന്റെ സൌന്ദര്യമെന്നതാണ് പ്രത്യേകത. 

ഒരു അപകടത്തെത്തുടര്‍ന്ന് കിടപ്പിലായിപ്പോയ മജീഷ്യനായ ഏഥന്‍ മസ്കരന്‍ഹാസ് (ഋത്വിക് റോഷന്‍) ദയാവധത്തിനായി കോടതിയെ സമീപിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ഏഥന്റെ ഏതാവശ്യത്തിനും ചുറ്റും സുഹൃത്തുക്കളും, കണ്ണിമ ചിമ്മാതെ നോക്കാന്‍ നഴ്സ് സോഫിയ (ഐശ്വര്യാ റായ്)യുമുണ്ട്.  14 വര്‍ഷമായി കിടപ്പിലായിട്ടും പ്രകടിപ്പിക്കാത്ത ആവശ്യം പെട്ടെന്നൊരു ദിനം ഏഥന്‍ അറിയിച്ചപ്പോള്‍ സുഹൃത്തും അഭിഭാഷകയുമായ ദേവയാനി ദത്ത (ഷെര്‍നാസ് പട്ടേല്‍)യും, ഡോക്ടറും സോഫിയയും ഞെട്ടി. 

റേഡിയോ പ്രോഗ്രാമിലൂടെ അനേകായിരങ്ങള്‍ക്ക് പ്രതിസന്ധിയിലും ജീവിതം പോരാടി മുന്നേറാന്‍ ഉപദേശിക്കുന്ന ഏഥന്റെ മനംമാറ്റം ആരാധകര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ അയാളുടേത് കടുത്ത തീരുമാനം തന്നെയായിരുന്നു, എല്ലാം ആലോചിച്ചുറപ്പിച്ച തീരുമാനം. അതുകൊണ്ടുതന്നെ ആവശ്യം സാധിച്ചുകിട്ടാനുള്ള നിയമപോരാട്ടത്തില്‍ ദേവയാനിയും സോഫിയയും ഡോക്ടറും ഉറച്ച മനസ്സോടെ തന്നെ ഏഥനൊപ്പം നിന്നു. ജീവിക്കാന്‍ ഒരാള്‍ക്ക് നിയമം അനുശാസിക്കുന്ന അവസരം പോലെത്തന്നെ മരിക്കാനും അയാള്‍ നിയമപരമായി നടത്തുന്ന പോരാട്ടമാണ് ചിത്രം. എന്നാല്‍ ഇന്ത്യന്‍ നിയമസംവിധാനം ഏഥന്റെ ആവശ്യം എങ്ങനെയായിരിക്കും പരിഗണിക്കുക? ഇതാണ് ചിത്രത്തിന്റെ കഥ. 

വിഷയത്തിന്റെ സങ്കീര്‍ണതയും പ്രസക്തിയും തന്നെയാണ് 'ഗുസാരിഷി'നെ ശ്രദ്ധേയമാക്കുന്നത്. ഒപ്പം അതിന്റെ അവതരണവും. പ്രത്യേകമായി എടുത്തു പറയേണ്ടത് കഥയിലേക്ക് സംവിധായകന്‍ ഇറങ്ങിച്ചെന്ന രീതി തന്നെയാണ്. 
പരമ്പരാഗത ചിട്ടവട്ടങ്ങളും പശ്ചാത്തല വിവരണവും കഥാപാത്ര വിശദീകരണവുമൊക്കെയായി ആദ്യ പകുതി പാഴാക്കി പിന്നീട് കഥയുടെ മര്‍മം അവതരിപ്പിക്കാന്‍ മിനക്കെടാതെ ആദ്യ അഞ്ചു മിനിട്ടുകൊണ്ടു ഏഥന്‍ ആരാണ്, സോഫിയ അയാള്‍ക്കാരായിരുന്നു, ഏഥന്റെ ദയാവധ ആഗ്രഹപ്രകടനം ഒക്കെ പറയാന്‍ ബന്‍സാലിക്കായി. അവതരണവും വിഷയവും കൈകാര്യം ചെയ്ത ശൈലിക്ക് പുറമേ പതിവായി ബന്‍സാലി ചിത്രങ്ങളില്‍ കാണുന്ന സാങ്കേതിക മികവും ദൃശ്യചാരുതയും 'ഗുസാരിഷി'ന് കൂടുതല്‍ നിറമേകുന്നുണ്ട്. 

എന്തെങ്കിലും വൈകല്യമുള്ള കഥാപാത്രത്തെ മുന്‍നിര്‍ത്തി കഥ പറയുന്നത് ബന്‍സാലിയുടെ സിനിമാ ചരിത്രത്തില്‍ ഇതാദ്യമല്ല. 'ബ്ലാക്ക്' എന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയെ നായികയാക്കി ബധിരയും മൂകയുമായ യുവതിയുടെ ആത്മസംഘര്‍ഷങ്ങളും അതിജീവനവും എങ്ങനെ മനോഹരമായി അവതരിപ്പിക്കാമെന്ന് അദ്ദേഹം നേരത്തെ കാണിച്ചു തന്നിട്ടുമുണ്ട്. 

ലളിതമായ ആഖ്യാനവും ഋതിക്കിന്റെയും ഐശ്വര്യയുടേയും അതിഭാവുകത്വമേതുമില്ലാത്ത അഭിനയവും ഈ അവതരണത്തെ മികവുറ്റതാക്കിയിട്ടുണ്ട്. മഴയുള്ള രാത്രിയില്‍ മേല്‍ക്കൂരയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ള ത്തുള്ളികള്‍ തെറ്റിത്തടത്തില്‍ പതിക്കുമ്പോള്‍ അതു തടയാന്‍ കഴിയാനാവാത്ത നായകന്റെ അവസ്ഥ കാട്ടുന്ന രംഗം മാത്രം മതി ചലമറ്റു വര്‍ഷങ്ങളായി കിടക്കയില്‍ കിടക്കുന്ന ഒരാളുടെ അവസ്ഥയും പ്രതിരോധവും  വിശദമാക്കാന്‍. കൂടാതെ കോടതി രംഗങ്ങളും, ഒമര്‍ എന്ന കഥാപാത്രം താനാരെന്ന് വിശദീകരിക്കുന്നതും ക്ലൈമാക്സും ഒക്കെ സംവിധായകനിലെ പ്രതിഭ വെളിവാക്കുന്നു, ഒപ്പം ഇവ ഹൃദയസ്പര്‍ശിയുമാണ്.

എടുത്തുപറയേണ്ടത് ഋതിക്കിന്റെ ഏഥനെന്ന കഥാപാത്രത്തെ കുറിച്ചാണ്. ഏതാണ്ട് മുഴുവന്‍ സമയവും കിടക്കയില്‍ പുതപ്പിനുള്ളില്‍ കിടന്നാണ് ഈ നായകനെ അവതരിപ്പിക്കേണ്ടത് എന്നിരുന്നിട്ടുകൂടി കഥാപാത്രത്തിന്റെ ഭാവങ്ങള്‍ കൃത്വമായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായി. സൂപ്പര്‍ ഹീറോ വേഷങ്ങളും നൃത്തമികവും പലവട്ടം വെള്ളിത്തിരയില്‍ ശ്രദ്ധേയമാക്കിയ ഋതിക്കിന്റെ ഇത്തരമൊരു ഭാവപകര്‍ച്ച മനോഹരമാണ്. 

മുപ്പത്തിയേഴാം വയസ്സിലും 17കാരിയെപ്പോലെ നായകനൊപ്പം ആടിപ്പാടുന്ന കഥാപാത്രങ്ങളില്‍ സജീവമായ ഐശ്വര്യാ റായിക്കും സ്ഥിരം വേഷങ്ങളില്‍ നിന്നുള്ള മോചനമാണ് സോഫിയയെന്ന കഥാപാത്രം. പ്രായത്തെ പക്വതയെയും മാനിക്കുന്ന കഥാപാത്രം ഒരുപക്ഷേ അവര്‍ക്ക് അടുത്തിടെ ലഭിച്ചത് ഇതായിരിക്കും. പക്വമായ കഥാപാത്രമാണെങ്കിലും ശക്തമായി അവതരിപ്പിക്കാനും അവര്‍ക്കായിട്ടുണ്ട്. 

ഐശ്വര്യ -ഋതിക്ക് കെമിസ്ട്രിയും സുന്ദരമാണ്. വൈകാരികത, അത് പ്രണയത്തിന്റെയോ വേദനയുടേയോ ആകട്ടെ, സ്ഥിരം കണ്ണീര്‍ രംഗങ്ങള്‍ ഇല്ലാതെ തന്നെ ഇരുവരും പ്രേക്ഷകരിലെത്തിച്ചു. ഇവരുടെ ആത്മബന്ധം തന്നെയാണ് ചിത്രത്തിന്റെ മര്‍മവും. ഏഥന്‍ എന്ന കഥാപാത്രത്തിന്റെ മാതാവായി ചെറുതെങ്കിലും ശക്തമായ പ്രകടനവുമായി നഫീസാ അലിയും ശ്രദ്ധനേടുന്നുണ്ട്. കിടപ്പിലായ ഏഥനൊപ്പം നിന്ന് മാജിക്ക് പഠിക്കാന്‍ അതിരറ്റ അഭിനിവേശത്തോടെ എത്തുന്ന ഒമര്‍ എന്ന കഥാപാത്രമായി ആദിത്യ റോയ് കപൂറും മികച്ചുനിന്നു.

പതിവ് ബന്‍സാലി ദൃശ്യഭംഗിക്ക് മാറ്റുകൂട്ടുന്ന സംഭാവനയായി സുദീപ് ചാറ്റര്‍ജിയുടെ ക്യാമറ. പതിവുപോലെ സംഗീതത്തിന് ഈ ബന്‍സാലി ചിത്രത്തിലും പ്രാധാന്യമുണ്ട്. സംവിധായകന്റെ ആദ്യ സംഗീത സംരംഭം കൂടിയാണിത്. കഥാഗതിക്ക് അലോസരമുണ്ടാക്കാതെ സംഗീതം ചേര്‍ത്തുവെക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും മ്യുസിക് ആല്‍ബമെന്ന നിലയില്‍ പരിശോധിച്ചാല്‍ മുന്‍ ബന്‍സാലി ചിത്രങ്ങളായ സാവരിയ, ഹം ദില്‍ദേ ചുകേ സനം, ദേവദാസ്, ഖാമോഷി തുടങ്ങിയവയുടെ അടുത്തെങ്ങുമെത്തില്ല ഇതിലെ ഗാനങ്ങള്‍.  

മൊത്തത്തില്‍, 'ഗുസാരിഷ്' സുന്ദരമായൊരു ദൃശ്യാനുഭവമാണ്. ഹൃദയസ്പര്‍ശിയും. ബോക്സ് ഓഫീസ് പ്രതികരണം എങ്ങനെയാവുമെന്ന് ഉറപ്പുപറയാനാവില്ലെങ്കിലും ബന്‍സാലി ചിത്രങ്ങളില്‍ മികച്ചത് ഇതുതന്നെയെന്ന് ഉറപ്പിക്കാം. 


- review by Aashish




guzaarish trailor


guzaarish, guzaarish review, hrithik roshan, aishwarya rai, guzaarish malayalam review, guzaarish hindi film, guzaarish cinemajalakam review

3 comments:

Sarath said...

beautiful film...desrves a hit

Admin said...

Dude, Have u ever heard of a Latin American film Called "Mar Adentro" ?? Guzarish director Sanjay copied the essence of that film and converted it for the Indian audience. U should give credit to Director Alejandro Amenabar if u liked Guzarish.

vipanchika said...

👍👍👍👍👍👍👏👏👏👏😍😍😍😍👌👌👌

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.