Sunday, August 29, 2010

film review 'Neelambari': നഷ്ടപ്പെട്ട നീലാംബരി


ഹരിനാരായണന്റെ രണ്ടാമത്തെ ചിത്രമായ നീലാംബരി പറയുന്നത് പതിവ് ത്രികോണപ്രണയമാണ്. സംഗീത പശ്ചാത്തലവും അഗ്രഹാരവുമൊക്കെ കടന്നു വരുന്നുണ്ടെങ്കിലും പുതുതായി എന്തെങ്കിലും അവതരണശൈലിയില്‍ നല്‍കാന്‍ കഴിയാത്തതാണ് ചിത്രത്തിന്റെ പ്രധാന വീഴ്ച. പാലക്കാടിനടുത്തെ ഒരു അഗ്രഹാരത്തിലെ രണ്ടു പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയാണ് കഥ. ലക്ഷ്മിയും (വിദ്യ) പാര്‍വതിയും (ഭാമ). ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട പാര്‍വതിയെ ലക്ഷ്മിയുടെ വീട്ടുകാര്‍ സ്വന്തം മകളെപ്പോലെയാണ് കാണുന്നതും പോറ്റുന്നതും. ഇരട്ടകളെപ്പോലെ ഒരുമിച്ച്, ഒരേതരം വസ്ത്രങ്ങളുമണിഞ്ഞേ ഇരുവരെയും കാണാനാകൂ. 
രണ്ടുപേരും സംഗീതകോളജില്‍ ചേരുന്നു. പാര്‍വതിക്ക് സംഗീതാധ്യാപകനായ ദേവാനന്ദിനോട് (വിനീത്) പ്രണയം തോന്നുന്നു.ഇതിനിടെ ലക്ഷ്മിയുമായി ദേവാനന്ദിന് വിവാഹമുറപ്പിക്കുന്നു.പാര്‍വതിക്ക് ദേവാനന്ദിനോടുള്ള സ്നേഹം വിവാഹമുറപ്പിച്ചതോടെ ലക്ഷ്മിക്കും അംഗീകരിക്കാനാവുന്നില്ല. തുടര്‍ന്ന് സംഭവിക്കുന്ന ചില വഴിത്തിരിവുകളെത്തുടര്‍ന്ന് പാര്‍വതി നിരാലംബയാകുന്നു. ഈ കഥാഗതി ഏതാണ്ടൊക്കെ പ്രവചിക്കാവുന്നതാണെന്ന് മാത്രമല്ല, ക്ലീഷേ രംഗങ്ങളുടെയും വൈകാരികതയുടെയും ഘോഷയാത്ര കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് കല്ലുകടിക്കും. കോമഡിക്കായി ഇടക്ക് പ്രത്യക്ഷപ്പെടുന്ന സുരാജ് വെഞ്ഞാറമൂടും അനൂപും ചന്ദ്രനും ഒക്കെയാവുമ്പോള്‍ ഈയവസ്ഥ പൂര്‍ണമാകും. 
കൈതപ്രം വിശ്വനാഥന്റെ സംഗീതത്തില്‍ മഞ്ജരി പാടിയ 'ഇന്ദ്രനീല രാവില്‍' എന്ന ഗാനമാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ്. സുന്ദരിമാരായ നായികമാരുടെ സാന്നിധ്യവും നല്ല സംഗീതവും ഗാനം കണ്ടിരിക്കാവുന്നതാക്കുന്നുണ്ട്. അഭിനയത്തില്‍ വിനീതിന്റെ ദേവാനന്ദിന് കാര്യമായൊന്നും ചെയ്യാനില്ല. ഭാമ, വിദ്യ എന്നിവരില്‍ വിദ്യയുടേതായിരുന്നു ഒതുക്കമുള്ള അഭിനയം. അനൂപ് മേനോന്റെ തങ്കരാജ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഇമേജിന് ഒട്ടും ചേരുന്നതായിരുന്നില്ല. ഹരിനാരായണന്റെ ആദ്യചിത്രമായ 'നന്തുണി' കാണാത്തതിനാല്‍ അദ്ദേഹം സംവിധാനത്തില്‍ എത്രത്തോളം പുരോഗമിച്ചു എന്നുവിലയിരുത്താനാവുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, നല്ലൊരു സംവിധായകനാകാന്‍ അദ്ദേഹത്തിനിനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. 

review by Aashish

tags: neelambari, malayalam film neelambari, neelambari review, harinarayanana, bhama, vidhya, anoop menon, suraj venjaramood

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.