Monday, August 30, 2010

സമാന്തര സംവിധായകരുടെ സംഘടന നിലവില്‍ വന്നു


സമാന്തര സിനിമാ സംവിധായകരുടെ പുതിയ സംഘടനയായ ഫിലിം മേക്കേഴ്സ് ഫോറം നിലവില്‍ വന്നു. മലയാളത്തില്‍ സമാന്തരമായി നല്ല സിനിമകള്‍ എടുക്കുന്ന ഒരുകൂട്ടം സംവിധായകരാണ് കൂട്ടായ്മക്ക് പിന്നില്. 
പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ തിരുവനന്തപുരത്ത് സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രേക്ഷകരില്‍ സ്വാധീനം ചെലുത്താനാകുമ്പോഴേ സമാന്തര സിനിമകള്‍ക്ക് അതിജീവിക്കാനാവൂവെന്ന് അദ്ദേഹം പറഞ്ഞു.


സിനിമക്ക് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടാകും ജനം സ്വീകരിക്കാത്തത്, അല്ലാതെ അവരെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. ഇതിനര്‍ഥം  വയലന്‍സും സെക്സും ചേര്‍ത്ത് മുഖ്യധാരാ സിനിമകളെപ്പോലെ സമാന്തരസിനിമകള്‍ മാറണമെന്നല്ല. പൈസ നല്‍കി കാണുന്നവര്‍ക്ക് ആസ്വദിക്കാന്‍  കഴിയുംവിധം സൃഷ്ടിപരമായ കഴിവുകള്‍ ഉപയോഗപ്പെടുത്തണം. കൂടുതല്‍ പ്രേക്ഷകര്‍ കണ്ടാലേ സിനിമ എടുക്കുന്നതിന്റെ ലക്ഷ്യം പൂര്‍ത്തിയാകൂ. നോവലും കവിതയും എഴുതുംപോലെയല്ല, സിനിമയെടുക്കാന്‍ പണം വേണം. ഇതിനായി സംസ്ഥാന സര്‍ക്കാറുകള്‍ സഹായിക്കണം. 


നാഷനല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനും നല്ല സിനിമയെടുക്കാന്‍ ചിലതൊക്കെ ചെയ്യാം.  ചെലവ് ചുരുക്കാന്‍ ആധുനിക സാങ്കേതികതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ 25 വയസ്സിന് താഴെയുള്ളവര്‍ക്ക് നടത്തിയ മല്‍സരത്തില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ സിനിമകള്‍ നല്ല നിലവാരം പുലര്‍ത്തിയതായി  ബെനഗല്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പ്രേക്ഷകര്‍ക്ക് പരിമിതിയുള്ളതിനാല്‍ ഉള്ളവരെ ആകര്‍ഷിക്കാനാകുന്നസിനിമ നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഒളിയജണ്ടകളുള്ള മലയാള സിനിമാ ലോകത്ത് മാറ്റം വേണമെന്ന ആഗ്രമാണ് പുതിയ സംഘടന രൂപവത്കരിക്കാന്‍ കാരണമായതെന്ന് അധ്യക്ഷത വഹിച്ച ഫോറം ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. ലാഭ, നഷ്ടം നോക്കി പ്രാദേശിക ഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിയ ദൂരദര്‍ശന്റെ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി. കുമാരന്‍, ശ്രീകുമാരന്‍തമ്പി, ശിവന്‍, രാമചന്ദ്രബാബു, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. ശശി പരവൂര്‍ സ്വാഗതവും ഡോ. ബിജു നന്ദിയും പറഞ്ഞു.




syam benegal, lenin rajendran, film makers forum

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.