Thursday, March 7, 2013

Natholi oru cheriya meenalla Review: നത്തോലി അത്ര വലുതുമല്ല






'ബ്യൂട്ടിഫുളി'നുശേഷം ന്യൂ ജനറേഷന്‍ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനം ലഭിച്ച സംവിധായകന്‍ വി.കെ. പ്രകാശ് ഓരോ സിനിമയിലും എന്തെങ്കിലുമൊക്കെ പുതുമ പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഒരെണ്ണമാണ് പുതിയ ചിത്രമായ 'നത്തോലി ഒരു ചെറിയ മീനല്ല'യിലും നടത്തിയിരിക്കുന്നത്. ചിത്രത്തിലെ നായകന്റെ സങ്കല്‍പസൃഷ്ടിയായ മറ്റൊരു കഥാപാത്രം കഥയെ നയിക്കുകയാണ് ചിത്രത്തില്‍. 

ഒരു വലിയ ഫ്ലാറ്റിലെ കെയര്‍ടേക്കറായി ജോലി നോക്കുന്ന പ്രേമനെ (ഫഹദ് ഫാസില്‍) അവിടുള്ളവര്‍ പരിഗണിക്കുന്നതേയില്ല. പണിയെടുപ്പിക്കുകയും നത്തോലിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന അവരോട് തിരിച്ചൊന്നും ചെയ്യാനാകാതെ കഷ്ടപ്പെടുകയാണ് അയാള്‍. അന്തേവാസികളില്‍ പ്രേമന് കൂടുതല്‍ 'ശത്രുത' തോന്നുന്ന പ്രഭ (കമാലിനി മുഖര്‍ജി)യെ മെരുക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴിയാണ് 'നരേന്ദ്രന്‍' എന്ന സങ്കല്‍പ കഥാപാത്രം. പ്രഭക്ക് പേടി തോന്നുന്ന വിധത്തില്‍, അവളുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ പോന്ന നരേന്ദ്രനെ അയാള്‍ ഒരു കഥ പോലെ എഴുതിയുണ്ടാക്കുന്നു. തുടര്‍ന്ന് നരേന്ദ്രന്‍ പ്രഭയെ മെരുക്കുന്നതായി സങ്കല്‍പിച്ചു സമാധാനിക്കുന്നു. ഒരു ഘട്ടത്തില്‍ തന്റെ എഴുത്തിനുമപ്പുറം നരേന്ദ്രന്‍ വളരുന്നതായി അയാള്‍ക്ക് തോന്നുന്നു. തുടര്‍ന്ന് പ്രേമനുണ്ടാകുന്ന തിരിച്ചറിവുകളാണ് 'നത്തോലി' പറയുന്നു.

ഒരു സാങ്കല്‍പ്പിക കഥാപാത്രം കഥയിലേക്ക് ഇറങ്ങിവരുന്നെന്ന പരീക്ഷണം മലയാളത്തിലും നടത്തി എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അതേസമയം, ആ പുതുമ വേണ്ടരീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും സംവിധായകന്‍ പ്രകാശിനും കഴിഞ്ഞിട്ടുമില്ല. അതേസമയം, യാഥാര്‍ഥ്യവും സങ്കല്‍പവും തമ്മില്‍ അരോചകമല്ലാതെ ഇടകലര്‍ന്നത്തുന്നതില്‍ ഇരുവരും വിജയിച്ചിട്ടുമുണ്ട്. 

ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ നട്ടെല്ല്. പ്രേമനെന്ന നാടന്‍ കഥാപാത്രമായും നരേന്ദ്രനെന്ന മോഡോണ്‍ സാങ്കല്‍പിക കഥാപാത്രമായും ഫഹദ് നിറഞ്ഞാടി. ലളിതവും അനായാസവുമായ അഭിനയത്തിന്റെ മറ്റൊരു ഉദാഹരണം കൂടി. വല്യ സംഭവമൊന്നുമില്ലെങ്കിലും ചിത്രത്തെ രസകരവും ആസ്വാദ്യവുമായി കൊണ്ടുപോകുന്നതില്‍ ഫഹദ് മാത്രമാണ് പണിപ്പെട്ടിട്ടുള്ളത്.

പ്രഭയെന്ന കഥാപാത്രം അര്‍ഹിക്കുന്ന സാന്നിധ്യം നല്‍കാന്‍ കമാലിനിക്ക് കഴിഞ്ഞിട്ടുണ്ട്. ഗേറ്റ് കീപ്പറായി മുകുന്ദനും ലക്ഷ്മിയായി ഐശ്വര്യയുമെല്ലാം സാന്നിധ്യമറിയിക്കുന്നുണ്ട്. റീമാ കല്ലിംഗലിന്റെ വേഷം ഒരു മായ പോലെ വരുന്നു, പോകുന്നു.

തട്ടത്തിന്‍ മറയത്തില്‍ മനോഹര ഗാനങ്ങള്‍ രചിച്ച അനു എലിസബത്ത് 'നത്തോലി'ക്ക് വേണ്ടി എന്തൊക്കെയോ എഴുതിയിരിക്കുന്നു. അഭിജിത്തിന്റെ സംഗീതവും അത്ര ആസ്വാദ്യമൊന്നുമല്ല. ബിജിബാലിന്റെ പശ്ചാത്തലസംഗീതവും പലപ്പോഴും ചിത്രത്തിന് ചേരുന്നതായി.

അരുണ്‍ ജെയിംസിന്റെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിംഗും മോശമല്ല. 

ന്യൂ ജനറേഷന്‍ ജാഡയുടെ ഭാഗമായി ആദ്യവും അവസാനവുമുള്ള ചില സംഭാഷണങ്ങള്‍ തീര്‍ത്തും അനാവശ്യവും അരോചകവുമായിരുന്നു. ആദ്യത്തെ ബോറന്‍ മഹാഭാരത ജാഡയും അവസാനത്തെ മാസാമാസം സിനിമയെടുക്കുന്ന വി.കെ. പ്രകാശിന്റെ കഥയുമൊക്കെ എന്തിനായിരുന്നു? 

ചുരുക്കത്തില്‍, വൈവിധ്യത്തിന് വേണ്ടി നടത്തിയ ഒരു സാധാരണ പരീക്ഷണമായി 'നത്തോലി ഒരു ചെറിയ മീനല്ല' മാറുന്നു. അതേസമയം, കുറച്ചുകൂടി മിനക്കെട്ടിരുന്നെങ്കില്‍ പ്രകാശിനും ശങ്കര്‍ രാമകൃഷ്ണനും മികച്ച ഒരു ന്യൂ ജനറേഷന്‍ പടം മലയാളത്തിന് സമ്മാനിക്കാനും കഴിഞ്ഞേനേ.





natholi oru cheriya meenalla review, malayalam movie review, fahadh fazil, kamalini mukherjee, rima kallingal, shankar ramakrishnan, cinemajalakam review

1 comments:

sujith said...

Average film...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.