Saturday, June 2, 2012

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: പാസ് വിതരണം തുടങ്ങി, അഫ്ഗാന്‍ പാക്കേജ് ശ്രദ്ധേയമാകും

ജൂണ്‍ എട്ട് മുതല്‍ 12 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് പാസ്സുകള്‍ ജൂണ്‍ ഒന്നുമുതല്‍ വിതരണം തുടങ്ങി.
ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെ ഡെലിഗേറ്റ് സെല്ലില്‍ ജൂണ്‍ ഏഴ് വരെ പാസുകള്‍ ലഭിക്കും. പാസിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.iffk.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. വിവരങ്ങള്‍ക്ക് 0471 2310323 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.


ശ്രദ്ധനേടാന്‍ അഫ്ഗാന്‍ ചിത്രങ്ങളുടെ പാക്കേജ്


അഫ്ഗാനിസ്ഥാന്റെ സമകാലിക അവസ്ഥയുടെ സാക്ഷ്യപ്പെടുത്തലായി അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റിവലില്‍ അഫ്ഗാന്‍ ചിത്രങ്ങളുടെ പ്രത്യേക പാക്കേജ് എത്തുന്നു. 
'അഡിക്റ്റഡ് ഇന്‍ അഫ്ഗാനിസ്ഥാന്‍', 'ഡെത്ത് ടു ദി ക്യാമറ', 'ഹാഫ് വാല്യു ലൈഫ്', 'ചെക്ക് പോയിന്റ്' തുടങ്ങിയ നാല് ചിത്രങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 


മതതീവ്രവാദം, മാഫിയ, മയക്കുമരുന്ന്, ഗോത്രകലാപങ്ങള്‍ എന്നിവ കൊല്‍് കുപ്രസിദ്ധിയാര്‍ജ്ജിച്ച അഫ്ഗാനിസ്ഥാനിലെ സമകാലിക സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യന്നതാകും ചിത്രങ്ങള്‍. ജാവേദ് ടായ്മാന്‍ സംവിധാനം ചെയ്ത 'അഡിക്ടറ്റഡ് ഇന്‍ അഫ്ഗാനിസ്ഥാന്‍' അഫ്ഗാനിലെ മയക്കുമരുന്ന് ഉപഭോഗത്തിന്റെയും മയക്കുമരുന്നിനടിമകളായവരുടെയും നേര്‍ക്കാഴ്ചയാണ്. വ്യാപകമായി കറുപ്പ് കൃഷിയുള്ള അഫ്ഗാനിലെ മയക്കുമരുന്നിനടിമകളായ യുവത്വത്തെ എഴുപത്തിയെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം തുറന്നുകാട്ടുന്നു. കാബൂളില്‍ താമസിക്കുന്ന 15 വയസുകാരായ ജബ്ബാറിന്റെയും സഹീറിന്റെയും കഥയാണിത്. 


മറ്റൊരു ശ്രദ്ധേയ 'ചിത്രം ഹാഫ് വാല്യു ലൈഫ്' ആണ്. വനിതാ പബ്ളിക് പ്രോസിക്യൂട്ടറായ മറിയാ ബഷീറിന് തൊഴില്‍പരമായി ഇടപെടേണ്ടിവരുന്നത് കുറ്റവാളികളുമായും മാഫിയാ തലവന്‍മാരുമായും മയക്കു മരുന്ന് കടത്തുന്നുവരുമായെല്ലാമാണ്. ഒരു ഘട്ടത്തില്‍ തന്റെ തൊഴില്‍ കാരണം ശത്രുക്കളായവര്‍ മറിയയുടെ വീട് തകര്‍ക്കുന്നു. സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ ചെറുക്കാന്‍ മറിയ മുന്‍കൈ എടുക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹികപീഡനങ്ങള്‍ വരെ ഈ ചിത്രത്തിലൂടെ തുറന്നു കാട്ടപ്പെടുന്നു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം സംവിധാനം ചെയ്തത് 25 വയസുകാരിയായ അല്‍കാ സാദത്താണ് .


കാബൂളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കുന്ന 15 അംഗ പോലീസ് സംഘത്തിന്റെ കഥയാണ് ചെക്ക് പോയിന്റെന്ന ചിത്രത്തിന്റേത്. കാബൂളിലെ വിവിധ പ്രവിശ്യകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘത്തിനെ നിരവധി തവണ പിന്‍തുടര്‍ന്നാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയത്. നഗരത്തിന്റെ സുരക്ഷയ്ക്കായി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന് പക്ഷെ നഗരം തീര്‍ത്തും അപരിചിതമാണെന്നതാണ് രസകരമായ വസ്തുത. ഹമീദ് അലിസാദെയാണ് സംവിധായകന്‍. 


സയ്യദ് ക്വാസിം ഹൊസ്സൈനി സംവിധാനം ചെയ്ത 'ഡെത്ത് ടു ദി ക്യാമറ', തൊഴിലിടത്ത് കൂലി കാത്ത് നില്‍ക്കുന്ന സ്ത്രീകളുടെ സംഭാഷണങ്ങളിലൂടെ മുന്നേറുകയാണ്. ക്യാമറ എന്തെങ്കിലും സത്യസന്ധമായത് തുറന്ന് കാട്ടുമോ, ക്യാമറയുടെ പിന്നില്‍ ആരാണ് തുടങ്ങിയ ക്യാമറയുടെ രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യന്നത്. 
അഡേല പീവ റിട്രോസ്പെക്ടീവ്, ആഫ്രിക്കന്‍  പാക്കേജ്, റിച്ചാര്‍ഡ് ലീകോക്ക് പാക്കേജ് 


അഫ്ഗാന്‍ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി പ്രത്യേക പാക്കേജുകളും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. അഡേല പീവ റിട്രോസ്പെക്ടീവ്, അഞ്ച് ആഫ്രിക്കന്‍ ചിത്രങ്ങളുടെ പാക്കേജ്, റിച്ചാര്‍ഡ് ലീകോക്ക് പാക്കേജ് എന്നിവയാണ് ഇക്കുറി മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
idsffk2012, international documentary and shortfilm festival of kerala, iffk, chalachitra academy kerala, short film festival thiruvanathapuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.