Wednesday, January 18, 2012

Nanban Review: ഒറിജിനലിന്റെ പേര് കളയാതെ 'നന്‍പന്‍'
ആദ്യപതിപ്പിന്റെ പേര് കളയാത്ത റീമേക്ക്. 'ത്രീ ഇഡിയറ്റസ്' എന്ന ഹിന്ദി ബ്ലോക്ക് ബസ്റ്ററിന്റെ തമിഴ് റീമേക്ക്  'നന്‍പനെ' അങ്ങനെ വേണം വിശേഷിപ്പിക്കാന്‍. ഷങ്കര്‍ പടങ്ങളുടെ സ്ഥിരം ആഡംബര ചേരുവകളും വിജയ് ചിത്രത്തിനുവേണ്ട മാസ് മസാല കൂട്ടുകളും ഉള്‍പ്പെടുത്തി ഒറിജിനലിനെ വികൃതമാക്കാതിരിക്കാനുള്ള മര്യാദ 'നന്‍പന്‍' കാണിച്ചു എന്നതുതന്നെയാണ് എടുത്തുപറയേണ്ട പ്രത്യേകത.


ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറും ഇളയ ദളപതി വിജയും ആദ്യമായി ഒന്നിച്ച ചിത്രം 'ത്രീ ഇഡിയറ്റ്സിന്റെ' എതാണ്ട് 'പദാനുപദ  തര്‍ജമ'യാണ്. കോളജ് പശ്ചാത്തലം തമിഴ് നാടാണെന്നതും കഥാപാത്രങ്ങള്‍ പേശുന്നത് തമിഴാണെന്നതുമാണ് വ്യത്യാസം. 


പ്രഫഷണല്‍ കോളജിലെത്തി കൂട്ടുകാരായ മൂന്നു യുവാക്കളുടെ കഥയാണിത്. പഞ്ചവന്‍ പാരിവേന്ദന്‍ അഥവാ പാരി (വിജയ്), വെങ്കട രാമകൃഷ്ണന്‍ (ശ്രീകാന്ത്), സേവര്‍കൊടി സെന്തില്‍ (ജീവ). കോളജ് പ്രിന്‍സിപല്‍ വിരുമണ്ടി സന്തനവും (സത്യരാജ്) പുസ്തകപ്പുഴു ശ്രീവല്‍സനും (സത്യന്‍) ഉണ്ടാക്കുന്ന പൊല്ലാപ്പുകളും പ്രിന്‍സിപ്പാളിന്റെ പുത്രി റിയ (ഇല്യാന)യുമായുള്ള പാരിയുടെ പ്രണയവുമൊക്കെ ചിത്രത്തില്‍ രസകരമാക്കുന്നു. 


എങ്കിലും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാകപിഴകളും അതു വിദ്യാര്‍ഥികളെയും സമൂഹത്തെയും ബാധിക്കുന്നതെങ്ങനെയെന്ന് ചര്‍ച്ച ചെയ്യലുമാണ് യഥാര്‍ഥത്തില്‍ മൂലകഥ ചെയ്യുന്നത്. വിദ്യാഭ്യാസരീതികളിലെ സഞ്ചരിച്ച് തഴമ്പിച്ച വഴികള്‍ മാറി നടക്കുകയും അതിന് കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് നായകനായ പാരി.


ഈ വിഷയം ലളിതമായി കാമ്പസ് അന്തരീക്ഷത്തിലെ നര്‍മം കലര്‍ന്ന രംഗങ്ങളിലൂടെ ആവിഷ്കരിക്കാനായതാണ് ചേതന്‍ ഭഗത്തിന്റെ നോവലിനെ ജനപ്രിയമാക്കിയത്. ഇക്കഥ സിനിമയാക്കിയപ്പോഴും ആ രസം കളയാതെ കാത്തിട്ടുണ്ട്. തമിഴ് പതിപ്പിലും അതിന് മാറ്റമുണ്ടായില്ല. 


അമീര്‍ ഖാന്‍ നായകനായ ഹിന്ദി പതിപ്പ് കാണാത്തവര്‍ക്ക് 'നന്‍പന്‍' പുത്തന്‍ അനുഭവമായിരിക്കും. വിജയില്‍ നിന്നും ഷങ്കറില്‍ നിന്നും ഇതുവരെ കാണാത്ത പ്രകടദമാണ് ചിത്രത്തില്‍. ത്രീ ഇഡിയറ്റ്സ് കണ്ടവര്‍ക്കാകട്ടേ അതിന്റെ ഭംഗി നന്‍പന്‍ കളഞ്ഞില്ലല്ലോ എന്ന ആശ്വാസത്തോടെ തീയറ്റര്‍ വിടാനുമാകും.


ഹിന്ദിയില്‍ നിന്ന് മാറ്റമൊന്നും വരുത്താതെ തമിഴില്‍ പുനരാവിഷ്കരിക്കാന്‍ സംവിധായകന്‍ ഷങ്കറിന്റെ ധൈര്യത്തിന്റെ വിജയമാണ് നന്‍പന്‍. വിജയിന്റെ പതിവ് അമാനുഷിക  നായകവേഷം അഴിപ്പിച്ച് ഒരു സംഘട്ടനമോ പഞ്ച് ഡയലോഗോ ഇല്ലാതെ അഭിനയിപ്പിച്ചതും ഒരു തരത്തില്‍ ധൈര്യവും സാഹസവും തന്നെയായിരുന്നു. രണ്ടാം പകുതിയില്‍ ഒരു പ്രണയഗാനം കൂടി ഉള്‍പ്പെടുത്തി എന്നതാണ് 'ത്രീ ഇഡിയറ്റ്സില്‍' നിന്ന് നന്‍പനുള്ള ഏക വ്യത്യാസം. 


മാറ്റങ്ങള്‍ വേറെയില്ലെങ്കിലും പല റീമേക്കുകള്‍ക്കും സംഭവിക്കുന്നതുപോലെ പടം നിര്‍ജീവമായി പോകാതെ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും ഷങ്കറിന് കഴിഞ്ഞിട്ടുണ്ട്. ശ്രീവല്‍സന്‍ എന്ന കഥാപാത്രത്തിന്റെ കോളജ് ഡേയിലെ പ്രസംഗം തന്നെ ഉദാഹരണം. ഹിന്ദിയില്‍ 'ചമത്കാര്‍' എന്ന വാക്ക് 'ബലാത്കാര്‍' ആയപ്പോള്‍ തീയറ്ററില്‍ ഉയര്‍ന്ന ചിരി നിലനിര്‍ത്താന്‍ തമിഴിലെ കല്‍പന 'കര്‍പ്പഴിക്കല്‍' ആയപ്പോഴും കഴിഞ്ഞിട്ടുണ്ട്. 


വേലായുധം പോലൊരു മാസ് ചിത്രത്തിന്റെ വിജയത്തിന് ശേഷം സാധാരണ കഥാപാത്രമായി എത്തിയിട്ടും വിജയിന് തീയറ്ററുകളില്‍ മികച്ച സ്വീകരണം കിട്ടുന്നത് അദ്ദേഹം കഥാപാത്രത്തോട് നൂറുശതമാനം നീതി പുലര്‍ത്തിയത് കൊണ്ടാണ്. 


സഹനായകന്‍മാരായ ശ്രീകാന്തിന്റെയും ജീവയുടെയും പ്രകടനവും അവരുടെ സ്ഥിരം ശൈലിയില്‍ നിന്ന് ഏറെ വേറിട്ടതായി. സത്യരാജിന്റെ പ്രിന്‍സിപ്പാളും മോശമാക്കിയില്ല. മലയാളത്തില്‍ നിന്ന്  ഇന്ദ്രന്‍സ് ചെറിയ വേഷത്തില്‍ ചിത്രത്തിലുണ്ട്. നായിക ഇല്യാന ഗാനരംഗങ്ങളില്‍ തിളങ്ങിയെങ്കിലും ഹിന്ദിയിലെ കരീനയുടെ കഥാപാത്രത്തിന്റെ അടുത്തെങ്ങുമില്ല. ശ്രീവല്‍സനായി സത്യന്റെ പ്രകടനവും എടുത്തുപറയണം.


ഹാരിസ് ജയരാജിന്റെ സംഗീതവും ആസ്വാദ്യകരമാണ്. ചിത്രീകരണത്തില്‍ വര്‍ണാഭമായ ഗാനം 'അസ്ക ലസ്ക' തന്നെ. 


ഷങ്കര്‍ ചിത്രങ്ങള്‍ സാങ്കേതികമായി മികച്ചതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മനോജ് പരമഹംസയുടെ ക്യാമറയും ആന്റണിയുടെ എഡിറ്റിംഗും റസൂല്‍ പൂക്കുട്ടി ഒരുക്കിയ ശബ്ദവും 'നന്‍പന്റെ' ഭംഗി കൂട്ടുന്നു. 


ചുരുക്കത്തില്‍, 'ത്രീ ഇഡിയറ്റ്സ്' കണ്ടവര്‍ക്ക് 'നന്‍പന്‍' ആത്മാര്‍ഥമായ ബോറടിപ്പിക്കാത്ത റീമേക്കാണ്. ഇക്കഥ ആദ്യമായി കാണുന്നവര്‍ക്കാകട്ടെ, ശങ്കറില്‍ നിന്നും വിജയില്‍ നിന്നും ശ്രീകാന്തില്‍ നിന്നും ഒക്കെ പ്രതീക്ഷിക്കുന്നതിലും വ്യത്യസ്തമായൊരു ചിത്രവും.
nanban review, nanban malayalam review, nanban cinemajalakam, nanban, vijay, shankar, shankar's nanban, vijay in nanban, nanban tamil movie review, ileana in nanban, manoj paramahamsa, harris jayaraj, resul pookkutty, sathyaraj, jeeva, sreekanth, all is well

4 comments:

Deepak said...

ത്രീ ഇടിയറ്സിന്റെ അത്രയൊന്നും ഈ പടം വരില്ല. അമീര്‍ ഖാന്‍ എവിടെ, വിജയ്‌ എവിടെ?

ശ്രീ said...

കൊള്ളാം.

Sunil Ibrahim said...

nice to know that ...
oru entertainment ennathilupari vidyabhyasa sambradaayathil puthiya chindakal janangalil ethikkan kazhinja oru movie aanu 3 idiots ...
ithu oru start chithram alla ... ameer khan aayalum vijay aayalum subject thanneyaanu ee chithrathile hero ...
3 idots valare manoharamaya avatharanam kondum sraddeyamaayi ... sahankarinum athu kazhinju ennathil sandosham. chethan bhagathinte ezhuthile soundaryam chornnu pokathirunnathil valare sandosham... thanks for the article;

Krishnakumar said...

nanpan good film aane. vijay kalakki.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.