Thursday, January 19, 2012

Padmasree Sarojkumar Review: താരങ്ങളെ തച്ചുടക്കുന്ന സരോജ്




ഉദയഭാനുവിന്റെ തിരക്കഥ അടിച്ചുമാറ്റി സൂപ്പര്‍സ്റ്റാറായ സരോജ് കുമാറിനെ മലയാള സിനിമക്ക് മറക്കാനാവില്ല. ആ സൂപ്പര്‍ സ്റ്റാര്‍ വീണ്ടുമെത്തിയിരിക്കുന്നു, 'പത്മശ്രീ ഭരത് ഡോക്ടര്‍  സരോജ് കുമാറായി, പഴയ കുതന്ത്രങ്ങളും കുന്നായ്മകളുമായി. എന്നാല്‍ ഉദയനാണ് താരത്തില്‍ സൂപ്പര്‍താര ആധിപത്യത്തിനെതിരെ പൊതുവായ വിമര്‍ശനങ്ങളായിരുന്നെങ്കില്‍ ഇത്തവണ സൂപ്പര്‍താരങ്ങളെ (ഒരു സൂപ്പര്‍താരത്തെ പ്രത്യേകിച്ചും) തിരിഞ്ഞുപിടിച്ച് വിമര്‍ശിച്ചിരിക്കുകയാണ് രചയിതായ ശ്രീനിവാസന്‍. 


സമീപകാല സിനിമാ രാഷ്ട്രീയത്തിലെ ചര്‍ച്ചകളും വിവാദങ്ങളും ആക്ഷേപങ്ങളും ഒന്നൊഴിയാതെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ഇതിലെ കൌതുകഘടകം. അതേസമയം, ഒരു പൂര്‍ണ സിനിമയെന്ന നിലയില്‍ ശ്രീനിവാസന്‍ എഴുതി സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍' വട്ടപ്പൂജ്യമാണ്. 


സരോജ് കുമാറും ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസിയും മുകേഷിന്റെ ബേബിക്കുട്ടനും സലീംകുമാറിന്റെ റഫീഖും ഒക്കെ ഈ ചിത്രത്തിലുംകഥാപാത്രങ്ങളാകുന്നുണ്ട്. എങ്കിലും മുഖ്യകഥാപാത്രങ്ങളായ ഉദയഭാനു (മോഹന്‍ലാല്‍), മധുമതി (മീന) തുടങ്ങിയവരുടെ കഥയേ കടന്നുവരാത്തത്തതിനാല്‍ 'ഉദയനാണ് താര'ത്തിന്റെ രണ്ടാം ഭാഗമല്ല ഇതെന്ന് ശ്രീനിവാസന്‍ പറയുന്നു. 


'ഉദയനാണ് താര'ത്തില്‍ അവസാനം സരോജ് കുമാര്‍ നല്ലവനായിരുന്നു. എന്നാല്‍ വീണ്ടും പഴയ സ്വഭാവത്തിലേക്ക് പോയതിനുശേഷമുള്ള അവസ്ഥയാണ് ഈ ചിത്രത്തില്‍. 


മെഗാസ്റ്റാര്‍ പദവിയും പത്മശ്രീയും ഡോക്ടറേറ്റും ഇതിനിടെ ഒപ്പിച്ചെടുത്തു. പടങ്ങള്‍ പണ്ടത്തെപ്പോലെ ക്ലച്ച് പിടിക്കാതെ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇനിയുള്ള ആഗ്രഹം കേണല്‍ പദവിയാണ്. അതും നേടിയശേഷം യുവസംവിധായകനെയും യുവനടനേയും ഒതുക്കാനുള്ള ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഒടുവിലുള്ള തിരിച്ചറിവുകളും ഏറ്റുപറച്ചിലുകളുമാണ് കഥ. 


മെഗാസ്റ്റാര്‍ സരോജ് ഇത്തവണ കാണിക്കുന്ന കോപ്രായങ്ങള്‍ മലയാള സിനിമയിലെ പല പ്രമുഖ സൂപ്പര്‍താരങ്ങള്‍ക്കും ഒരു പോലെ നോവിക്കുമെങ്കിലും ഒരു താരത്തിന് കൂടുതല്‍ കൊള്ളുനന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കേണല്‍ പദവി നേടിയതിനെ ആക്ഷേപിക്കുന്നതും സ്വന്തം ശിങ്കിടിയെക്കൊണ്ട് പടം നിര്‍മിക്കുന്നതും റെയ്ഡില്‍ പിടിച്ചെടുക്കുന്ന ആനക്കൊമ്പുമൊക്കെ ഉദാഹരണങ്ങള്‍.


കൂടാതെ പൊതുവില്‍ രണ്ട് സൂപ്പര്‍ താരങ്ങളെയും ഉദേശിച്ച് ആദായനികുതി റെയ്ഡ്, യുവതാരങ്ങളോടുള്ള അസഹിഷ്ണുത, ഫാന്‍സുകാരെ ഉപയോഗിച്ച് അവരെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയവയും പരാമര്‍ശിക്കുന്നു. 


സൂപ്പര്‍താരങ്ങളുടെ അപ്രമാദിത്തം, സിനിമാ സംഘടനകള്‍ തമ്മിലെ പോര്, സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വിലക്കുകളും നിരോധനവും, കളക്ഷന്‍ റിപ്പോര്‍ട്ട് തട്ടിപ്പ്, പ്രവാസി നിര്‍മാതാക്കളെ കബളിപ്പിക്കുന്നത്, യുവതാരങ്ങളുടെ നവതലമുറ സിനിമകളുടെയും കടന്നുവരവ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ഇതിനൊപ്പം പറഞ്ഞുപോകുന്നു.


'ഉദയനാണ് താര'ത്തില്‍ ആരോഗ്യകരവും ആസ്വാദ്യവുമായ വിമര്‍ശനങ്ങളായിരുന്നു കൂടുതല്‍. അതുതന്നെയാണ് ആ ചിത്രവും സരോജ്കുമാര്‍ എന്ന കഥാപാത്രവും മലയാളികള്‍ക്ക് പ്രിയങ്കരമാവാനും കാരണം. തിരക്കഥയുടെ ഭംഗിയും എടുത്തുപറയണം.


എന്നാല്‍   'സരോജ് കുമാറി'ലെത്തുമ്പോള്‍ വിമര്‍ശനമെന്നത് ആക്ഷേപത്തിനു വഴിമാറുന്നു എന്നതാണ് പോരായ്മ. ഇത്തരം ആക്ഷേപ രംഗങ്ങള്‍ വരിവരിയായി നിരത്തിവെക്കുകയും ഒടുക്കം കഥ തീര്‍ക്കാന്‍ ഒരു വൈകാരിക വഴിത്തിരിവും ഒളിപ്പിച്ചു പ്രേക്ഷകരെ ഞെട്ടിക്കുകയാണിവിടെ. രണ്ടാംപകുതിയില്‍ അതിവൈകാരികതയും പ്രേക്ഷകനെ പലേടത്തും വെറുപ്പിക്കും.


'ഒരു ശ്രീനിവാസന്‍ ചിത്രം' എന്ന ലേബല്‍ കണ്ട് കയറുന്നവരെ വിഡ്ഢികളാക്കുന്ന ഇത്തരം രംഗങ്ങള്‍ 'സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട്' പറഞ്ഞ് ഫിലിമില്‍ പകര്‍ത്തുന്ന ചടങ്ങ് മാത്രമാണ് നവാഗതനായ സജിന്‍ ശ്രീധര്‍ സംവിധായകന്‍ എന്ന നിലയില്‍ നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്റെ സാന്നിധ്യം തീരെ അറിയിക്കാത്ത ചിത്രത്തില്‍ തിരക്കഥയും ഉള്ളതായി അനുഭവപ്പെടില്ല. 


അഭിനേതാക്കളില്‍ ശ്രീനിവാസന്‍ തന്നെ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നത്. രംഗങ്ങളുടെ നിലവാരമില്ലായ്മ അഭിനയത്തിലും പലപ്പോഴും പ്രതിഫലിക്കുന്നുണ്ട്. 


യുവസംവിധായകന്‍ അലക്സായി ഫഹദ് ഫാസില്‍, യുവനടന്‍ ശ്യാമായി വിനീത് ശ്രീനിവാസന്‍, അയാളുടെ കാമുകിയായി അപൂര്‍വ എന്നിവരും മികച്ച പ്രകടനമായിരുന്നു. പച്ചാളം ഭാസിയായി ജഗതി ഇത്തവണയും ശ്രദ്ധനേടി. ഫാന്‍സ് അസോസിയേന്‍ നേതാവായി വന്ന് താരത്തിന്റെ മേക്കപ്പ് മാനായി മാറിയ മുട്ടത്തറ ബാബു എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടുമുണ്ട്. മമ്ത മോഹന്‍ദാസ് അവതരിപ്പിച്ച സരോജ് കുമാറിന്റെ ഭാര്യവേഷം ആവശ്യമില്ലാത്ത കഥാപാത്രമായി. 


ദീപക് ദേവിന്റെ സംഗീതം ആശ്വാസമാണ്. മൊഴികളില്‍ എന്ന ഗാനം മനോഹരമാണ്. കേശു എന്ന ഗാനം രസകരവുമാണ്.


എസ്. കുമാറിന്റെ ക്യാമറ ചിത്രത്തിന് മുതല്‍ക്കൂട്ടാണ് ക്ലൈമാക്സിലെ വെള്ളച്ചാട്ട രംഗങ്ങളും ഗാനങ്ങളും എടുത്തുപറയേണ്ടതാണ്. 


ചിന്താവിഷ്ടയായ ശ്യാമളയും ഉദയനാണ് താരവുമൊക്കെ പോലെ ആക്ഷേപഹാസ്യവും സാമൂഹിക വിമര്‍ശനവുമാണ് ശ്രീനിവാസന്റെ തൂലികയില്‍ നിന്ന് പിറന്നതെന്ന് കരുതി തീയറ്ററില്‍ കയറിയാല്‍ തെറ്റുപറ്റും. അതേസമയം, സൂപ്പര്‍താരങ്ങള്‍ക്ക് നേരെയുള്ള ആക്ഷേപം കണ്ട് (ആക്ഷേപഹാസ്യമല്ല) രസിക്കുന്നവര്‍ക്ക് ധൈര്യമായി കയറുകയുമാവാം. 


സൂപ്പറുകളുടെ കാലംകഴിഞ്ഞെന്ന് സമര്‍ഥിച്ചശേഷം പാടുകയും അഭിനയിക്കുകയും ചെയ്യുന്ന നല്ലവനായ യുവനടനാണ് മലയാളസിനിമയുടെ ഭാവി എന്ന് പറയാതെ പറഞ്ഞുവെക്കുന്നുമുണ്ട് ശ്രീനി. (ആ നല്ലവനെ സിനിമയില്‍ അവതരിപ്പിക്കുന്നത് അതേ ഗുണങ്ങളുള്ള അദ്ദേഹത്തിന്റെ മകന്‍ തന്നെ!)


സിനിമാരംഗത്ത് ജീര്‍ണതകളും സൂപ്പര്‍താരങ്ങള്‍ക്ക് അപ്രമാദിത്വവുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അക്കാര്യങ്ങള്‍ കോര്‍ത്തിണക്കി രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ആരെങ്കിലും വേണം എന്നതും അംഗീകരിക്കുന്നു. എന്നാല്‍ വിളിച്ചു പറയാന്‍ വന്നവനും ഉടുതുണി ഇല്ലാതായിപോയി എന്നതാണ് സരോജ് കുമാറിന്റെ പ്രശ്നം. 

padmasree bharat doctor sarojkumar review, sarojkumar review, padmasree sarojkumar malayalam movie, malayalam movie review, sreenivasan, sajin raghavan, mamtha mohandas, vineeth sreenivasan, fahad fazil, mukesh, jagathy sreekumar, s. kumar

7 comments:

Krishnakumar said...

sreenivasanu asooyayane. nalla padam eduthitte adishepichelum kozhappamilla. ithippo...

ronu sebastian said...

ശ്രീനിവാസന് അസുയപെടെണ്ട ഒരാവശ്യവും ഇല്ല, ഇവന്മാര് ആരാ??? പണ്ടൊക്കെ വളരെ നല്ല സിനിമകള്‍ ചെയ്തിരുന്നു, അതിന്ടെ പേരിലാണ് ഇപ്പോഴും കടിച്ചു തൂങ്ങി കിടക്കുന്നത്. ഈ സിനിമ ഇപ്പൊ മലയാളത്തില്‍ ഇറങ്ങേണ്ട അവശ്യം തീര്‍ച്ചയായും ഉണ്ടായിരുന്നു.
.
വടവൃക്ഷങ്ങളുടെ കട ഇളകി തുടങ്ങിയിരിക്കുന്നു...!!!

Bineesh said...

vimarshanam avashyamayirunnu. ithalpam kadannille?

Anonymous said...

വിമര്‍ശനം വേണം പക്ഷെ ഇത് വ്യക്തി ഹത്യ ആണ്. ശ്രീനിവാസന്‍ ആണ് പഴയ പ്രതാപം പറഞ്ഞു ഇപ്പോഴും നിലനില്കുന്നെ.. ഒരു തിരകഥ കൃത് എന്നാ നിലയില്‍ ശ്രീനിവാസന്‍ വട്ടപൂജ്യം ആയി പോയി. കഷ്ടം.

Anonymous said...

caricaturing cheyyunnathil tettilla.

Jacob said...

partly enjoyable

Santhosh said...

actually no problem in this type of film. anybody can be criticised

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.