Saturday, July 30, 2011

ഹ്രസ്വചിത്രമേള 31 മുതല്‍, 'ഓള്‍ഡ് പാര്‍ട്നര്‍' ഉദ്ഘാടന ചിത്രം



നാലാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വ ചിത്രമേള തിരുവനന്തപുരത്ത് ഞായറാഴ്ച തുടങ്ങും. ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാറും സമാപനസമ്മേളനത്തിലെ അവാര്‍ഡ് വിതരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍വഹിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നാലുദിവസത്തെ മേളയില്‍ കൈരളി, ശ്രീ തീയറ്ററുകളിലായി 25 രാജ്യങ്ങളില്‍നിന്ന് ഇരുനൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അപൂര്‍വ സൌഹൃദത്തിന്റെ കഥ പറയുന്ന ലീ ചിങ് റിയോള്‍ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം 'ഓള്‍ഡ് പാര്‍ട്നര്‍' ആണ് ഉദ്ഘാടന ചിത്രം. 

ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, കാമ്പസ് ഫിക്ഷന്‍ എന്നീ മല്‍സര വിഭാഗങ്ങളില്‍ 70 ചിത്രങ്ങളുണ്ട്. അഫ്ഗാനിസ്താന്‍, തായ്ലന്റ്, ഫിലിപ്പീന്‍സ്, ഇറാന്‍, ജോര്‍ദാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സ്ത്രീ സംവിധായകരുടെ 17 ചിത്രങ്ങളും ഫ്രാന്‍സിലെ പ്രധാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ ക്ലയര്‍മോന്റോയില്‍നിന്നുള്ള 12 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 
ശാസ്ത്ര സംബന്ധിയായ നാലും പ്രശസ്ത സംവിധായകര്‍ അവരുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിച്ച ഹോം വീഡിയോ വിഭാഗത്തില്‍ 11 ചിത്രങ്ങളുമുണ്ട്. 


ഡയസ്പോറ വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളും രാജ്യാന്തരവിഭാഗത്തില്‍ മറ്റ് ചിത്രങ്ങള്‍ കൂടാതെ വെര്‍ണര്‍ ഹെര്‍സോഗിന്റെ പുതിയ രണ്ട് ചിത്രങ്ങളുമുണ്ട്. നടിയും സംവിധായികയുമായ സുഹാസിനി മുലെയുടെ രണ്ട് ചിത്രങ്ങളും ഈയിടെ അന്തരിച്ച ചലച്ചിത്ര പ്രതിഭകളായ മണി കൌള്‍, ചിന്ത രവി എന്നിവരെ സ്മരിച്ച് മണി കൌളിന്റെ ദ്രുപദ്, രവീന്ദ്രന്റെ എന്റെ കേരളം, അറൈവല്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കൌളിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാമറാമാന്‍ നവ്റോസ് കോണ്‍ട്രാക്ടറും രവീന്ദ്രനെ സ്മരിച്ച് ശശികുമാറും പ്രഭാഷണങ്ങള്‍ നടത്തും.

കൊച്ചി ബിനാലെ ഫൌണ്ടേഷനുമായി സഹകരിച്ച് ഇന്‍ബോക്സ് എന്ന പ്രദര്‍ശനമുണ്ടാകും. 1178 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് രണ്ടിന് 11ന് ഹോട്ടല്‍ ഹൊറൈസണില്‍ 'സയന്‍സ് ഇന്‍ ഇന്ത്യന്‍ ടെലിവിഷന്‍' സെമിനാര്‍ ശാസ്ത്രജ്ഞന്‍ ഡോ. പി. എം. ഭാര്‍ഗവ ഉദ്ഘാടനം ചെ യ്യും. ലോങ്, ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ സംവിധായകന്‍ അരുണ്‍ ഖോപ്കര്‍ ആണ് ജൂറി ചെയര്‍മാന്‍. പത്രപ്രവര്‍ത്തക അയേഷ കഗല്‍, ഫിലിം എഡിറ്റര്‍ സോഫിയ ശിവരാമന്‍ എന്നിവര്‍ അംഗങ്ങളാണ്.

ഷോര്‍ട്ട് ഫിക്ഷന്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, കാമ്പസ് ഫിലിംസ് വിഭാഗത്തില്‍ സംവിധായകന്‍ ശ്യാമപ്രസാദ് ആണ് ജൂറി ചെയര്‍മാന്‍. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഗീതാ ഹരിഹരന്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി എന്നിവര്‍ അംഗങ്ങളാണ്.

അക്കാദമി സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍, ബീനാ പോള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

4th International Documentary and Short Film Festival of Kerala- screening schedule

4th International Documentary and Short Film Festival of Kerala, priyadarsan, chalachitra academy, short film festival thiruvananthapuram, kairali sree, iffk, short film fest, idsffk

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.