Thursday, June 2, 2011

റിലീസ് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്, തീയറ്ററുകള്‍ മുഖം മിനുക്കല്‍ തുടങ്ങി





മന്ത്രിയുമായി സിനിമാ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം ഈമാസം മുതല്‍ കേരളത്തിലെ എ.സി സൌകര്യമുള്ള തീയറ്റുകളില്‍ റിലീസിന് അനുമതി നല്‍കും. ഈ വെള്ളി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതിനൊപ്പം ചര്‍ച്ചയിലെ നിര്‍ദേശപ്രകാരം റിലീസ് കേന്ദ്രങ്ങളില്‍ എ.സി അല്ലാത്തവ പരിഷ്കരിക്കാനുള്ള നടപടികളും പല പട്ടണങ്ങളിലും തുടങ്ങിക്കഴിഞ്ഞു. 

പണ്ടുമുതലേ റിലീസ് അനുവദിച്ചിരുന്ന 48 ഓളം കേന്ദ്രങ്ങളിലും 2008 മുതല്‍ റിലീസ് അനുവദിച്ച 22 കേന്ദ്രങ്ങളും ഉള്‍പ്പെടെ 70 സ്ഥലങ്ങളാണ് റിലീസ് സെന്ററുകളായി കണക്കാക്കപ്പെട്ടിരുന്നത്. 
പുതിയ ധാരണ പ്രകാരം എ.സിയും ഡിജിറ്റല്‍ സൌണ്ട്, പ്രൊജക്ഷന്‍ സംവിധാനവുമുള്ള തീയറ്ററുകളിലെല്ലാം റിലീസ് അനുവദിക്കുന്നതിന് തടസ്സമില്ല.

ഇതുപ്രകാരം ഹൈ ഡെഫിനിഷന്‍ പ്രൊജക്ഷനും എ.സിയും ഉണ്ടായിട്ടും റിലീസ് ലഭിക്കാതിരുന്ന തിരുവനന്തപുരം ജില്ലയിലെ തീര മേഖലയില്‍പ്പെട്ട കഠിനകുളം, കഴക്കൂട്ടം, മറ്റു ചില ചെറിയ പട്ടണങ്ങളായ തിരുവല്ല, നീണ്ടകര എന്നിവിടങ്ങളിലെയും സിനിമാശാലകള്‍ക്ക് റിലീസ് കിട്ടും. റിലീസ് ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പല പട്ടണങ്ങളിലും തീയറ്ററുകള്‍ പരിഷ്കരിക്കാന്‍ ഉടമകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 

അതുപോലെ ഇപ്പോള്‍ റിലീസ് സ്ഥിരമായി അനുവദിക്കാറുള്ള പട്ടണങ്ങളിലും എ.സി അല്ലാത്ത സിനിമാശാലകള്‍ എ.സി ഏര്‍പ്പെടുത്താന്‍ ശ്രമം തുടങ്ങുന്നുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട്ട് രണ്ട് തിയറ്ററുകളില്‍ കൂടി മന്ത്രിയുടെ പ്രഖ്യാപനം വരും മുമ്പേ ഇതിനുള്ള പണികള്‍ ആരംഭിച്ചിരുന്നു. നേരത്തെ ഈ പട്ടണത്തില്‍ ഒരു എ.സി തീയറ്ററാണ് ഉണ്ടായിരുന്നത്. 

തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയറ്റര്‍ കോംപ്ലക്സായ കൈരളി-ശ്രീയും അഴിച്ചുപണിയുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രണ്ടു തീയറ്റര്‍ ഉണ്ടായിരുന്ന കോംപ്ലക്സില്‍ ഉടന്‍ നാലു ഹാള്‍ വരും. തീയറ്ററില്‍ സൌകര്യങ്ങളും ഫൈവ് സ്റ്റാര്‍ നിലവാരമാകും. കഫറ്റേറിയ, സീറ്റ് എല്ലാം അത്യുഗ്രനാക്കും. 

തീയറ്ററുകളില്‍ വേണ്ടത്ര അടിസ്ഥാന സൌകര്യങ്ങളില്ലാത്തതാണ് പ്രേക്ഷകരെ അകറ്റുന്നതെന്ന വിലയിരുത്തലാണ് ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം. സൌകര്യം വര്‍ധിക്കുന്നതും വൈഡ് റിലീസ് സജീവമാകുന്നതും ചിത്രങ്ങള്‍ കൂടുതല്‍ വിജയം നേടാന്‍ സഹായമാകുമെന്നും വിലയിരുത്തപ്പെടുന്നു. 
ടിക്കറ്റ് നിരക്ക് തീയറ്റര്‍ നിലവാരമനുസരിച്ച് തീരുമാനിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഉടന്‍ നിലവില്‍ വരും. 

അതിനിടെ തിരുവനന്തപുരം നഗരത്തില്‍ സര്‍ക്കാര്‍ തീയറ്ററുകള്‍ ഉള്‍പ്പെടെ ജൂണ്‍ മാസം മുതല്‍ നിരക്ക് കുട്ടുന്നുണ്ട്. ബാല്‍ക്കണി നാല്‍പ്പതില്‍ നിന്ന് അമ്പതു രൂപയാകും. റിസര്‍വ്ഡ് ക്ലാസില്‍ ഇനി നാല്‍പതു രൂപ നല്‍കണം. 

theatres in kerala, theatre ticket rates in kerala, a/c theatres, wide release, k.b ganesh kumar

1 comments:

Sasikumar said...

enthayalm theatriukal nannayal mathi.ippo paledathum theatreil keran vayyatha avastha aane.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.