Tuesday, August 8, 2023

ഹാസ്യ വിപ്ലവത്തിന്റെ ഗോഡ്ഫാദർ; സംവിധായകൻ സിദ്ദിഖ് ഇനി ഓർമ

 മലയാള സിനിമയിൽ ഹാസ്യത്തിൽ വേറിട്ട വിപ്ലവം സൃഷ്ടിച്ച സംവിധായകൻ സിദ്ദിഖ് (67) അന്തരിച്ചു. 
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധയും ഉണ്ടായിരുന്നു. തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതമുണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു നിര്യാണം.
ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആറിന് എറണാകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ 11.30 വരെയും ശേഷം കാക്കനാട് പള്ളിക്കരയിലെ വസതിയിലും പൊതുദർശനമുണ്ടാകും. 
എറണാകുളം പുല്ലേപ്പടിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് ജനനം. കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായിരുന്നപ്പോൾ സംവിധായകൻ ഫാസിലുമായുള്ള കൂടിക്കാഴ്ചയാണ് സിനിമാ പ്രവേശനത്തിൽ കാരണമായത്. തുടർന്ന്, ഫാസിലിന്‍റെ ചിത്രങ്ങളിൽ സഹസംവിധായകനായി. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി. നടനും സംവിധായകനുമായ ലാലുമായി ചേർന്ന് 1989ൽ ചെയ്ത ‘റാംജി റാവു സ്പീക്കിങ്’ ആണ് ആദ്യം സംവിധാനം ചെയ്ത സിനിമ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇൻഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992) കാബൂളിവാല (1994) തുടങ്ങിയവയാണ് ഹിറ്റ് കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ.
ഹിറ്റ്ലർ, ഫ്രണ്ട്‌സ് (മലയാളം, തമിഴ്), ക്രോണിക് ബാച്ച്‌ലർ, ബോഡി ഗാർഡ് (മലയാളം, ഹിന്ദി), ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്കർ ദ റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവയും കാവലൻ, എങ്കൾ അണ്ണ, സാധു മിറാൻഡ എന്നീ തമിഴ് ചിത്രങ്ങളുമാണ് സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്ത ചിത്രങ്ങൾ. മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ്, ഫിംഗർ പ്രിന്‍റ്, കിംഗ് ലയർ എന്നിവയുടെ തിരക്കഥയും നാടോടിക്കാറ്റ്, അയാൾ കഥയെഴുതുകയാണ് എന്നിവയുടെ കഥയും സിദ്ദീഖിന്‍റേതാണ്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിന് പുതിയ പൂന്തെന്നൽ, മാനത്തെ കൊട്ടാരം, ഫൈവ്സ്റ്റാർ ഹോസ്പിറ്റൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

സജിതയാണ് ഭാര്യ. മക്കൾ: സുമയ്യ, സാറ, സുകൂൻ.


Director Sidhique, kerala, siddique

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.