Monday, July 24, 2023

ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ദീപ ധൻരാജിന്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് പ്രമുഖ സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ദീപ ധൻരാജിനെ തെരഞ്ഞെടുത്തു. 
രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് നാലു മുതൽ ഒൻപതു വരെ തിരുവനന്തപുരം തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയുടെ സമാപന ദിവസമായ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
നാലു പതിറ്റാണ്ടുകളായി ഡോക്യുമെന്ററി രംഗത്തെ സജീവ സാന്നിധ്യമാണ് 70കാരിയായ ദീപ ധൻരാജ്. 1980ൽ 'യുഗാന്തർ' എന്ന സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമായി സ്ത്രീകളുടെ അവകാശസമരങ്ങളെക്കുറിച്ച് മൂന്നു ഡോക്യുമെന്ററികൾ ചിത്രീകരിച്ചുകൊണ്ട് ചലച്ചിത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചു. സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലുള്ള 40 ഓളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. കന്നട, ഹിന്ദി, ഇംഗ്ളീഷ്, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, മാർവാറി ഭാഷകളിലുള്ള ഈ ചിത്രങ്ങൾ നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തു.
രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ ചരിത്രപരമായി പരിശോധിക്കുന്ന 'വി ഹാവ് നോട്ട് കം ഹിയർ റ്റു ഡൈ' (2018), മതത്തിലെ പുരുഷാധിപത്യത്തിനെതിരെ സ്ത്രീകൾ ജമാഅത്ത് സ്ഥാപിച്ച സംഭവത്തെക്കുറിച്ചുള്ള 'ഇൻവോക്കിംഗ് ജസ്റ്റിസ്' (2011), പ്രസവത്തിൽ മരിക്കുന്ന ഗ്രാമീണസ്ത്രീകളുടെ അവസ്ഥയെ അനുതാപപൂർവം സമീപിക്കുന്ന 'ഇനഫ് ഓഫ് ദിസ് സയലൻസ്' (2008) , ദേവദാസി സ്ത്രീകളുടെ കൂട്ടായ്മയായ ചൈതന്യയുടെ ചരിത്രം അന്വേഷിക്കുന്ന 'ചൈതന്യ'(2008), ഇന്ത്യയിലെ പൗരാവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായ കെ.ജി കണ്ണബിരാന്റെ പൊതുജീവിതം പറയുന്ന 'ദ അഡ്വക്കേറ്റ്'(2007) കർണാടകയിലെ ബെൽഗാമിലെ ലൈംഗികന്യൂനപക്ഷങ്ങൾക്കിടയിൽ സുരക്ഷിത ലൈംഗികത പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള 'ലവ് ഇൻ ദ ടൈം ഓഫ് എയിഡ്സ്' (2006) കുട്ടിത്തൊഴിലാളികളുടെ അന്താരാഷ്ട്ര സമ്മേളനത്തെക്കുറിച്ചുള്ള 'ടൈം റ്റു ലിസൺ' (19960 എന്നിവയാണ് ദീപ ധൻരാജിന്റെ പ്രധാന ചിത്രങ്ങൾ.
2018ലാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏർപ്പെടുത്തിയത്. ആനന്ദ് പട്വർധൻ ആയിരുന്നു ആദ്യ ജേതാവ്. തുടർന്ന് മധുശ്രീ ദത്ത, രഞ്ജൻ പാലിത്, റീന മോഹൻ എന്നിവരെ മേള ഈ പുരസ്‌കാരം നൽകി ആദരിച്ചു.

IDSFFK 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.