Friday, April 22, 2022

സരസ്വതിയിൽ ഷോ നിലയ്ക്കുമ്പോൾ ...

ഓരോ സിനിമാക്കൊട്ടകകളും ഓരോ നാട്ടിന്റെയും ചരിത്രവും വികാരവുമാണ്. അത്തരമൊരു വികാരം ചരിത്രമാകുമ്പോൾ ചില ഓർമകൾ കുറിക്കട്ടെ.
നെടുമങ്ങാട്ട് പഴകുറ്റിയിൽ ഇപ്പോൾ പ്രവർത്തനം നിലച്ച ശ്രീ സരസ്വതി തീയറ്ററാണ് ചിത്രത്തിൽ. ഒട്ടേറെ സിനിമകൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ അനുഭവം എനിക്ക് നൽകിയ സിനിമാശാലയാണിത്.
ദൃശ്യം, ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനാ ടൗൺ, ഒരു നാൾ വരും, ബാംഗ്ലൂർ ഡേയ്സ്, പയ്യാ , ആദവൻ, സ്‌നേഹ വീട്, ഭാഗ്യദേവത, ഐ.ജി , താപ്പാന, നീലത്താമര .... പറഞ്ഞാൽ ഒരുപാടുണ്ട് . പെട്ടെന്ന് മനസിൽ കടന്നുവന്നവ കുറിച്ചു എന്നു മാത്രം.

 സരസ്വതിയാകുന്നതിന് മുമ്പ് - നെടുമങ്ങാട് - ബിജു, നെടുമങ്ങാട് - സരോജ, നെടുമങ്ങാട് - സി.പി എന്നിങ്ങനെ പല പേരുകളിലും പല മാനേജ്മെന്റിലും ഈ കൊട്ടക പ്രവർത്തിച്ചു. 

എന്റെ കുട്ടിക്കാലത്ത് സിനിമാ പോസ്റ്ററുകൾ നോക്കിത്തുടങ്ങിയ കാലത്തും കാറിൽ സിനിമാ അനൗൺസ്മെന്റ് വരുമ്പോൾ നോട്ടീസ് പെറുക്കാൻ പിന്നാലെ ഓടുമ്പോഴും ഇവിടം നെടുമങ്ങാട് ബിജുവായിരുന്നു.

ഇൻ ഹരിഹർ നഗർ ഒക്കെ ബിജു തീയറ്ററിലാണ് വന്നതെന്നാണ് ഓർമ. പിന്നീട് സരോജ എന്ന പേരിലാകുന്നത് മുരളി - സുരേഷ് ഗോപി തുടങ്ങിയവർ അഭിനയിച്ച സത്യപ്രതിജ്ഞ എന്ന ചിത്രം മുതലാണ്.

സരോജ എന്ന പേരിൽ തന്നെ ഒന്നിലധികം മാനേജ്മെന്റുകൾ മാറി മാറി ഈ തീയറ്റർ നടത്തിയിട്ടുണ്ട്. 

പിന്നീട് 2006 ൽ ആണെന്ന് തോന്നുന്നു, ചിത്രത്തിൽ കാണുന്ന രൂപത്തിൽ ഗ്ലാസ് പാനൽ ഒക്കെ വച്ച് , ഇന്റീരിയറും സീറ്റും സ്ക്രീനും ഒക്കെ മാറി പുതു രൂപത്തിൽ സി.പി. സിനി ഹൗസായി ഈ കൊട്ടക പുനരവതരിച്ചത്. വട്ടപ്പാറയിലും വെഞ്ഞാറമൂട്ടിലും സി.പി. സിനി ഹൗസ് നടത്തിയിരുന്ന അതേ മാനേജ്മെന്റ് ഏറ്റെടുത്തപ്പോഴായിരുന്നു ഈ പേര് മാറ്റം
ദിലീപ് നായകനായ ചെസ് ആയിരുന്നു ഈ പേര് മാറ്റത്തിനു ശേഷമുള്ള ആദ്യ സിനിമ . തീയറ്റർ ഡി റ്റി എസ് ശബ്ദ സംവിധാനത്തിലുമായി. സി.പി. ആയിരിക്കുമ്പോൾ സുരേഷ് ഗോപിയുടെ 'ഐ.ജി ' എന്ന ചിത്രം മുതൽ ക്യൂബ് ഡിജിറ്റൽ പ്രൊജക്ഷനുമായി.

പിന്നീട് കുറേ കാലത്തിന് ശേഷം കുഞ്ചാക്കോ ബോബൻ - ജയസൂര്യ അഭിനയിച്ച ഗുലുമാൽ മുതൽ ശ്രീ സരസ്വതി എന്ന പേരിലായി ഈ സിനിമാശാല. ഒടുവിൽ പ്രദർശനം അവസാനിപ്പിക്കും വരെയും ഈ പേര് തുടർന്നു. ഇടയ്ക്ക് എ.സി യായി എന്നതാണ് അവസാനം വന്ന പരിഷ്കരണം.

ഇതേ മാനേജ്മെന്റിന് കളിയിക്കാവിളയിൽ ശ്രീ സരസ്വതി / ശ്രീ കാളീശ്വരി എന്ന പേരിൽ മികവാർന്ന 5 സ്ക്രീൻ തീയറ്റർ കോംപ്ലക്സുണ്ട്. കാട്ടാക്കടയിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച 7 സ്ക്രീൻ ശ്രീ കാളിദാസ് എം പ്ലെക്സ് തീയറ്റർ കോംപ്ലക്സുമുണ്ട്.

കോവിഡ് കാലത്ത് എല്ലാ തീയറ്ററുകളും പൂട്ടിയപ്പോൾ ശ്രീ സരസ്വതിയും പൂട്ടി. കോവി ഡ് നിയന്ത്രണങ്ങൾ മാറുമ്പോൾ കൂടുതൽ സൗകര്യങ്ങളോടെ പുനരവതരിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വലിയ കോംപ്ലക്സുകളായപ്പോൾ കുറഞ്ഞ സ്ഥലത്ത് നിൽക്കുന്ന ഈ തീയറ്ററിന് വികസന സാധ്യതയില്ലെന്ന് തോന്നിയാകാം പ്രദർശനം അവസാനിപ്പിച്ചത്.

 പക്ഷേ, കണ്ടത് മറ്റെന്തോ ആവശ്യത്തിനായി ഹാൾ രൂപമാറ്റം നടത്തിയ നിലയിലും. ഇനി എന്താ ഇവിടെ വരാൻ പോകുന്നതെന്ന് ആരോടും ചോദിക്കാൻ മിനക്കെട്ടില്ല. അറിഞ്ഞിട്ട് എനിക്കെന്ത് കാര്യം?

✍️Aashish CR

#keralatheatres #nedumangad 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.