Friday, April 22, 2022

കെ.ജി.എഫ് 2: മാസ് ആറാട്ട് !

ആദ്യ ഭാഗം കൊളുത്തി വെച്ച മാസ് മാലപ്പടക്കത്തിന്റെ പൂരമാണ് കെ.ജി എഫ് 2.  നന്നായി കഥ പറയാൻ അറിയുന്ന ആളാണ് പ്രശാന്ത് നീൽ. അതുകൊണ്ടാണല്ലോ ഹീറോയിസത്തിന്റെ മാസ് ബിൽഡപ്പ് മാത്രമുള്ള ഒരു കഥാതന്തുവിനെ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ ഇമവെട്ടാതെ മുന്നിൽ വന്നിരുന്ന് കേൾക്കാനും കഥയിലെ മായക്കാഴ്ചകൾ ആസ്വദിക്കാനും പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്.
ആദ്യഭാഗത്തിൽ റോക്കി ഭായ് എങ്ങനെ റോക്കി ഭായ് ആയി എന്നും അയാൾ എങ്ങനെ കെ.ജി.എഫ് എന്ന നിധി ക്കോട്ടയിൽ കടന്നുവെന്നുമാണല്ലോ പറഞ്ഞു നിർത്തിയത്.
ഇപ്പോൾ രണ്ടാം ഭാഗത്തിൽ ഗരുഡയുടെ മരണശേഷം കെ.ജി.എഫ് സാമ്രാജ്യം എങ്ങനെ റോക്കി തന്റേതാക്കിയെന്നാണ് വിശദീകരിക്കുന്നത്. അതായത്, കെ.ജി.എഫ് കൈപ്പിടിയിലാക്കിയ ശേഷം അയാൾ ആറാടുന്നതാണ് ഈ ഭാഗത്തിന്റെ രത്നചുരുക്കം. എന്നാൽ ഈ ആറാട്ടോ അർമാദമോ ഒട്ടും കൗതുകം ചോരാതെ പറയാനും , നായകന് ബിൽഡപ്പ് നൽകി വാനോളം എപ്പോഴും ഉയർത്തി നിർത്താനും പഞ്ച് ഡയലോഗുകളും പാകത്തിന് സെന്റിമെന്റും ആക്ഷനും ആകാംക്ഷയും നൽകാനും കെട്ടുറപ്പുള്ള തിരക്കഥയും ഒരുക്കമാർന്ന , അതേസമയം, വിസ്ഫോടനകരമായ അവതരണത്തിലൂടെയും പ്രശാന്ത് നീലിന് കഴിഞ്ഞു. കെ.ജി.എഫ് എന്ന ചിത്രകഥ പോലെ മായികമായ പശ്ചാത്തലവും മിഴിവാർന്ന ദൃശ്യാനുഭവമേകി. 
ക്യാമറ, പശ്ചാത്തല സംഗീതം, എഡിറ്റിംഗ് എന്നിവ ഇതിന് മാറ്റ് കൂട്ടുംവിധം ഉന്നത നിലവാരത്തിലും. ഒപ്പം നായകന്റെയും വില്ലന്റെയും ശക്തി പ്രേക്ഷകർക്ക് അനുഭവഭേദ്യമാകുന്ന യഷിന്റെയും സഞ്ജയ് ദത്തിന്റെയും സ്ക്രീൻ പ്രസൻസും. 
തീയറ്റർ അനുഭവമായ സിനിമയ്ക്ക് ഇതിൽപ്പരം എന്ത് ആനന്ദാനുഭൂതിയാണ് നൽകാനാവുക.
ഇനി കാത്തിരിക്കാം, രാജ്യത്തിനുപുറത്ത് റോക്കി ഭായ് കാട്ടിയ വീരസ്യങ്ങൾ കാണാൻ കെ.ജി.എഫ് മൂന്നാം ഭാഗത്തിനായി.

#kgf2 #kgf2review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.