Friday, April 22, 2022

ബീസ്റ്റ്: പാഴാക്കിയ അവസരം


നെൽസന്റെ സംവിധാനത്തിൽ വിജയ് നായകനായി 'ബീസ്റ്റ് ' എന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സൺ പിക്ചേഴ്സ് അവതരിപ്പിച്ചപ്പോൾ മുതൽ മികച്ച ഒരു എന്റർടെയ്നറിനായുള്ള കാത്തിരിപ്പിലായിരുന്നു തലപതി ഫാൻസ്. ട്രെയിലർ വന്നപ്പോൾ ആ ആവേശം ഉയർന്നു. 
പുതിയതല്ലെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കാവുന്ന കഥാതന്തു. വിജയ് മികച്ച ലുക്കിൽ ! അതിരുദ്ധിന്റെ ചേരുന്ന ബി.ജി.എം. പാട്ടിനു കൂട്ടായി ക്യൂട്ട് പൂജാ ഹെഗ്ഡേ  ... പ്രതീക്ഷകൾ വാനോളമായിരുന്നു.

റോയിലെ എല്ലാ അടവും അറിയാവുന്ന ഏജന്റ് വീരരാഘവൻ എന്ന നിലയിൽ മാസ് ആക്ഷൻ രംഗങ്ങൾ ആറാടാൻ ഉള്ള അവസരവും ഏറെയായിരുന്നു. 

ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു, അതിനുള്ളിൽ രക്ഷകനാകാൻ ശേഷിയുള്ള എന്തിനും പോന്ന വീരരാഘവനും ഉൾപ്പെടുന്നു. ആക്ഷൻ ആഘോഷങ്ങൾക്കും റെസ്ക്യൂ ഓപറേഷൻ ത്രില്ലടിപ്പിക്കാനും വേറെന്ത് വേണം. ടെയിലർ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ വികാരമിതായിരുന്നു.
സിനിമ കണ്ടു തുടങ്ങിയപ്പോഴും പ്രതീക്ഷ നൽകുന്ന രംഗങ്ങൾ. ഓവർ ഹൈപ്പില്ലാതെ നായക ഇൻട്രോ . പിന്നെ നായകന്റെ വീരസ്യം വെളിപ്പെടുത്താൻ ഒരു കശ്മീർ റെസ്ക്യൂ. 
നാട്ടിലെത്തിയ ഉടൻ കൂട്ടായി നായികയെ കിട്ടുന്നു. ഉടൻ അറബിക്കുത്ത് പാട്ടും. 
ഒ.കെ. രസച്ചേരുവകൾ എല്ലാമായി. ഇനി കഥ തുടങ്ങും എന്നു കരുതി.
പക്ഷേ, മാൾ ഹൈജാക്ക് കഴിഞ്ഞ ശേഷം ട്രെയിലറിൽ പറഞ്ഞു വച്ചതിനപ്പുറം ത്രിൽ ഘടകങ്ങൾ ഏകോപിപ്പിക്കാനോ ട്വിസ്റ്റോ ടെൻഷനോ കെട്ടിപ്പൊക്കാനോ കഴിയാതെ എഴുത്തുകാരൻ കൂടിയായ സംവിധായകൻ മെഴുകുന്നിടത്താണ് ബീസ്റ്റിന്റെ ശനി ദശ തുടങ്ങുന്നത്.
മികച്ച ലുക്കും ഒരുക്കമാർന്നതും ശക്തമാർന്നതുമായ പ്രകടനവുമായി കഥയെ കൈപിടിച്ചുയർത്താൻ വിജയ് സിനിമയിലുടനീളം പരിശ്രമിച്ചെങ്കിലും കഥ നീങ്ങാത്ത ദുർബല തിരക്കഥയും ബുദ്ധിയും ശക്തിയുമില്ലാത്ത വില്ലനും കൂടി ബീസ്റ്റിന്റെ കാര്യത്തിൽ തീരുമാനമാക്കി.
ഡാർക്ക് ഹോസ്റ്റേജ് കോമഡി ജോണറിൽ വിജയിന് അർമാദിക്കാൻ പറ്റുമായിരുന്ന ഒരു അവസരമാണ് നെൽസന്റെ തിരക്കഥാ ദൗർബല്യത്തിൽ പാഴാക്കിയത്.
എങ്കിലും വിജയ്, സെൽവരാഘവൻ , വി ടി വി ഗണേഷ് തുടങ്ങിയവരുടെ പ്രകടനം, പക്വമായ ഫ്രെയിമുകൾ, മികച്ച ആക്ഷൻ കോറിയോഗ്രാഫി (ഏറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല) എന്നിവയാണ് ബീസ്റ്റിന്റെ ബ്യൂട്ടി.

അടിക്കുറിപ്പ്: ഭാവിയിൽ യു.പി.എസ്.സി പരീക്ഷയിൽ ചോദിക്കാവുന്ന ചോദ്യം: 
റഫേൽ വിമാനം ഇന്ത്യ ഏതു ഓപറേഷനാണ് ആദ്യമായി ഉപയോഗിച്ചത് ?
വിജയ് സർന്റെ ഓപറേഷൻ ഉമർ മുഖ്താർ ഫ്രം പാകിസ്താൻ.

#beast #beastreview

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.