Tuesday, October 26, 2021

തീയറ്ററുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിതല യോഗം ചേരും


 സിനിമാ തീയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീയറ്റർ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിതല യോഗം ചേരും. ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ നാലുവകുപ്പുകളുമായി ബന്ധപ്പെട്ട് മാത്രമേ ഈ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് വകുപ്പ് മന്ത്രിമാരെക്കൂടെ പങ്കെടുപ്പിച്ചു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു യോഗം ചേരാൻ തീരുമാനിച്ചതെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അറിയിച്ചു.
കോവിഡ് 19  നിയന്ത്രണങ്ങളുടെ ഭാഗമായി  അടച്ചിട്ടിരുന്ന തിയേറ്ററുകൾ ഈ മാസം 25 മുതൽ തുറക്കുന്നതിന് സംസ്ഥാന ഗവണ്മെന്റ് തീരുമാനിക്കുകയും അതിനായുള്ള നിബന്ധനകളും നിർദ്ദേശങ്ങളും തിയേറ്റർ ഉടമകൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് തിയേറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി തിയേറ്റർ ഉടമകളുടെ ഭാഗത്ത് നിന്നും ചില അഭ്യർഥനകൾ ഉയർന്നു വരികയും അക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തിയേറ്റർ സംഘടനാഭാരവാഹികളുമായി സാംസ്‌കാരികമന്ത്രി കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു. 
 ഈ യോഗത്തിലെ ഉയർന്നുവന്ന അഭ്യർഥനകളും നിർദേശങ്ങളും മന്ത്രി  ചൊവ്വാഴ്ച (ഒക്‌ടോബർ 26)  മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. സംഘടനകൾ മുന്നോട്ട് വെച്ച എല്ലാ നിർദേശങ്ങളും സംബന്ധിച്ച് അനുഭാവപൂർണമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സാംസ്‌കാരിക മന്ത്രി അറിയിച്ചു. എത്രയും വേഗം ഈ യോഗം നടത്തി സിനിമാവ്യവസായത്തെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരെയും സഹായിക്കുന്ന സമീപനം സ്വീകരിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ഇതിനാവശ്യമായ തീരുമാനങ്ങൾ മന്ത്രിതലയോഗത്തിൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

cinematheatres, kerala, kerala government, kerala theatres

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.