Tuesday, December 6, 2016

IFFK2017: ചലച്ചിത്രോത്സവം: ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍


**കിം കി ഡുക്കിന്റെ 'നെറ്റും' മാര്‍ട്ടിന്‍ സാന്‍ഡ്വിലറ്റിന്റെ 'ലാന്‍ഡ് ഓഫ് മൈനും ' പ്രദര്‍ശനത്തിന്

ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ പുതിയ ചിത്രമായ 'നെറ്റും' ഇത്തവണ ലോകവിഭാഗത്തിലുണ്ട്. വടക്കന്‍ കൊറിയയിലെ പാവപ്പെട്ട ഒരു മീന്‍പിടുത്തക്കാരന്റെ ജീവിത കഥയാണ്  'നെറ്റ്'. കിം ജീ വൂന്‍ സംവിധാനം ചെയ്ത 'ദി ഏജ് ഓഫ് ഷാഡോസ്' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഉള്‍പ്പടെ നിരവധി മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തിന്റെ പ്രത്യേകതയാണ്.

ബോളിവുഡ് നടി കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത 'എ ഡെത്ത് ഇന്‍ ദ ഗുഞ്ച്', ലീനാ യാദവിന്റെ 'പാര്‍ച്ച്ഡ്', ഗുര്‍വിന്ദര്‍ സിംങിന്റെ 'ചൗത്തി കൂട്ട്' എന്നിവയാണ് ലോകവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍.

മനുഷ്യരും പരേതാത്മാക്കളും തമ്മിലുള്ള ആശയവിനിമയത്തിലൂടെ വികസിക്കുന്നതാണ് നടി കൊങ്കണ സെന്‍ ശര്‍മയുടെ ആദ്യ ചിത്രമായ 'എ ഡെത്ത് ഇന്‍ ദി ഗുഞ്ച്'. ബോളിവുഡ് നടനും സംവിധായകനുമായ അജയ് ദേവ്ഗണ്‍ നിര്‍മിച്ച് ലീന യാദവ് സംവിധാനം ചെയ്ത ചിത്രമാണ് 'പാര്‍ച്ച്ഡ്'. പഞ്ചാബിലെ ഗുര്‍വിന്ദര്‍ സിംഗ് സംവിധാനം ചെയ്ത 'ചൗത്തി കൂട്ട്' 1980 കളിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ കാലത്തുണ്ടായ സംഭവങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

എട്ട് ഇറാനിയന്‍ സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസ്ഗാര്‍ ഫര്‍ഹാദിയുടെ 'ദി സെയില്‍സ്മാന്‍'  ഇതില്‍ ഉള്‍പ്പെടും. കൂടാതെ 2016 ലെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ജാപ്പനീസ് ചിത്രം 'ആഫ്റ്റര്‍ ദി സ്റ്റോം'  (ഹിരോകാസു കൊരീദ), ഫ്രഞ്ച് സംവിധായകന്‍ പോള്‍ വെര്‍ഹോവന്‍ ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'എല്ലി', ചിലിയന്‍ സംവിധായകന്‍ അലെഹാന്‍ന്ത്രോ ഹൊദോറോവ്‌സ്‌കിയുടെ 'എന്‍ഡ്‌ലെസ് പോയട്രി', ടര്‍ക്കിഷ് സംവിധായകന്‍ ഫാതിഹ് അകിന്‍ സംവിധാനം ചെയ്ത 'ഗുഡ്‌ബൈ ബെര്‍ലിന്‍' എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.

ഡാനിഷ് സംവിധായകനായ മാര്‍ട്ടിന്‍ സാന്‍ഡ്വിലറ്റ് സംവിധാനം ചെയ്ത 'ലാന്‍ഡ് ഓഫ് മൈന്‍'  എന്ന ചിത്രം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുഴിബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ഡെന്‍മാര്‍ക്കിലേക്ക് പോകാന്‍ നിര്‍ബന്ധിതരായ ജര്‍മന്‍ പട്ടാളക്കാരുടെ കഥയാണ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി അടുത്ത വര്‍ഷത്തെ ഓസ്‌കാറിലേക്ക് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

'ഇറ്റ്‌സ് ഒണ്‍ലി ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്'  (സേവിയര്‍ ഡോളന്‍, കാനഡ), 'ദി അണ്‍നോണ്‍ ഗേള്‍' (ജീന്‍ പിയറി ഡര്‍ഡേന്‍, ലുക് ഡര്‍ഡേന്‍, ബെല്‍ജിയംഫ്രാന്‍സ്), തോമസ് വിന്റര്‍ബെര്‍ഗിന്റെ ഡാനിഷ് ചിത്രം 'ദി കമ്യൂണ്‍', ഈജിപ്ഷ്യന്‍ സംവിധായിക ഹലാ ഖാലിലിന്റെ 'നവാര', സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്റ്റൂറിക്കയുടെ 'ഓണ്‍ ദ മില്‍ക്കി റോഡ്', മിലോസ് റാഡോവിക്കിന്റെ 'ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി', റൊമാനിയന്‍ സംവിധായകരായ ക്രിസ്ത്യാന്‍ മുഞ്ചിയുവിന്റെ 'ഗ്രാജ്യുവേഷന്‍', ക്രിസ്റ്റി പിയുവിന്റെ 'സിയാരേ നെവാദ' എന്നിവയാണ് ലോകവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് പ്രധാന ചിത്രങ്ങള്‍.

iffk, iffk2017, world cinema, kerala film festival, thiruvananthapuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.