Tuesday, December 6, 2016

iffk2017: രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍


ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ മിഷേല്‍ ക്ലെഫിയുടേതടക്കം (ഇസ്രയേല്‍) നാലു പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രതാരം സീമ ബിശ്വാസ്, ഇറാനിയന്‍ ചല ച്ചിത്രതാരം ബാരന്‍ കൊസാറി, കസാക്കിസ്ഥാന്‍ സംവിധായകനായ സെറിക് അപ്രിമോവ്, ഡര്‍ബന്‍ ചലച്ചിത്രമേളയിലെ പ്രോഗ്രാം ഡയറക്ടറായ പെഡ്രോ പിമെന്ത എന്നിവരാണ് ജൂറി അംഗങ്ങള്‍.

സീമ ബിശ്വാസ് അഭിനയിച്ച ദീപാ മേത്ത ചിത്രം 'അനാട്ടമി ഓഫ് വയലന്‍സ്', 'വെഡ്ഡിങ് ഇന്‍ ഗലീലി' (മിഷേല്‍ ക്ലെഫി), 'ദി ഹണ്ടര്‍' (സെറിക് അപ്രിമോവ്), ബാരന്‍ കൊസറി അഭിനിയിച്ച് റെസ ഡോര്‍മിഷ്യന്‍ സംവിധാനം ചെയ്ത 'ലന്റൂറി' എന്നിവയാണ് ജൂറി ചിത്രങ്ങള്‍.

 കോളിളക്കം സൃഷ്ടിച്ച ഡല്‍ഹിയിലെ 'നിര്‍ഭയ' സംഭവത്തെ അടിസ്ഥാനമാക്കിയ ചിത്രമാണ് ദീപാ മേത്തയുടെ 'അനാട്ടമി ഓഫ് വയലന്‍സ്'. ടൊറന്റോ ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം നേടിയ ഈ ഹിന്ദി ചിത്രത്തിലാണ് ജൂറി അംഗമായ സീമാ ബിശ്വാസ് പ്രധാന വേഷത്തിലെത്തുന്നത്.

1950 കളിലെ അറബ്ഇസ്രയേല്‍ യുദ്ധപശ്ചാത്തലത്തില്‍ ഒരുക്കിയതാണ് മിഷേല്‍ ക്ലെഫിയുടെ 'വെഡ്ഡിങ് ഇന്‍ ഗലീലി'. കര്‍ഫ്യൂ സമയത്ത് മകന്റെ വിവാഹാഘോഷം നടത്താന്‍ ശ്രമിക്കുന്ന പിതാവിന്റെ അനുഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. 

കസാക്കിസ്ഥാനിലെ ഒരു ഉള്‍ഗ്രാമത്തിലുള്ള 12 വയസ്സുകാരന്റെയും വേട്ടക്കാരന്റെയും ജീവിതാവിഷ്‌കാരമായ സെറിക് അപ്രിമോവിന്റെ 'ദി ഹണ്ടര്‍' നെറ്റ്പാക് പുരസ്‌കാരം, ഗ്രാന്റ് പ്രിക്‌സ് ചലച്ചിത്രമേളയിലെ ഡി മിലാന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ഇറാനി പുതുതലമുറ സിനിമകളില്‍ വിഖ്യാതനായ റെസ ഡോര്‍മിഷ്യന്റെ 'ലന്റൂറി' ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസനേടിയ ചിത്രമാണ്. കാമുകന്റെ ആസിഡ് ആക്രമണത്തില്‍ ശരീരം വികൃതമായ ഒരു പെണ്‍കുട്ടിയുടെ ജീവിതം പങ്കുവെയ്ക്കുന്ന 'ലന്റൂറി' ഇക്കൊല്ലത്തെ മികച്ച പശ്ചിമേഷ്യന്‍ ജനപ്രിയ ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.