Tuesday, December 6, 2016

IFFK2017: നിശാഗന്ധി ഒരുങ്ങി; 3000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം; ആധുനിക സംവിധാനത്തോടെയുള്ള ഓപ്പണ്‍ എയര്‍ തീയറ്റര്‍


ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ വരവേല്‍ക്കാന്‍ നിശാഗന്ധിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോകോത്തര നിലവാരത്തിലുള്ള തുറന്ന വേദിയില്‍ ഇത്തവണ ഡെലിഗേറ്റുകള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനാകും. 3000 പേര്‍ക്ക് ഇരിക്കാവുന്ന മേല്‍ക്കൂരയുള്ള ഓപ്പണ്‍ എയര്‍ തീയറ്ററാക്കി മാറ്റിയാണ് ഇക്കുറി നിശാഗന്ധി ചലച്ചിത്രമേളയ്ക്ക് മാറ്റ് കൂട്ടുന്നത്. ടൂറിസം വകുപ്പാണ് നിശാഗന്ധിക്ക് പുതിയ മുഖം ഒരുക്കിയിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം നിശാഗന്ധിയിലെ സിനിമാ പ്രദര്‍ശനം 1000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന താത്കാലികമായി നിര്‍മിച്ച തിയേറ്ററിലായിരുന്നു. 

നൂതനമായ 4K പ്രൊജക്ടറാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഇത്തവണ ഉപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും. നിശാഗന്ധിയുടെ ചുമരിന് സമാന്തരമായിട്ടാകും പുതിയ സ്‌ക്രീന്‍. ഇവിടെ എല്ലാ ദിവസവും മൂന്ന് സിനിമ വീതം പ്രദര്‍ശിപ്പിക്കും. മേളയിലെ ജനപ്രിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് നിശാഗന്ധി പ്രയോജനപ്പെടുത്തുക. വൈകിട്ട് ആറിനും എട്ടിനും പത്തിനുമായിരിക്കും പ്രദര്‍ശനം. സിനിമകളുടെ ദൈര്‍ഘ്യം അനുസരിച്ച് സമയം ക്രമീകരിക്കും. 

ചലച്ചിത്രമേളയുടെ ഉദ്ഘാടനസമാപന ചടങ്ങുകള്‍ നടക്കുന്നത്  നിശാഗന്ധിയിലാണ്. നിശാഗന്ധിയുടെ കവാടം യശശ്ശരീരനായ കവി ഒ.എന്‍.വി കുറുപ്പിന് ആദരമായാണ് സമര്‍പ്പിച്ചിരിക്കുന്നത്.



0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.