Friday, November 4, 2016

ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ അഞ്ച് മുതല്‍



* അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍
* ട്രാന്‍സ്‌ജെന്‍ഡറിന് അപേക്ഷാഫോമില്‍ പ്രത്യേക കോളം


കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ 2016) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് (നവംബര്‍ അഞ്ച്) ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. www.iffk.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ചലച്ചിത്ര അക്കാഡമിയുടെ ശാസ്തമംഗലത്തെ ഓഫീസിലും കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ഞൂറു രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നൂറു രൂപ മതി. നവംബര്‍ 25 ന് രജിസ്‌ട്രേഷന്‍ സമാപിക്കും. പാസുകള്‍ അവശേഷിക്കുകയാണെങ്കില്‍ നവംബര്‍ 26ന് എഴുനൂറു രൂപ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന ഐ.ഡി. പ്രൂഫ് പരിശോധിച്ചശേഷം മാത്രമേ ഫീസ് സ്വീകരിക്കൂ.

13,000 പാസുകളാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ അഞ്ചിന് ടാഗോര്‍ തിയേറ്ററിലുള്ള ഡെലിഗേറ്റ് സെല്ലിലൂടെ പാസുകള്‍ വിതരണം ചെയ്യും. ഇതോടൊപ്പം ഫെസ്റ്റിവല്‍ ബുക്കും ബാഗും വിതരണം ചെയ്യും.

ഇത്തവണ ട്രാന്‍സ്‌ജെന്‍ഡറിന് അപേക്ഷാ ഫോമില്‍ പ്രത്യേക കോളം ചേര്‍ത്തിട്ടുണ്ട്. അവര്‍ക്ക് തിയേറ്ററുകളില്‍ പ്രത്യേക വാഷ് റൂം ഒരുക്കും.

സിനിമ, ടി.വി. പ്രവര്‍ത്തകര്‍ക്ക് ഇത്തവണ പ്രത്യേക പാസ് നല്‍കും. ഫിലിം/ടി.വി. പ്രൊഫഷണല്‍ എന്ന് രേഖപ്പെടുത്തിയ പാസാണ് നല്‍കുക. അതത് സംഘടനകളുടെയോ അംഗീകൃത സ്ഥാപനങ്ങളുടെയോ സ്ഥിരീകരണം കിട്ടിയശേഷം മാത്രമേ രജിസ്‌ട്രേഷന്‍ ഫീസ് സ്വീകരിക്കുകയുള്ളൂ.

ഫെസ്റ്റിവലിനു മുന്നോടിയായി നവംബര്‍ ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിച്ച ടൂറിംഗ് ടാക്കീസ് വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തിയശേഷം നവംബര്‍ നാലിന് തിരുവനന്തപുരത്ത് സമാപിച്ചു. ഫെസ്റ്റിവല്‍ തുടങ്ങുന്നതിനുമുമ്പ് ശംഖുമുഖം, കോവളം, ടെക്‌നോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കൗണ്ട് ഡൗണ്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും കമല്‍ പറഞ്ഞു.

മത്സര ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മലയാളി സംവിധായകരായ വിധു വിന്‍സെന്റിന്റെ മാന്‍ഹോളും ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരവും അടക്കം പതിനാല് ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.


#IFFK, iffk2016, iffk, kerala, film fest, thiruvananthapuram, cinema, world cinema, iffk registration

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.