Saturday, September 17, 2016

Oppam review: ഒപ്പം: ലാലും പ്രിയനും വീണ്ടും പ്രേക്ഷകര്‍ക്കൊപ്പം
മുന്നു പതിറ്റാണ്ടോളമായി മലയാളികളെ തീയറ്ററുകളിലേക്ക് ആകര്‍ഷിക്കാനും ആഹ്‌ളാദിപ്പിക്കാനും പോന്ന മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ടീം ഇടയ്ക്ക് കുറച്ചുകാലമായി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ഒരുപക്ഷേ, 15 കൊല്ലത്തോളം മുമ്പ് കാക്കക്കുയിലില്‍ തുടങ്ങിയ ആ നിരാശകള്‍ അവസാനിപ്പിച്ച് പ്രേക്ഷകരെ വീണ്ടും രസിപ്പിക്കുന്ന ചിത്രവുമായി എത്തുകയാണ് ഇത്തവണ 'ഒപ്പ'ത്തിലൂടെ. രസിപ്പിക്കുക, എന്നാല്‍ പതിവ് പ്രിയന്‍ലാല്‍ ചിത്രങ്ങളുടെ പ്രധാന ചേരുവയായ നര്‍മമല്ല, ഈ ചിത്രത്തിലെ അടിസ്ഥാനഘടകമെന്നതും ഓര്‍മിപ്പിക്കട്ടെ. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന 'ഒപ്പം' എന്തായാലും പ്രേക്ഷകരെ വെറുപ്പിക്കില്ല, എന്നത് ഗ്യാരന്റി.

അന്ധനായ കഥാപാത്രമായി ആദ്യമായി മോഹന്‍ലാല്‍ എത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിലെ ആദ്യ പ്രത്യേകത. കുടുംബഭാരം ചുമലിലേറ്റിയ നല്ലവനായ, അധ്വാനിയായ, ഏവര്‍ക്കും പ്രിയങ്കരനായ ക്ലീഷേ കഥാപാത്രമാണ് ജയരാമന്‍ എന്ന ലിഫ്റ്റ് ഓപ്പറേറ്റര്‍. താന്‍ ജോലി ചെയ്യുന്ന ഫല്‍റ്റിലെ റിട്ട. സുപ്രീം കോടതി ജഡ്ജി കൃഷ്ണമൂര്‍ത്തി (നെടുമുടി വേണു) യുടെ അടുത്ത സഹായി, ഒരുപക്ഷേ, മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണിയാള്‍. മറ്റാരെയും വിശ്വാസമില്ലാത്ത സഹായങ്ങള്‍ക്ക് മൂര്‍ത്തി കൂടെക്കൂട്ടുക ജയരാമനെയാണ്. ഒരു ആഘോഷരാത്രിയില്‍ മൂര്‍ത്തി കൊല്ലപ്പെടുന്നു. കൊലയാളി തലനാരിഴ വ്യത്യാസത്തില്‍ ജയരാമന്റെ പിടിയില്‍നിന്ന് വഴുതിപ്പോകുന്നു. പോലീസ് ജയരാമനെ സംശയിക്കുന്നു. 

ഇതിനിടെ, കൊലയാളി തന്റൊപ്പം ഉള്ളതായി അന്ധനാണെങ്കിലും മറ്റ് ഇന്ദ്രിയങ്ങളിലൂടെ ജയരാമന്‍ തിരിച്ചറിയുന്നു. ഇക്കാര്യങ്ങള്‍ പോലീസിലുള്‍പ്പെടെ അറിയിക്കുന്നെങ്കിലും അന്ധന്റെ കഥ രക്ഷപ്പെടാനുള്ള കഥയായി മാത്രം കണ്ട് തള്ളുകയാണവര്‍. എന്നാല്‍, കൊലയാളിയില്‍ നിന്ന് രക്ഷനേടുകയെന്നതും അയാളെ പിടികൂടുകയെന്നതും നിരപരാധിത്വം തെളിയിക്കുകയെന്നതും ജയരാമന്റെ മാത്രം ബാധ്യതയാകുന്നു. ഇതാണീ ചിത്രത്തിന്റെ കഥാതന്തു.


കൊലപാതകം കഴിഞ്ഞയുടന്‍ തന്നെ കൊലയാളിയെ (സമുദ്രക്കനി) കാണിക്കുന്നതിനാലും അയാളുടെ ലക്ഷ്യം വെളിപ്പെടുന്നതിനാലും സസ്‌പെന്‍സിനും ട്വിസ്റ്റിനുമുള്ള വകുപ്പൊന്നും ആദ്യമേ കഥയില്‍ ഒളിപ്പിച്ചിട്ടില്ല. അതേസമയം, ഇതൊന്നുമില്ലാതെ ആസ്വാദ്യമായ ത്രില്ലറായി ചിത്രത്തെ പാകപ്പെടുത്തുന്നതിലൂടെയാണ് 'ഒപ്പം' കണ്ടിരിക്കാവുന്ന എന്റര്‍ടെയ്‌നറായി മാറുന്നത്.
ഫല്‍റ്റില്‍ നടക്കുന്ന കൊല, അപരിചിതന്റെ സ്ഥിരം വരവ് എന്നിവ പ്രേക്ഷകര്‍ക്ക് ഒരു പരിധിവരെയെങ്കിലും ദഹിക്കാതെ പോയാല്‍ കുറ്റം പറയാനാകില്ല. ഒരു സന്ദര്‍ശകന്‍ വന്നാല്‍ െഎ.ഡി പ്രൂഫ്് വരെ വാങ്ങി ഫല്‍റ്റിനുള്ളിലേക്ക് കടത്തിവിടുകയും മുട്ടിനുമുട്ടിന് സി.സി.ടി.വികളുമുള്ള ഇക്കാലത്ത് അലസമായി ഒരു കൊലയാളി ഫല്‍റ്റില്‍ നിരവധി തവണ കയറിയിറങ്ങാനാവുന്നത് ഒരു കല്ലുകടിതന്നെയാണ്. ക്‌ളൈമാക്‌സിന്റെ ദൈര്‍ഘ്യവും അല്‍പം വിരസതയുണ്ടാക്കുന്നുണ്ട്. ഇടയ്ക്ക് പോലീസ് സ്‌റ്റേഷനില്‍ നായകന്‍ അതിമാനുഷികനാകുന്നതും കഥയുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇവ മാറ്റിവെച്ചാല്‍ അടുത്തിടെ ഇറങ്ങിയ പ്രിയന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ സാങ്കേതിക മികവിലും അഭിനേതാക്കളുടെ പ്രകടനങ്ങളിലും സംഗീതത്തിലുമൊക്കെ സ്വര്‍ഗമാണ് 'ഒപ്പം'. ജയരാമന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന് അനായാസമായി കൈകാര്യം ചെയ്ത് ഫലിപ്പിക്കാനായി. വില്ലനായി സമുദ്രക്കനിയും പോലീസ് ഉദ്യോഗസ്ഥ ഗംഗയായി അനുശ്രീയും കൃഷ്ണമൂര്‍ത്തിയായി നെടുമുടിയും സെക്യൂരിറ്റിയായി മാമുക്കോയയും പോലീസ് ഉദ്യോഗസ്ഥനായി ചെമ്പന്‍ വിനോദും ബാലതാരം മീനാക്ഷിയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. 

ബി.കെ ഹരിനാരായണന്‍ രചിച്ച് ഫോര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ രസമുള്ളവയാണ്. ഏകാമ്പരത്തിന്റെ ക്യാമറയും ചിത്രത്തിന് നിറം പകരുന്നു. പ്രിയദര്‍ശന്റെ സാങ്കേതിക മികവ് ചോര്‍ന്ന് പോയിട്ടില്ല എന്ന വിളിച്ചറിയിക്കലാണ് ഒരുപരിധി വരെ ഈ ചിത്രം.

1954ലെ 'ദി ഡാര്‍ക്ക് സ്‌റ്റെയര്‍വേ'യുടെ വിദൂരഛായയുണ്ടെങ്കിലും 'ഒപ്പം' ഒരു മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രമായി ആസ്വദിക്കാന്‍ ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് പ്രയാസമുണ്ടാകില്ല. കുറച്ചു ജാഗ്രതയും അല്‍പം ഒതുക്കവും ഉണ്ടായിരുന്നെങ്കില്‍ 'ഒപ്പം' കൂടുതല്‍ സുന്ദരമാകുമായിരുന്നു എന്നതും ഇക്കൂട്ടത്തില്‍ പറയേണ്ടതുണ്ട്. 

- അഭിമന്യു 

Oppam, oppam review, mohanlal, priyadarshan, malayalam cinema, malayalam cinema review, latest film news
0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.