Friday, September 2, 2016

ഓണച്ചിത്രങ്ങളൊരുങ്ങി, തീയറ്റര്‍ കണ്ടെത്താന്‍ മല്‍സരം




ഈ ഓണത്തിന് തീയറ്ററുകള്‍ നിറയ്ക്കാന്‍ കൈനിറയെ ഓണച്ചിത്രങ്ങള്‍. മലയാള ചിത്രങ്ങള്‍ക്ക് പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളും തെലുങ്കില്‍ നിന്നുള്ള സൂപ്പര്‍താര മൊഴിമാറ്റ ചിത്രവും മല്‍സരരംഗത്തുണ്ട്. എണ്ണം കൂടുന്നതനുസരിച്ച് ഓരോ കേന്ദ്രത്തിലും എല്ലാ ചിത്രങ്ങള്‍ക്കും സ്‌ക്രീന്‍ കണ്ടെത്താന്‍ വിതരണക്കാര്‍ കഷ്ടപ്പെടുന്നതാണ് ഈയാഴ്ചത്തെ കൗതുകം.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ 'ഒപ്പം', പൃഥ്വിരാജ്-ജീത്തു ജോസഫ് ടീമിന്റെ 'ഊഴം', ദിലീപ്-സുന്ദര്‍ദാസ് ടീമിന്റെ 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍', കുഞ്ചാക്കോ ബോബന്‍-സിദ്ധാര്‍ഥ ശിവ ടീമിന്റെ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ', ജൂഡ് ആന്റണി ജോസഫിന്റെ 'ഒരു മുത്തശ്ശി ഗദ' എന്നിവയാണ് ഓണം വാരത്തിലെത്തുന്ന പ്രധാന മലയാള ചിത്രങ്ങള്‍. തെലുങ്ക് ഡബ്ബിംഗ് ഉള്‍പ്പെടെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉള്ളപ്പോള്‍, മമ്മൂട്ടിയുടെ ചിത്രം ഇത്തവണ ഓണത്തിന് റിലീസ് ചെയ്യുന്നില്ല.


മോഹന്‍ലാല്‍-ജൂനിയര്‍ എന്‍.ടി.ആര്‍ ടീം ഒന്നിക്കുന്ന തെലുങ്ക് ചിത്രം 'ജനതാ ഗാരേജി'ന്റെ മലയാളം പതിപ്പും കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വിക്രം-നയന്‍താര ടീമിന്റെ 'ഇരുമുഖന്‍' ആണ് തമിഴില്‍ നിന്നുള്ള ആകര്‍ഷണം. 




മേല്‍പ്പറഞ്ഞ ചിത്രങ്ങളില്‍ ആദ്യമെത്തുന്നത് തെലുങ്കില്‍ നിന്നുള്ള മൊഴിമാറ്റ ചിത്രമായ 'ജനതാ ഗാരേജ്' ആണ്. സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മാസ്-കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോന്ന രീതിയില്‍ മോഹന്‍ലാലിനും ജൂനിയര്‍ എന്‍.ടി.ആറിനും മികച്ച സ്‌ക്രീന്‍ സ്‌പേസ് നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. സാമന്തയാണ് നായിക. ആശിര്‍വാദ് -മാക്‌സ്‌ലാബ് റിലീസ് വിതരണത്തിനെത്തിക്കുന്ന ചിത്രം അടുത്തവാരം ഇതേ കമ്പനിയുടെ മോഹന്‍ലാല്‍ ചിത്രം 'ഒപ്പം' എത്തുമ്പോള്‍ കുറേ തീയറ്ററുകളിലെങ്കിലും വഴി മാറികൊടുക്കേണ്ടിവരുകയോ ഷോകള്‍ കുറയുകയോ ചെയ്യും. 


സെപ്റ്റംബര്‍ എട്ടിനാണ് ഏറെ പ്രതീക്ഷകളോടെ വീണ്ടും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം ഒന്നിക്കുന്ന 'ഒപ്പം' തീയറ്ററുകളില്‍ എത്തുന്നത്. വിമലാ രാമന്‍, സമുദ്രക്കനി, അനുശ്രീ, നെടുമുടി വേണു, മാമുക്കോയ, അര്‍ജുന്‍ നന്ദകുമാര്‍, ബേബി മീനാക്ഷി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഗോവിന്ദ് വിജയന്‍േറതാണ്. സംഗീതം: 4 മ്യൂസിക്‌സ്, ക്യാമറ: എന്‍.കെ. ഏകാമ്പരം, എഡിറ്റിംഗ്: അയ്യപ്പന്‍ നായര്‍. കൊലക്കുറ്റം ആരോപിക്കപ്പെട്ട അന്ധനായ നായകന്‍ സത്യം തേടിയിറങ്ങുന്നതാണ് കഥാതന്തു.


സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന പൃഥ്വിരാജിന്റെ 'ഊഴം' സെപ്റ്റംബര്‍ എട്ടിന് തന്നെ റിലീസ് ചെയ്യും. പ്രതികാര കഥ പറയുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയും രസ്‌ന പവിത്രനുമാണ് നായികമാര്‍. ബാലചന്ദ്രമേനോന്‍, നീരജ് മാധവ്, കിഷോര്‍ സത്യ, ഇര്‍ഷാദ്, സമ്പത്ത് രാജ്, പശുപതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനില്‍ ജോണ്‍സണ്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷംദത്ത് സൈനുദ്ദീനാണ്. ഗാനങ്ങള്‍: സന്തോഷ് വര്‍മ, എഡിറ്റിംഗ്: അയൂബ് ഖാന്‍. സി. ജോര്‍ജും ആന്‍േറാ പടിഞ്ഞാറേക്കരയുമാണ് നിര്‍മാതാക്കള്‍. 


ഉദയാ പിക്‌ചേഴ്‌സിന്റെ തിരിച്ചുവരവായി കുഞ്ചാക്കോ ബോബന്‍ തന്നെ നിര്‍മിച്ച് നായകനാകുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' സെപ്റ്റംബര്‍ ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍, അജു വര്‍ഗീസ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരാണ് പ്രധാന താരങ്ങള്‍. സംഗീതം: ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം: നീല്‍ ഡി കുഞ്ഞ. നടന്‍ കൂടിയായ ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ഥ് ശിവയാണ് ചിത്രമൊരുക്കുന്നത്. 


ദിലീപിനെ നായകനാക്കി സുന്ദര്‍ദാസ് ഒരുക്കുന്ന 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' പത്തിന് പ്രദര്‍ശനത്തിനെത്തുന്നു. ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ വേദികയാണ് നായിക. ബേണി ഇഗ്‌നേഷ്യസ് ടീമാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രാഹണം: അഴകപ്പന്‍. രഞ്ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷറഫുദ്ദീന്‍, തെസ്‌നി ഖാന്‍, വീണാ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 


'ഓംശാന്തി ഓശാന'ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'ഒരു മുത്തശ്ശി ഗദ' യും ഒന്‍പതാം തീയതിയാണ് റിലീസ് വെച്ചിരുന്നതെങ്കിലും 15 ലേക്ക് മാറ്റിയതായാണ് വിവരം. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, നമിത പ്രമോദ്, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ലെന, സുരാജ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ടെങ്കിലും പ്രധാന കഥാപാത്രങ്ങളാകുന്നത് രണ്ട് പുതുമുഖ മുത്തശ്ശിമാരാണ്. രാജിനി ചാണ്ടിയാണ് റൗഡി ലീലാമ്മ എന്ന പ്രധാന മുത്തശ്ശിയായി എത്തുന്നത്. ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുത്തശ്ശിമാരുടെ കഥ പുതുമയോടെ അവതരിപ്പിക്കുന്നത്. സംഗീതം: ഷാന്‍ റഹ്മാന്‍, ക്യാമറ: വിനോദ് ഇല്ലമ്പിള്ളി, എഡിറ്റിംഗ്: ലിജോ പോള്‍. മുകേഷ് മേത്തയാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിനുവേണ്ടി ചിത്രം നിര്‍മിക്കുന്നത്. 


ആദ്യം സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് വിക്രമിന്റെ തമിഴ് ചിത്രമായ 'ഇരുമുഖന്‍'.  കേരളത്തില്‍ നിന്ന് ഓണത്തിനുമുന്‍പുള്ള ഒരാഴ്ചത്തെ ഇന്‍ഷ്യല്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രം അടുത്താഴ്ചത്തേക്ക് (സെപ്: 8) റിലീസ് മാറ്റിയത് ഇന്‍ഷ്യല്‍ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. തമീന്‍സ് റിലീസാണ് ചിത്രം നിര്‍മിച്ച് വിതരണം ചെയ്യുന്നത്. നയന്‍താരയാണ് നായിക. നായകനും വില്ലനുമായി വിക്രം ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. മറ്റൊരു തമിഴ് ചിത്രമായ 'തൊടരി' 16ന് റിലീസ് ചെയ്യും. 


എ.ആര്‍. മുരുഗദോസിന്റെ ഹിന്ദിചിത്രം 'അകിര' സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ്. സോനാക്ഷി സിന്‍ഹ, മിഥുന്‍ ചക്രവര്‍ത്തി, കൊങ്കണാ സെന്‍ ശര്‍മ തുടങ്ങിയവരാണ് താരങ്ങള്‍. സിദ്ധാര്‍ഥ് മല്‍ഹോത്രയും കത്രീനാ കൈഫും പ്രധാനവേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 'ബാര്‍ ബാര്‍ ദേഖോ'യുടെ റിലീസ് സെപ്റ്റംബര്‍ ഒന്‍പതിനാണ്. 



oppam, oozham, welcome to central jail, oru muthassi gadha, kochavva paulo ayyappa coelho, irumukhan, akira, thodari, baar baar dekho, onam releases, malayalam movies, onam movie reviews, malayalam movie gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.