Thursday, September 8, 2016

കെ.ജി. ജോര്‍ജിനിത് അര്‍ഹതയ്ക്കുള്ള അംഗീകാരം


മലയാളികള്‍ക്ക് ചലച്ചിത്രസങ്കേതങ്ങളുടെ സാധ്യതകള്‍ പരമാവധി പറഞ്ഞുതന്ന പ്രിയസംവിധായകന്‍ കെ.ജി ജോര്‍ജിന് ലഭിച്ച ജെ.സി. ഡാനിയല്‍ പുരസ്‌കാരം അര്‍ഹതയ്ക്കുള്ള കിരീടം.

മലയാളസിനിമയുള്ളിടത്തോളം കാലം പഠനത്തിനും ചര്‍ച്ചകള്‍ക്കും എല്ലാത്തരം പ്രേക്ഷകര്‍ക്കും അസ്വാദനത്തിനും വക നല്‍കുന്ന വിരുന്നുകളാണ് ജോര്‍ജിന്റെ സിനിമകള്‍. ചെയ്ത ചിത്രങ്ങളുടെയും കൈവെച്ച വിഷയങ്ങളുടെയും വൈവിധ്യവും അവ പറയാനുപയോഗിച്ച സങ്കേതങ്ങളുടെ നൂതനതയും മാത്രം മതി അദ്ദേഹത്തെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച ടെക്‌നീഷ്യനായി അടയാളപ്പെടുത്താന്‍.

നല്ല സിനിമകളും ഗൗരവമുള്ള പ്രമേയങ്ങളും പറയാന്‍ പ്രത്യേകതരം ശൈലിയോ ചട്ടക്കൂടോ ബലംപിടുത്തങ്ങളോ വേണ്ടെന്ന് പല ഇരുത്തംവന്ന സംവിധാനപ്രതിഭകള്‍ക്കും കാണിച്ചുകൊടുത്തു ജോര്‍ജിന്റെ വഴക്കുമുള്ള കഥപറച്ചിലും അവതരണവും.

നല്ല സിനിമ നല്ല രീതിയില്‍ തീയറ്ററുകളില്‍ കൈയടിവാങ്ങുന്ന രീതിയില്‍ തന്നെ നിലവാരം ചോരാതെ ഒരുക്കുവാനുള്ള ഒരു മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു എന്നു പറയുന്നതാകും വാസ്തവം. ഏതൊരു സംവിധായകന്റെയും സ്വപ്‌നമായ കലാമൂല്യവും വാണിജ്യവിജയവും അദ്ദേഹം സ്വന്തം സിനിമകള്‍ നേടിയ തീയറ്റര്‍ വിജയങ്ങളിലൂടെയും നിരൂപകപ്രശംസകളിലൂടെയും നേടിയെടുത്തു.

1975ല്‍ 'സ്വപ്‌നാടനം' എന്ന ആദ്യചിത്രത്തിലൂടെ തന്നെ അദ്ദേഹത്തിന്റെ മികവിന്റെ അടയാളപ്പെടുത്തലായി. മനുഷ്യന്റെ മനോവ്യാപാരങ്ങളിലൂടെയുള്ള ആ യാത്ര നേടിയെടുത്തത് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവുമായിരുന്നു.

എക്കലത്തെയും മികച്ച ആക്ഷേപ ഹാസ്യ ചിത്രമേതെന്നു ചോദ്യമുയര്‍ന്നാല്‍ ആദ്യമോടിയെത്തുക ജോര്‍ജിന്റെ 'പഞ്ചവടിപ്പാല'മാകും. 

വ്യത്യസ്ത ചലച്ചിത്രവിഭാഗങ്ങളില്‍ മാറിമാറി സഞ്ചരിക്കാനുള്ള മികവ് അടിവരയിടുന്നു അദ്ദേഹം ഒരുക്കിയ സിനിമകളുടെ പട്ടിക. 'യവനിക' പോലൊരു ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ ഒരുക്കിയ ആളാണ് 'പഞ്ചവടിപ്പാല'ത്തിന്റെയും സൃഷ്ടാവെന്ന് പറഞ്ഞാല്‍ ജോര്‍ജിനെ അറിയാത്തവരാണെങ്കില്‍ ആദ്യമൊന്ന് അവിശ്വസിക്കും. സ്ത്രീപക്ഷ സിനിമയെന്ന് ലേബല്‍ നല്‍കാവുന്ന 'ആദാമിന്റെ വാരിയെല്ലും', സിനിമയിലെ സിനിമ വിദഗ്ധമായ പറഞ്ഞ 'ലേഖയുടെ മരണം ഒരു ഫഌഷ്ബാക്കും' കാമ്പസ് അനുഭവങ്ങളിലുടെ 'ഉള്‍ക്കടലും' ദാമ്പത്യ അസ്വാര്യസങ്ങളിലൂടെ 'രാപ്പാടിയുടെ ഗാഥ'യും സര്‍ക്കസ് കൂടാരങ്ങള്‍ക്കുള്ളിലെ ജീവിതാനുഭവങ്ങള്‍ തേടിയ 'മേള'യുമൊക്കെ മലയാളസിനിമക്ക് എക്കാലവും ഏതു ഭാഷാ സിനിമകള്‍ക്കു മുന്നില്‍ അന്തസ്സോടെ കാട്ടിക്കൊടുക്കാവുന്ന മാതൃകകളാണ്.

ഭരത് ഗോപിക്കും, രാമചന്ദ്രബാബുവിനൊപ്പം കെ.ജി.ജോര്‍ജ്. ഒരു പഴയകാല ചിത്രം. (കടപ്പാട്: ഭരത്‌ഗോപി.കോം)


മലയാളത്തിലെത്തന്നെ പല നടീനടന്‍മാരെ അവരുടെ പ്രതിഭ പുറത്തെത്തിച്ചത് ജോര്‍ജ് നല്‍കിയ കഥാപാത്രങ്ങളുടെ ശക്തിയായിരുന്നു. 

മമ്മൂട്ടിയുടെ സിനിമാവളര്‍ച്ചയില്‍ 'മേള'യും 'യവനിക'യും വഹിച്ച പങ്ക് മറക്കാനാവുമോ? 'പഞ്ചവടിപ്പാലം' ഗോപിക്കും ശ്രീവിദ്യക്കും നെടുമുടിക്കും 'യവനിക' തിലകനും 'ഉള്‍ക്കടല്‍' വേണു നാഗവള്ളിക്കും സമ്മാനിച്ചത് അഭിനേതാവെന്ന നിലയിലെ വളര്‍ച്ചക്ക്  അവര്‍ക്ക് എക്കാലവും അടയാളപ്പെടുത്താവുന്ന വേഷങ്ങളാണ്. 

'ക്ലാസ്' എന്ന് വിളിപ്പേരുള്ള ചിത്രങ്ങള്‍ മാത്രമെടുക്കുന്ന മികച്ച സംവിധായകരേക്കാള്‍ എല്ലാത്തരം വഴികളിലൂടെയും സഞ്ചരിക്കാന്‍ ആര്‍ജവം കാട്ടി കേരളാവസ്ഥയും മലയാളിയുടെയും ഉള്ളിലെ കടലുകളിലുടെ സ്വപ്‌നാടനം നടത്തിയ കെ.ജി.ജോര്‍ജിന്റെ സംഭാവനകളാകും മഹത്തരമായി വിലയിരുത്താനാകുക. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കോലം കെട്ടി സ്വന്തം അസ്തിത്വം കളയേണ്ടെന്ന് തോന്നിയതുകൊണ്ടാകണം, 1998ല്‍ ഓണക്കാലത്തെത്തിയ 'ഇലവങ്കോട് ദേശ'ത്തിനുശേഷം ഒരു ചിത്രവുമായി അദ്ദേഹം നമ്മുടെ മുന്നിലെത്താതിരുന്നത്. 

എന്തായാലും, ജെ.സി. ഡാനിയല്‍ പുരസ്‌കാരം, അല്‍പം വൈകിയാണെങ്കിലും, കെ.ജി. ജോര്‍ജിന് ലഭിക്കുമ്പോള്‍ അതെത്തുന്നത് ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളിലാണെന്നതില്‍ ആരും തര്‍ക്കിക്കില്ല.k g george, j c daniel award, malayalam cinema, kerala, analysis, malayalam movies

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.