Monday, August 22, 2016

സിനിമയില്‍ 50 ആണ്ട്: അടൂരിന് കെ.എസ്.എഫ്.ഡി.സിയുടെ ആദരം


ലോക സിനിമയിലെ ജീവിക്കുന്ന ഇതിഹാസങ്ങളിലൊരാളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. അടൂരിന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാണ്ട് തികയ്ക്കുന്ന പശ്ചാത്തലത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ആദരം ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വയംവരം' എന്ന സിനിമയിലൂടെ ഇരുപത്തഞ്ചാം വയസിലാണ് അടൂര്‍ സിനിമയില്‍ തന്റെ വരവറിയിച്ചത്. ചലച്ചിത്ര രംഗത്ത് മൗലികമായ കാഴ്ചപ്പാടിനാല്‍ അതികായനായിത്തീര്‍ന്ന അടൂര്‍ അന്‍പത് വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് ഫീച്ചര്‍ ഫിലിമുകള്‍ ലോക സിനിമയ്ക്ക് സംഭാവന ചെയ്തു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോ ഇന്ത്യയിലെ മികച്ച സ്റ്റുഡിയോ ആക്കി മാറ്റിയത് അടൂരിന്റെ കഠിനപ്രയത്‌നത്താലാണ്. സിനിമകള്‍ വൈഡ് റിലീസ് ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.  'പിന്നെയും' എന്ന സിനിമയുടെ വൈഡ് റിലീസിങ്ങിലൂടെ അത് സാധ്യമായിരിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സൃഷ്ടാവായിരുന്നു അടൂര്‍. ചിത്രലേഖയുടെ ഫിലിം സുവനീറും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് മന്ത്രി ഓര്‍മ്മിച്ചു. അടൂരിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉപഹാരം മന്ത്രി നല്‍കി.

മലയാള സിനിമയുടെ സമഗ്രവികസനത്തിന് ആവശ്യമായതെല്ലാം സര്‍ക്കാര്‍  ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.  കഴിഞ്ഞ ബജറ്റില്‍ ചിത്രാഞ്ജലിയുടെ നവീകരണത്തിനായി ഇരുപത്തിയഞ്ച് കോടി രൂപ  നീക്കിവച്ചിട്ടുണ്ട്. സാംസ്‌കാരിക രംഗത്തെ വിശിഷ്ട സേവന് കാഴ്ചവച്ചവരുടെ  ഓര്‍മ്മ നിലനിര്‍ത്താന്‍ ഓരോ ജില്ലയിലും അവരുടെ  ദേശങ്ങളില്‍ അന്‍പത് കോടി രൂപ ചെലവില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.




കേരളത്തിലെ പ്രധാന നഗരങ്ങളില്‍ കെ.എസ്.എഫ്.ഡി.സി.യുടെ തീയേറ്ററുകള്‍ തുടങ്ങണമെന്ന് ആദരവിന് നന്ദി രേഖപ്പെടുത്തവേ അടൂര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അടൂരിന്റെ ആദ്യകാല ചിത്രങ്ങളില്‍ അഭിനയിച്ച  ജലജ, എം.ആര്‍. ഗോപകുമാര്‍, ജോണ്‍ സാമുവല്‍, നന്ദു, സോനാ നായര്‍ തുടങ്ങിയവരും ചലച്ചിത്ര രംഗത്തെ പ്രമുഖരും ആദരമര്‍പ്പിച്ചു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, പിന്നെയും എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ബേബി മാത്യു സോമതീരം, ക്യാമറാമാന്‍ വേണു, കെ.എസ്.എഫ്.ഡി.സി എം.ഡി ദീപ ഡി. നായര്‍ എന്നിവര്‍ പങ്കെടുത്തു.


Adoor, Pinneyum, kavya madhavan, dileep, adoor gopalakrishnan, a.k. balan, malayalam cinema, movie reivews, pinneyum review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.