Tuesday, December 16, 2014

iffk2014: ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം


പതിനൊന്ന് വിഭാഗങ്ങളിലായി 48 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മേളയുടെ മൂന്നാം ദിനം ശ്രദ്ധേയമായി. തിരശ്ശീലയ്ക്ക് പുറത്തെ പരിപാടികളാലും സജീവമായ ദിവസമായിരുന്നു ഇന്നലെ(ഡിസം.14). രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഓപ്പണ്‍ഫോറം സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പൊതുവേ എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളിലും തിങ്ങിനിറഞ്ഞാണ് പ്രദര്‍ശനം നടന്നത്. വൈകിട്ട് 6.45ന് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന പോളണ്ട് ചിത്രം ഫീല്‍ഡ് ഓഫ്‌ഡോഗ്‌സ് 5.15ന് ന്യൂതിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു.
രാജ്യാന്തര മത്സരവിഭാഗത്തിലെ ഏഴ് സിനിമകളും ശ്രദ്ധ പിടിച്ചു പറ്റി. ആദ്യ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായ 'എ ഗേള്‍ അറ്റ് മൈ ഡോര്‍' പ്രതീക്ഷ നിലനിര്‍ത്തി. പുതുമുഖ സംവിധായകന്‍ സജിന്‍ ബാബുവിന്റെ 'അസ്തമയം വരെ' അവതരണ രീതിയുടെ പുതുമകൊണ്ട് വേറിട്ടുനിന്നു.
പ്രമേയത്തിലും പ്രതിപാദനശൈലിയിലും വൈവിധ്യം പുലര്‍ത്തിയ 23 ചിത്രങ്ങളാണ് വേള്‍ഡ് സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. സാമൂഹിക ആചാരങ്ങളുടെ മറവില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ തുറന്നുകാട്ടിയ 'ഡിഫ്രെറ്റ്' എന്ന എത്യോപ്യന്‍ ചിത്രം ഏറെ ഹൃദ്യമായി. 'ദി ട്രീ', 'ഹാപ്‌ലി എവര്‍ ആഫ്റ്റര്‍' എന്നി ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തി.
ജൂറി ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി' ഷി ഫെയുടെ സംവിധാന മികവ് വിളിച്ചോതി. 'ഐ ആം നോട്ട് ഹിം' എന്ന തുര്‍ക്കി ചിത്രം കണ്‍ട്രിഫോക്കസ് വിഭാഗത്തില്‍ ഹൃദ്യമായി. റസ്റ്റോറന്റ് ക്ലീനറായി ജോലിചെയ്യുന്ന നിഹാദ് എന്ന അവിവാഹിതനായ യുവാവിന്റെ കഥപറയുന്ന ഈ ചിത്രം തൈഫുന്‍ പിര്‍സെലിമൊഗ്ലുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. റെട്രോസ്‌പെക്ടീവ്, കണ്‍ട്രി ഫോക്കസ്, മലയാളം സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗങ്ങളില്‍ രണ്ട് സിനിമകള്‍ വീതമാണ് ഇന്ന് പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ മേളയിലൂടെ ആദ്യമായി റിലീസ് ചെയ്ത '89' പ്രേക്ഷകപ്രശംസ നേടി. മനോജ് മിഷിഗന്‍ രചനയും സംവിധാനവും നിര്‍വഹിച്ചതാണ് ചിത്രം. മനോജ് മിഷിഗന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഒരുക്കിയ പ്രസ് മീറ്റും ശ്രദ്ധനേടി.

iffk2014, iffk, international film festival of kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.