Friday, June 6, 2014

How old are you Review: സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാനുള്ളതാണ്...


മഞ്ജു വാര്യരുടെ തിരിച്ചുവരവിന്റെ  ആഘോഷം എന്ന നിലയില്‍ ചിത്രീകരണം തുടങ്ങിയതുമുതല്‍ ചര്‍ച്ചയായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ  ‘ഹൗ ഓള്‍ഡ് ആര്‍ യു’. ആ പ്രതീക്ഷയെ ഒട്ടും തകര്‍ക്കാതെ മഞ്ജുവിന്റെ  വിസ്മയകരമായ ഒരു തിരിച്ചുവരവുമായെത്തിയ ചിത്രം അവതരണവും കഥാപരിസരത്തിലെ ലാളിത്യവുംമൂലം കുടുംബങ്ങള്‍ക്ക് പ്രിയങ്കരവുമാകും. ഒരു ശരാശരി കുടുംബിനിയുടെ സ്വപ്നങ്ങളുടെ ചിറകുകള്‍ അരിയുന്നത് ആരാണ്? അവള്‍ക്കൊരു തിരിച്ചുവരവ് അസാധ്യമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ സമൂഹത്തിലേക്ക് എറിയുന്ന ചിത്രം തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ്. തീര്‍ത്തും ഒരു Morale Booster!

നിരുപമ രാജീവ് എന്ന മുപ്പത്തിയാറുകാരി സര്‍ക്കാര്‍ ഗുമസ്ത ഓഫീസിലെ ചുവപ്പുനാടയുടെ മുഷിപ്പിലും വീട്ടില്‍ ഭര്‍ത്താവിന്‍െറയും മകളുടെയും കാര്യങ്ങള്‍ നോക്കിനടത്തുന്നതിലും സന്തുഷ്ടി കണ്ടെത്തി  ജീവിക്കുന്നവളാണ്. ആകാശവാണി ജീവനക്കാരനാണെങ്കിലും അയര്‍ലണ്ടില്‍ നല്ലൊരു ജോലി സ്വപ്നം കണ്ട് അതിനുള്ള വാതിലുകള്‍ മുട്ടി നടക്കുകയാണ് ഭര്‍ത്താവ് രാജീവ്. ടീനേജുകാരിയായ മകളും അച്ഛനൊപ്പം വിദേശത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവള്‍ തന്നെ. തങ്ങളുടെ കാര്യങ്ങള്‍ കൃത്യമായൊക്കെ നോക്കുന്നവളാണെങ്കിലും ചിലസമയത്തെങ്കിലും നിരുപമ ഇവര്‍ക്ക് ഒരു അധികപറ്റാണ്. 

ഇതിനിടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവവും അതുമായി അവള്‍ക്ക് പെട്ടെന്ന് പൊരുത്തപ്പെടാനാകാത്തതും ചില്ലറ നാണക്കേടൊന്നുമല്ല നിരുപമക്ക് കുടുംബത്തിലും ഓഫീസിലും പൊതുസമൂഹത്തിലും വരുത്തുന്നത്. ഒരുഘട്ടത്തില്‍ കുടുംബത്തില്‍നിന്ന് വരെ ഒറ്റപ്പെടുത്തുന്നതായി അവള്‍ക്ക് തോന്നുമ്പോഴാണ് പഴയ ക്ളാസ്മേറ്റ് സൂസന്‍ അവളെ കാണാൻ എത്തുന്നതും  സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ പ്രേരണയാകുന്നതും. അതിനുശേഷം നിരുപമ ‘സടകുടഞ്ഞെഴുന്നേല്‍ക്കുന്നതും’ കോളേജ്കാലത്തെ ചുറുചുറുക്ക് തിരിച്ചുപിടിക്കുന്നതും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ചങ്കുറപ്പ് കാട്ടുന്നതുമാണ് കഥയുടെ വഴിത്തിരിവ്. 

കുടുംബമെന്ന വ്യവസ്ഥിതിയുടെ കൂട്ടില്‍ സാഹചര്യങ്ങള്‍ കാരണം ഒതുങ്ങേണ്ടി വരുന്ന വീട്ടമ്മമാര്‍ക്ക് അവരുടേതായ രീതിയില്‍ ഒരു തിരിച്ചുവരവിനും വ്യക്തിത്വം ഉയര്‍ത്തിക്കാട്ടാനും എല്ലായ്പ്പോഴും സാധ്യതകള്‍ ഉണ്ടെന്ന് വിളിച്ചുപറയാനാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ ശ്രമിക്കുന്നത്. ഒരുപരിധിവരെ അറിഞ്ഞോ അറിയാതെയോ മഞ്ജു വാര്യര്‍ എന്ന നടിയുടെ ജീവിതപരിസരങ്ങളും തിരിച്ചുവരവും കഥയുടെ വരികള്‍ക്കിടയില്‍ വരച്ചുകാട്ടുന്നുമുണ്ട്. ഒപ്പം, നമ്മൂടെ അലസതക്കും ഉപഭോക്തൃ സംസ്കാരത്തിനും കൊട്ട് കൊടുക്കാനും അവനവനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നത് ആനക്കാര്യമൊന്നുമല്ലെന്നും ചിത്രം ഓര്‍മിപ്പിക്കുന്നു. ഇനിയുള്ള കാലത്ത് വിഷഭക്ഷണമുയര്‍ത്തുന്ന കാന്‍സര്‍ ഭീഷണിയില്‍നിന്ന് രക്ഷനേടാന്‍ അതുമാത്രമാണ് വഴിയും.  

ഒരുവിധത്തിലും പുതുമ അവകാശപ്പെടാനില്ലാത്ത കഥാതന്തുവിനെ മാന്യവും കുലീനവുമായ അവതരണത്തിലൂടെ മികച്ച സിനിമയും നല്ലൊരു എന്റെര്‍ടെയ്നറുമായി പ്രേക്ഷകരുടെ മുന്നില് എത്തിക്കാനായതാണ് റോഷന്‍ ആന്‍ഡ്രൂസ്, ബോബി, സഞ്ജയ് ടീമിന്‍െറ വിജയം. ഒരു സ്ത്രീയുടെ ഉയര്‍ത്തഴുന്നേല്‍പിന് കുടുംബമോ പ്രായമോ തടസമല്ല എന്ന സന്ദേശം പറയാന്‍ മഞ്ജുവിനേപ്പോലെ അഭിനയസിദ്ധിയും സമാനജീവിത സാഹചര്യവുമുള്ള ഒരു അഭിനേത്രിയെ കിട്ടിയപ്പോള്‍ തന്നെ ഈ ടീം പാതിജയം നേടി. പിന്നെ, എറെക്കുറേ കെട്ടുറപ്പുള്ള തിരക്കഥയും പക്വമായ അവതരണവും ചിത്രത്തിന്‍െറ മാറ്റ് കൂട്ടിയതേയുള്ളൂ. കുടുംബം എന്ന വ്യവസ്ഥിതിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പരിപാവനത വിട്ടുകളയാതെതന്നെ അവസാനംവരെ സ്വന്തം ഇഷ്ടങ്ങള്‍ക്കായി തലയുയര്‍ത്തി നില്‍ക്കാനാവുന്നു നിരുപമ എന്ന കഥാപാത്രത്തിന്. 

പൊതുവേ, സംവിധാനം ചെയ്ത സിനിമകളൊക്കെ പക്വമായി കൈകാര്യം ചെയ്തയാളാണ് റോഷന്‍ ആന്‍ഡ്രൂസ്. അതുതന്നെ ഇവിടെയും തുടരുന്നു എന്നത് ചെറിയൊരു കഥാതന്തുവിന് സൗന്ദര്യമേകുന്നു. കൂട്ടിന് ബോബി സഞ്ജയ്മാരുടെ കെട്ടുറപ്പുള്ള ഇഴയാത്ത തിരക്കഥയും. 

ചൂണ്ടിക്കാട്ടാനാണെങ്കില്‍ കഥ നിരവധി അയഞ്ഞ സന്ദര്‍ഭങ്ങളുണ്ട്. ഒന്നോര്‍ത്താല്‍, നിരുപമയുടേയും രാജീവിന്‍േറയും ജീവിതത്തില്‍ പറയാന്‍ മാത്രം പ്രശ്നങ്ങളൊന്നുമില്ല. രാജീവാകട്ടെ, ഭീകരനോ പീഡകനോ ആയ ഭര്‍ത്താവുമല്ല. അങ്ങനെയാണെങ്കിലും അതൊന്നും പെട്ടെന്ന് പ്രേക്ഷകര്‍ക്ക് ഒരു പ്രശ്നമായി തോന്നാത്തവിധം കഥ കൊണ്ടുപോയിട്ടുണ്ട്. രണ്ടാംപകുതിയില്‍ പച്ചക്കറി ഓര്‍ഡര്‍ നല്‍കുന്നതും ഒരുതരത്തില്‍ ബാലിശമാണ്. കടമുതലാളി അയ്യര്‍ വിചാരിച്ചാല്‍ പണവും സ്ഥവുമുണ്ടെങ്കില്‍ ആളെവെച്ച് നല്ല പച്ചക്കറി കൃഷിചെയ്യല്‍ ഒരു പ്രശ്നമേയല്ല. കൂടാതെ 18 വയസില്‍ എടുത്താലും നിരുപമയുടെ 20 വര്‍ഷം വാലിഡിറ്റിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് 36ാം വയസില്‍ കാലാവധി കഴിയുന്നതെങ്ങനെ?  

എന്നിരുന്നാലും, ശ്രീദേവി ‘ഇംഗ്ളീഷ് വിംഗ്ളീഷി’ല്‍ സൗമ്യവും സുന്ദരവുമായി ഒരു വീട്ടമ്മയുടെ തിരിച്ചുവരവ് നടത്തിയതുപോലെ ഇത്തവണ മഞ്ജുവും തന്റെ  രണ്ടാംവരവ് ഗംഭീരമാക്കി. 16 വര്‍ഷത്തിന്‍െറ ഇടവേള തിരിച്ചുവരവിനുള്ള സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ മാത്രമൊന്നും വലുതല്ലെന്ന് അവര്‍ സിദ്ധി കൊണ്ട് തെളിയിച്ചു. 

കുഞ്ചാക്കോ ബോബനും പതിവ് കോമള നായകനില്‍നിന്നൊരു മുക്തിയാണ് ചിത്രം. ഒരുപരിധി വരെ ചാക്കോച്ചന് പക്വത നല്‍കുന്ന കഥാപാത്രമാണ് രാജീവ്. കൂട്ടിനെത്തുന്ന  കുഞ്ചനും കനിഹയും തെസ്നി ഖാനും മുത്തുമണിയും വിനയ് ഫോര്‍ട്ടുമെല്ലാം കഥയ്ക്ക് പറ്റിയ കഥാപാത്രങ്ങളായി. 

പൊതുവേയുള്ള കോലാഹലമേളങ്ങള്‍ വിട്ടൊഴിഞ്ഞ ഗോപീസുന്ദറിന്‍െറ പശ്ചാത്തലസംഗീതവും നന്നായി. ഗാനങ്ങളില്‍ ശ്രേയാ ഘോഷാല്‍ പാടിയ ‘വിജനതയില്‍’ മാത്രമാണ് സുഖമുള്ളത്.
പതിവ് ന്യൂ ജനറേഷന്‍ ക്ളീഷേകളോ കണ്ണീര്‍ പരമ്പരകളിലെ ഭാര്യമാരുടെ പരാധീനതകളോ ഒന്നുമില്ലാതെ ലളിതവും സുന്ദരവും ഹൃദ്യവുമായ ചിത്രമൊരുക്കാനായി എന്നതാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിന്റെ അണിയറപ്രവര്‍ത്തകരുടെ മിടുക്ക്. അതുകൊണ്ടുതന്നെയാണ് കുടുംബപ്രേക്ഷകര്‍ ഇല്‍ടിച്ചുകയറുന്നതും സന്തോഷത്തോടെ ചിത്രം കണ്ടിറങ്ങുന്നതും. 


Rating: 7.5/10


how old are you malayalam movie review, how old are you, malayalam, movie reviews, cinemajalakam review, manju warrier, roshan andrews. bobby sanjay, kunchacko boban, kaniha, malayalam cinema review

5 comments:

Anonymous said...

anyway, the film is enthertaining.

Santhosh said...

സ്ത്രീപക്ഷമെന്ന് തോന്നിക്കുന്ന ഒരു കണ്ണീര്‍ കഥ. അതിലപ്പുറമൊന്നും തോന്നിയില്ല. പിന്നെ, മഞ്ജു വാരിയര്‍ക്ക് മറുപടി പറയാനൊരു വേദിയും.

Raji said...

നല്ല സിനിമ.

Reneesh said...

കുടുംബത്തോടൊപ്പം മാന്യമായി കണ്ടിറങ്ങാവുന്ന സിനിമ എന്നതുതന്നെയാണ് ഏറ്റവും രല്‍ധാന നേട്ടം

Anonymous said...

http://kuttimama.com/posts/ninte%20pinnale%20nadakkan%20alla,%20ninte%20oppam%20nadannanenikkishtam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.