Wednesday, February 12, 2014

1983 Review: തിരയിലും ക്രിക്കറ്റാവേശം


 ക്രിക്കറ്റ് മലയാളിക്കും എന്നും ആവേശമാണ്. എന്നാല്‍, ഈ ആവേശം സ്ക്രീനിലെത്തിച്ച് ശ്രദ്ധിക്കപ്പെട്ട ലഗാന്‍, ഇക്ബാല്‍ തുടങ്ങിയ ചിത്രങ്ങളുടെ ഗണത്തില്‍ മലയാളത്തില്‍ നിന്നൊരു പരീക്ഷണം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുംവിധമാണ് ലളിതസുന്ദരമായ അവതരണത്തിന്റെ മികവില്‍ എബ്രിഡ് ഷൈന്‍ എന്ന നവാഗതന്‍ ഒരുക്കിയ ‘1983’ (നയന്‍റീന്‍ എയ്റ്റി ത്രീ) കടന്നുവരുന്നത്. 

ക്രിക്കറ്റ് ജീവിതചര്യയാണ് രമേശന്. രമേശന്റെ  കഥ പറഞ്ഞുതുടങ്ങുന്നതിനൊപ്പം തന്നെ അതുപോലെ ക്രിക്കറ്റില്‍ ജീവിക്കുന്ന മറ്റൊരാളുടെ കഥയും പറയാതെ പറയുന്നുണ്ട്. -സച്ചിന്‍ തെണ്ടുല്‍ക്കറുടെ. സമപ്രായക്കാരായ ഇരുവരുടേയും കഥ തുടങ്ങുന്നത് പത്തുവയസുള്ളപ്പോഴാണ്. അതാകട്ടെ, ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ 1983ലും.  നാടന്‍ ക്രിക്കറ്റര്‍ രമേശന്റെ  ക്രിക്കറ്റും ജീവിതവും ഒന്നായപ്പോള്‍ അത് കുടുംബത്തിലും പഠിത്തത്തിലുമുള്ള താളപ്പിഴകളുമാണ് കഥാവഴി.

പഠിക്കുന്ന കാര്യത്തില്‍ മോശമായിരുന്നില്ലെങ്കിലും ക്രിക്കറ്റായിരുന്നു രമേശനും (നിവിന്‍ പോളി) നാട്ടുപ്പുറത്തെ യുവാക്കളുടെ കൂട്ടത്തിനും ഹരം. ലോക്കല്‍ കപ്പുകളില്‍ ആവേശബാറ്റിങ്ങിലൂടെ താരമാണെങ്കിലും വീട്ടുകാര്‍ക്ക് രമേശന്റെ  കളികമ്പത്തില്‍ കലിയാണ്. പറഞ്ഞിട്ടെന്തുകാര്യം ഈ കളിഭ്രാന്ത് അവന് നല്‍കിയതാകട്ടെ, പത്താംക്ളാസില്‍ കഷ്ടിച്ചൊരു ജയവും പ്രീഡിഗ്രീ പരാജയവുമാണ്. ഇതോടെ, വീട്ടുകാര്‍ക്കും അവനിലുള്ള പ്രതീക്ഷ നഷ്ടമാകുന്നു. യുവാവായ രമേശനെ ബാല്യകാല പ്രണയിനി പലവട്ടം ഉപദേശിച്ചിട്ടും അവന്‍ ക്രിക്കറ്റ് കൈവിടാനോ വിദ്യാഭ്യാസത്തിന്റെയോ ജോലിയുടേയോ പുതുവഴി തേടാനോ ശ്രമിച്ചില്ല. ഒടുവില്‍ അവളും അവന് നഷ്ടപ്പെട്ടു. 

ഒടുവില്‍ കൂട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഉറപ്പിക്കുന്ന വിവാഹത്തില്‍ അവന്‍ കുടുംബബജീവിതത്തിന്റെ  പ്രാരാബ്ദങ്ങളിലേക്ക് കടക്കുന്നു. അച്ഛന്‍ തുടങ്ങിവച്ച ലെയ്ത്ത് വര്‍ക്ക്ഷോപ്പില്‍ ഉപജീവനവഴിയും കണ്ടെത്തുന്നു. കാലം രമേശനൊരു മകനെ നല്‍കിപ്പോള്‍ ക്രിക്കറ്റിന്റെ  പാതയിലൂടെ അവനെ കൊണ്ടുപോകാനായിരുന്നു അയാള്‍ ശ്രമിച്ചത്. ഇതിനുള്ള ശ്രമങ്ങളില്‍ അയാള്‍ തിരിച്ചറിയുന്നു തങ്ങള്‍ കളിച്ചുവളര്‍ന്ന ക്രിക്കറ്റുകൊണ്ടൊന്നും ഫ്രൊഫണനല്‍ ക്രിക്കറ്റിന്റെ  ലോകത്ത് മകന് ഒന്നുമാകാന്‍ കഴിയില്ലെന്ന്. തുടര്‍ന്ന് മകനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ രമേശന്റെ  പരിശ്രമങ്ങളാണ് കഥയുടെ രണ്ടാം പകുതിയെ സജീവമാക്കുന്നത്. ക്രിക്കറ്റിനെയോ സച്ചിന്‍ തെണ്ടുല്‍ക്കറെയോ അറിയില്ലെങ്കിലും ഈ ശ്രമങ്ങളില്‍ അയാള്‍ക്ക് മാനസിക പിന്തുണയുമായി ഭാര്യ സുശീലയുമുണ്ട് (സ്രിന്‍റ അഷാബ്). 

സംവിധായകന്‍ എബ്രിഡ് ഷൈനും ബിബിന്‍ ചന്ദ്രനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥ സങ്കീര്‍ണതകളോ കളിനിയമങ്ങളുടെ വിരസതകളോ ഒന്നും അറിയിക്കാതെ കളിയാവേശം മുഴുവന്‍  പ്രേക്ഷകനിലേക്ക് പകരുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഒരുപാടൊന്നും കഥയായി പറയാനില്ലാതെ ചിത്രത്തെ ആസ്വാദ്യമാക്കുന്നത് ഈ പ്രത്യേകത തന്നെയാണ്. ഒരു സച്ചിന്‍ ലോകമാകെ വളരുമ്പോള്‍ അതുപോലുള്ള അനേകം പ്രതിഭകള്‍ ഭാരതത്തിന്റെ നിരവധി കോണുകളില്‍ ഒതുങ്ങിപ്പോകുന്നുണ്ട്. അതിലൊരാളാണ് രമേശന്‍. 1983ല്‍ കപിലും കൂട്ടരും ലോകകപ്പ് നേടുന്നതുമുതല്‍ സച്ചിന്‍ വിരമിക്കുന്നതുവരെയുള്ള കാലത്ത് രമേശന്‍ എന്ന യുവാവിന്റെ  ഈ ജീവിത പരിണാമമാണ് 1983 അടയാളപ്പെടുത്തുന്നത്. ക്രിക്കറ്റുകളിയെന്ന വികാരമാണ് കഥയുടെ ഒഴുക്കിന് സഹായമാകുന്നത്. അതല്ലാതെ, മറ്റു ഗിമിക്കുകള്‍ക്ക് പിറകേ പോകാതിരുന്നതും ചിത്രത്തിന്റെ  ഭംഗി കൂട്ടി. 

കളിരസങ്ങള്‍ക്കിടയിലെ സ്വാഭാവിക നര്‍മവും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ബോംബെയില്‍ നിന്നെത്തിയ ജേക്കബ് ഗ്രിഗറിയുടെ സച്ചിന്‍ എന്ന കഥാപാത്രമുള്‍പ്പെടെ ഇതിന് ഉദാഹരണമാണ്.

നിവിന്‍ പോളിക്ക് എന്നും അഭിമാനിക്കാവുന്ന വേഷം തന്നെയാണ് രമേശന്‍. സ്കൂള്‍ കാലം മുതല്‍ പത്തുവയസുകാരന്റെ  അച്ഛനായ നാല്‍പതുകാരന്‍ വരെയുള്ള നായകന്റെ  വളര്‍ച്ച കൃത്യമായ നിവില്‍ സ്ക്രീനിലെത്തിക്കുന്നുണ്ട്.  സ്രിന്‍റ അഷാബ് അവതരിപ്പിച്ച സുശീലയാണ് എടുത്തുപറേയേണ്ട മറ്റൊരു വേഷം. വിവരമില്ലാത്ത നാടന്‍ ഭാര്യയില്‍ തുടങ്ങി ഭര്‍ത്താവിന്റെ മനമറിഞ്ഞ്  അയാള്‍ക്ക് താങ്ങാകുന്ന പക്വമതിയായ കുടുംബിനിയായി അവര്‍ തിളങ്ങി. നായകന്റെ കൗമാരപ്രണയിനിയായി ബംഗളൂരു സുന്ദരി നിക്കി ഗല്‍റാണിയും ശോഭിച്ചു. ക്രിക്കറ്റ് കോച്ചിന്റെ  വേഷത്തില്‍ അനൂപ് മേനോന്‍, രമേശന്റെ  അച്ഛനായി ജോയ് മാത്യു, അമ്മ സീമ ജി. നായര്‍, കൂട്ടുകാരായി സൈജു കുറുപ്പ്, നീരജ് മാധവ്, പ്രജോദ് തുടങ്ങിയവരും സ്ക്രീനില്‍ സാന്നിധ്യമറിയിച്ചു. 

രമേശന്റെ  മകനായി രണ്ടാം പകുതിയില്‍ കഥയുടെ നെടുംതൂണാകുന്ന കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭഗത് ഷൈന്‍ എന്ന ബാലന്‍ മലയാള സിനിമയിലെ പുതിയ കണ്ടെത്തലാണ്. 

രമേശന്റെ  ജീവിതയാത്രയുടെ കാഴ്ചകള്‍ പ്രതീഷ് ഡി. വര്‍മയുടെ കാമറ ഭംഗിയായി പകര്‍ത്തി. ഗാനങ്ങളില്‍ ഗോപി സുന്ദറിന്റെ  ഈണത്തില്‍ ‘ഓലഞ്ഞാലി കുരുവി’ വ്യത്യസ്തസുഖം നല്‍കുന്നുണ്ട്. ‘നെഞ്ചിലേ’ ഉള്‍പെടെയുള്ള ഗാനങ്ങള്‍ ക്രിക്കറ്റ് ആവേശം ഉച്ചസ്ഥായിയില്‍ എത്തിക്കും. പശ്ചാത്തലസംഗീതവും ഈ ആവേശത്തിന് തുണയാണ്.

ക്രിക്കറ്റ് സിനിമകളേകുന്ന ആവേശത്തിന്റെ  ഹരം 1983ലും ആവോളമുണ്ട്. ക്രിക്കറ്റിന്റെ  ആദ്യക്ഷരങ്ങള്‍ അറിയാത്തവരിലും രമേശന്റെ  ജീവിതാവേശം  കൃത്യമായി പകരാന്‍ ആഖ്യാനലലാളിത്യം തുണയായിട്ടുമുണ്ട്. കഥപറച്ചിലിന്റെ സങ്കീര്‍ണവഴികളോ പുതുമയോ പരീക്ഷിച്ച് തലവേദന സൃഷ്ടിക്കാതെ സുഖകരമായ ഒരു സിനിമാനുഭവം മാത്രമാണ് സംവിധായകന്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു. ഈ സുഖമാണ് 1983നെ കണ്ടിറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസില്‍ നിറയ്ക്കുന്നതും. 


1983 review, malayalam movie 1983 review, malayalam cinema 1983, abrid shine, nivin pauly, srinda ashab, nikki galrani, bibin chandran, gopisunder, cinemajalakam review, malayalam reviews

1 comments:

Reneesh said...

തീര്ച്ചയായും ആവേശം ഉണര്ത്തുന്ന സിനിമ തന്നെയാണ് 1983. അബ്രിഡ്‌ ഷ്യ്നിനു അഭിനന്ദനങ്ങൾ.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.