Monday, January 13, 2014

Veeram Review: അജിത്തിന്റെ വീര്യം മാത്രം

ഉല്‍സവകാല സിനിമകള്‍ എപ്പോഴും പരീക്ഷണങ്ങള്‍ക്കപ്പുറം ആരാധകര്‍ക്ക് ആഘോഷമാകാനുള്ളതാണ്. അത്തരത്തില്‍ അജിത്തിന്റെ  ആരാധകര്‍ക്ക് പൊങ്കല്‍ ഘോഷത്തിനായി ശിവ സംവിധാനം ചെയ്ത ചിത്രമാണ് ‘വീരം’. ‘മങ്കാത’, ‘ആരംഭം’ തുടങ്ങിയവയില്‍ കണ്ട സ്റ്റൈലിഷ് ഹൈടെക് അജിത്തിന് പകരം തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച ഗ്രാമീണനായ അജിത്താണ് ഇത്തവണയെന്നതാണ് പ്രത്യേകത.  ഗ്രാമീണ പശ്ചാത്തലത്തില്‍ നായകന്റെ  വീര്യം സ്ക്രീനില്‍ നിറയ്ക്കുന്നതിനാല്‍ വില്ലന്‍മാരുള്‍പെടെ മറ്റു കഥാപാത്രങ്ങള്‍ക്കാര്‍ക്കും ഒരുഘട്ടത്തിലും വ്യക്തിത്വമുണ്ടാക്കാകുന്നില്ല. ആദ്യന്തം അജിത്ത് മയം! 

എണ്‍പതുകളിലും നൊണ്ണൂറുകളിലും പതിനായിരം തവണ പരീക്ഷിച്ച ഗ്രാമീണ കുടുംബനായകനാണ് വിനായകം (അജിത്ത്). മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ട് കുടുംബകാരണണവരായ ഇയാളാണ് നാല് അനിയന്‍മാരെയും വളര്‍ത്തിയത്. സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനാണെങ്കിലും അനീതി കണ്ടാല്‍ അടിച്ചും വെട്ടിയും നിരത്താന്‍ മടിയില്ലാത്തവരാണ് വിനായകവും അനിയന്‍മാരും. ഈ സഹോദരങ്ങളാരും പെണ്ണുകെട്ടിയിട്ടില്ല. ഭാര്യമാര്‍ കടന്നുവന്നാല്‍ സഹോദരങ്ങളുടെ ഐക്യം തകരുമെന്നാണ് വിനായകത്തിന്റെ  പക്ഷം.

ഇതിനിടെ ചേട്ടന്റെ  മനസില്‍ പ്രേമം വിരിയിച്ച് തങ്ങളുടെ വിവാഹസ്വപ്നങ്ങള്‍ സഫലമാക്കാന്‍ അനിയന്‍മാര്‍ ശ്രമിക്കുന്നു. അങ്ങനെയവര്‍ ഗ്രാമത്തില്‍ എത്തുന്ന കോപുരം ദേവിയെ (തമന്ന) വിനായകത്തോട് അടുപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ആദ്യപകുതി. 

ഇവര്‍ ഇഷ്ടപെടണോ വെറുക്കണോ എന്ന ആശങ്കയില്‍ ആദ്യപകുതി അവസാനിക്കുന്നു. രണ്ടാം പകുതിയിലാണ് കോപുരം ദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വിനായകത്തിന് ഒരു കുടുംബത്തിന്റെ  രക്ഷകനാകേണ്ടി വരുന്നത്. ഇതിനായി അയാളുടെ ത്യാഗവും പോരാട്ടവുമായി ഇടവേളാനന്തരം ആവേശമുണ്ടാക്കുന്നത്. 

കുടുംബപ്രേമവും ജ്യേഷ്ഠാനുജ ബന്ധവുമൊക്കെ പണ്ടേ കണ്ടു ശീലിച്ചതിനാല്‍ ആദ്യപകുതി മലയാളികള്‍ക്ക് അത്ര പുതുമ അനുഭവപ്പെടില്ല. എന്നാല്‍, ഇടവേളക്ക് തൊട്ടുമുമ്പുള്ള ട്രെയിന്‍ രംഗങ്ങളിലാണ് അജിത്തിന്റെ  ആക്ഷന്‍ വിശ്വരൂപം പുറത്തുവരുന്നത്. തുടര്‍ന്ന് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ  കരുത്ത്. ഒപ്പം, കുടുംബബന്ധങ്ങളുടെ ഊഷ്മളതയും മേമ്പൊടിക്കുണ്ട്. 

അജിത്തെന്ന താരത്തിന്റെ  ചുമലിലേറിയാണ് ചിത്രം നീങ്ങുന്നത്. അതുകൊണ്ടുതന്നെ ആദ്യം സൂചിപ്പിച്ചതുപോലെ മറ്റാര്‍ക്കും ചിത്രത്തില്‍ തലപൊക്കാനാവുന്നില്ല. അനിയന്‍മാരായി ബാല, വിദാര്‍ഥ്, മുനിഷ്, സുഹൈല്‍ എന്നിവര്‍ അജിത്തിന് പിന്തുണയുമായുണ്ട്. ആദ്യ പകുതിയില്‍ പ്രദീപ് റാവത്തും രണ്ടാം പകുതിയില്‍ അതുല്‍ കുല്‍ക്കര്‍ണിയും വില്ലന്‍മാരായി എത്തുന്നു. 

നായിക സാന്നിധ്യം എന്നതിലപ്പുറം തമന്നക്ക് അഭിനയ്പ്രാധാന്യം ഒന്നുമില്ല. രണ്ടു വിദേശ ഗാനങ്ങളില്‍ ആടിപ്പാടാനുമുണ്ട്. 

ക്ളീഷേ നര്‍മങ്ങളാണെങ്കിലും സന്താനത്തിന്റെ  സാന്നിധ്യം ആദ്യപകുതിയില്‍ ആശ്വാസമാണ്. രണ്ടാം പകുതിയില്‍ അടിവാങ്ങി ചിരിപ്പിക്കാന്‍ തമ്പി രാമയ്യയുമുണ്ട്. നാസറും ശക്തമായ കഥാപാത്രമായി എത്തുന്നു. 

ദേവിശ്രീപ്രസാദിന്റെ  ഗാനങ്ങള്‍ ഗുണമില്ല. ചിത്രീകരണവും മെച്ചമല്ല. 

‘ചിരുത്തൈ’ സംവിധാനം ചെയ്ത ശിവക്ക് ചിത്രത്തെ ബോറടിപ്പിക്കാത്ത പാക്കേജായി ‘വീരം’ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഗുണം. യുക്തിക്ക് പൊതുവില്‍ ഇടമില്ലാത്ത മുഖ്യധാരാ ‘മാസ്’ ചിത്രങ്ങളില്‍ പുതിയൊരെണ്ണമാണ് ‘വീരം’. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ‘ഒരു കുടുംബ വയലന്‍സ് ചിത്രം’.

അതുകൊണ്ടുതന്നെ നായകന്റെ  വീര്യം കണ്ട് കയ്യടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അജിത്തിന്റെ  ഈ പുതിയമുഖം കണ്ട് ആശ തീര്‍ക്കാം. 
veeram review, ajithkumar, tamanna, siva, devisriprasad, tamil movie review, veeram malayalam review, cinemajalakam review

1 comments:

Ajoy said...

thala is entertainer! THats the highlight

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.