Wednesday, January 15, 2014

Jilla Review: ശിവനും ശക്തിയും പിന്നെ മാസും...


സൂപ്പര്‍താരമായ കാലംമുതലേ വിജയ് ചിത്രങ്ങള്‍ക്കൊരു പൊതു ‘മാസ്’ സ്വഭാവമുണ്ട്. അതിലെ ചേരുവകളുടെ അളവുകളില്‍ അങ്ങോട്ടുമിങ്ങോട്ടും അല്‍പം വ്യതിയാനങ്ങള്‍ വരുത്തിയാണ് ഇളയദളപതിയുടെ മിക്ക പടങ്ങളും സ്ക്രീനില്‍ എത്തിയിരുന്നു. ആരാധകര്‍ക്ക് ആവേശം കൊള്ളാനും കയ്യടിക്കാനും അതുതന്നെ ധാരാളവുമായിരുന്നു. ഈ പതിവില്‍ മാറ്റത്തിന്റെ  കാറ്റടിച്ചുതുടങ്ങിയത് സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡിഗാര്‍ഡി’ന്റെ  റീമേക്കായ ‘കാവലനി’ലാണ്. അതില്‍ വിജയിന്റെ  പൊതു മാസ് നായകനില്‍ നിന്ന് മാറി സൗമ്യനായ റൊമാന്‍റിക് കഥാപാത്രമായി ആയിരുന്നു വേഷപകര്‍ച്ച. ഒരു പരിധി വരെ അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. 

തുടര്‍ന്ന് വന്ന ‘വേലായുധ’ത്തില്‍ മാസ് പശ്ചാത്തലമായിരുന്നെങ്കിലും നായകത്വത്തിന് ഒരു നിയന്ത്രണമുണ്ടായിരുന്നു. പിന്നീട് വന്ന ‘നന്‍പനി’ല്‍ അടുത്തിടെ വന്ന പടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി കോളജ് താരമായാണ് വിജയ് വിലസിയത്.  അടുത്തിടെ ‘തുപ്പാക്കി’യിലും ‘തലൈവ’യിലും നേരത്തെ പറഞ്ഞപോലൊരു നിയന്ത്രിക്കപ്പെട്ട നായകനായി ആയിരുന്നു അവതാരം. അതായത്, അല്‍പം പക്വത തോന്നിക്കുന്ന, അല്ലെങ്കില്‍ ആവശ്യപ്പെടുന്ന കഥാപാത്രം. നായകനെന്ന നിലയില്‍ ഈ വളര്‍ച്ചയുടെ ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ആര്‍.ടി. നേശന്‍ സംവിധാനം ചെയ്ത ‘ജില്ല’യുമായി പൊങ്കല്‍ ആഘോഷത്തില്‍ പങ്കാളിയാകാന്‍ പഴയ വിജയ് വീണ്ടുമെത്തുന്നത്. കൂട്ടിന് മലയാളത്തിന്റെ  അഭിനയരാജാവ് മോഹന്‍ലാലും. പറയണോ പിന്നീടുള്ള പൂരം! പടം മാസോ, മാസ്! അടി, ഇടി, വെടി, പുക, വെട്ട്, കുത്ത് തുടങ്ങിയവ നിറഞ്ഞ ‘മരണമാസ്’!!!! ഹൈവോള്‍ട്ടേജിനുവേണ്ടി സംവിധായകന്‍ ആക്ഷന്‍ കറണ്ട് കൂട്ടി ഇട്ടിട്ടുണ്ടെങ്കില്‍ അത്രക്ക് വെട്ടം പടത്തില്‍ പ്രതിഫലിക്കുന്നുമില്ല. 

മോഹന്‍ലാല്‍, വിജയ് എന്നീ വമ്പന്‍ താരങ്ങളെ തിരയില്‍ നിറച്ചുനിര്‍ത്തി ആരാധകര്‍ക്ക് ഒരു വിരുന്ന് ഒരുക്കുക, അതുവഴി വമ്പന്‍ ഇനീഷ്യല്‍ തൂത്തുവരുക എന്നതില്‍ കവിഞ്ഞ് യാതൊന്നും ‘ജില്ല’ എന്ന ചിത്രം നിര്‍മിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ വിചാരിച്ചിട്ടുണ്ടാകില്ല. അങ്ങനെ നോക്കിയാല്‍, ‘ജില്ല’ വെറുമൊരു ജില്ലയല്ല, ഒരു രാജ്യം തന്നെയാണ്. ഇരു താരങ്ങള്‍ക്ക് ആദ്യന്തം സ്ക്രീന്‍ സ്പേസും തട്ടുപൊളിപ്പന്‍ രംഗങ്ങളും ധാരാളം. അതേസമയം, മോഹന്‍ലാല്‍ എന്ന അഭിനേതാവിന് ചെയ്യാന്‍മാത്രം എന്തെങ്കിലും പ്രത്യേകത ചിത്രത്തിലുണ്ടാകുമെന്ന് കരുതി തീയറ്ററില്‍ വല്ല മലയാളിയും കയറിയാല്‍ നിരാശയായിരിക്കും ഫലം. 

മധുര ഭരിക്കുന്ന ശിവന്റെ  (മോഹന്‍ലാല്‍) കഥയാണിത്. കൂട്ടിന് എന്തിനും പോന്ന വളര്‍ത്തുമകന്‍ ശക്തിയും (വിജയ്). ശിവന്റെ  സാമ്രാജ്യത്തിന് എതിരുനില്‍ക്കാന്‍ ആരുമില്ല. അതിന് മറ്റു ഡോണ്‍മാരോ പോലീസോ സര്‍ക്കാരോ ആരും ഇതുവരെ ധൈര്യപ്പെട്ടിട്ടുമില്ല. ശക്തി കൂടെ ഉള്ളതിനാല്‍ നരകയറിതുടങ്ങിയിട്ടും ശിവന് വെല്ലുവിളികളുമില്ല. ഒരു ഘട്ടത്തില്‍ നീതിമാനായ ഒരു പോലീസുകാരന്‍ ശിവനെ കൊണ്ടുപോയി വിരട്ടി അപമാനിക്കുന്നു. അന്നയാള്‍ തീരുമാനിക്കുന്ന തനിക്കും വേണം പോലീസില്‍ പിടി. അതിന് ശക്തിയെ പോലീസാക്കണം. അവനെക്കൊണ്ട് പരീക്ഷയെഴുതിച്ച് സ്വന്തം പിടിപാട് കൊണ്ട് ശിവന്‍ അസി. കമീഷണറാക്കുന്നു. 

ഇതിനിടെ, മധുരയില്‍ ഒരു വലിയ ദുരന്തം ശിവന്റെ  ചില നടപടികളുടെ തുടര്‍ച്ചയായി ഉണ്ടാകുന്നു. ഈ സംഭവം ശക്തിയിലുണ്ടാക്കുന്ന മാനസാന്തരവും പിന്നീട് അയാള്‍ക്ക് ശിവനോടുള്ള സമീപനത്തിലെ മാറ്റവുമാണ് രണ്ടാംപകുതിയില്‍. 

ആമുഖക്കുറിപ്പില്‍ പറഞ്ഞതുപോലെ, വിജയ് എന്ന നടനെ സംബന്ധിച്ച് പുതുതായി ഒന്നും നല്‍കാത്ത ചിത്രമാണ് ‘ജില്ല’. അതേസമയം, അദ്ദേഹം കൈവരിച്ച വളര്‍ച്ചയില്‍ നിന്ന് വീണ്ടും സാദാ റൗഡി നായകനിലേക്കുള്ള തിരിച്ചുപോക്കും. 

മോഹന്‍ലാലിനാകട്ടെ, നേട്ടമായി പറയാവുന്നത് തമിഴ് നാട്ടിലും കേരളത്തിലും പ്രേക്ഷകര്‍ ആവേശത്തോടെ ഇടിച്ചുകയറുന്ന ഒരുചിത്രത്തില്‍ ഭാഗഭാക്കായി സ്ക്രീന്‍ നിറഞ്ഞുനില്‍ക്കാനായി എന്നതാണ്. ‘ദൃശ്യം’ പോലൊരു വ്യത്യസ്ത ചിത്രത്തില്‍ അഭിനയിച്ച് പ്രശംസ പിടിച്ചുപറ്റിനില്‍ക്കുന്ന സാഹചര്യത്തില്‍ ലാലിനെപ്പോലൊരു പ്രതിഭക്ക് ‘അഭിനയി’ക്കാന്‍ ഒന്നുമില്ലാത്ത ഒരു വേഷം നല്‍കിയത് ഒരുവിധത്തില്‍ ക്രൂരതയാണ്. പ്രഭുവിനോ സത്യരാജിനോ മറ്റോ ചെയ്യാമായിരുന്ന ഒരു റോള്‍.
എങ്കിലും കഥാപാത്രം ആവശ്യപ്പെടുന്ന  മികവും ഗെറ്റപ്പും കൊണ്ട് ലാല്‍ തലയുയര്‍ത്തി നിന്നു എന്നതില്‍ സംശയമില്ല. ഒരു ചെറിയ പോരായ്മയുള്ളത് അദ്ദേഹത്തില്‍ തമിഴ് ഡയലോഗുകളില്‍ ‘മലയാളിത്തം’ കൂടിപ്പോയി എന്നതുമാത്രമാണ്. 

നായിക കാജല്‍ അഗര്‍വാളിന് പഴയ ഗ്ളാമര്‍ തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഈണഗുണമില്ലാത്ത ഡി. ഇമാന്റെ  സംഗീതത്തിലുള്ള ഗാനങ്ങള്‍ക്ക് വലിയ കാഴ്ചാസുഖവുമില്ല. 

മറ്റുതാരങ്ങളില്‍ സൂരി, സമ്പത്ത്, പൂര്‍ണിമ ഭാഗ്യരാജ്, മഹത്, നിവേദ എന്നിവര്‍ സാന്നിധ്യമറിയിച്ചു.

ഒരു മാസ് ഉല്‍സവ ചിത്രം എന്നല്ലാതെ വേറൊന്നും ചെയ്യാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ വിജയിച്ചിട്ടുമില്ല. അതിനാല്‍ത്തന്നെ, പ്രവചനാത്മകമായ ഒരു കഥാഗതി അടി, വെടി, പാട്ട്, ചതി തുടങ്ങിയ ചേരുവകള്‍ ഇടക്കിടെ ചേര്‍ത്തിട്ടുണ്ട് എന്നതിനപ്പുറം മറ്റൊന്നും പറയാനുമില്ല. മാസ് സിനിമയായാല്‍ വെട്ടും കൊലയുമായി കണ്ണുപൊട്ടുന്ന വയലന്‍സും കര്‍ണകഠോര പശ്ചാത്തല സംഗീതവും നിര്‍ബന്ധമാണല്ലോ ! 

പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ മൂന്നുമണിക്കൂറോളം പടത്തിന് ദൈര്‍ഘ്യം നല്‍കിയതും ന്യൂനതയാണ്. റിലീസായ ശേഷം 10 മിനിറ്റോളം വെട്ടിയതായി കേള്‍ക്കുന്നു. ആദ്യമേ ഡോണ്‍മാക്സിന്റെ  എഡിറ്റിങ്ങ് കത്രിക ഇവിടെയൊക്കെ കൈ വെക്കേണ്ടതായിരുന്നു. 

അക്ഷരാര്‍ഥത്തില്‍ ‘ജില്ല’ നല്ല പ്ളാനിംഗോടെ ചെയ്ത ഒരു കച്ചവടമാണ്. കേരളത്തിലും തമിഴ് നാട്ടിലും ആവേശമുയര്‍ത്തി ഇനിഷ്യല്‍ തൂത്തുവാരാനുള്ള കച്ചവടബുദ്ധി. മോഹന്‍ലാലും വിജയും ഒന്നുചേരുമ്പോഴുള്ള മാസ് പവര്‍ തീയറ്ററില്‍ എത്തിക്കുന്നതില്‍ ആദ്യനാളുകളില്‍ ‘ജില്ല’ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ ചിത്രത്തിന്റെ നിര്‍മാണോദേശ്യവും ഏതാണ്ട് സഫലീകരിക്കപ്പെട്ടിട്ടുമുണ്ട്.jilla review, tamil movie jilla, tamil movie jilla review, mohanlal in jilla, mohanlal and vijay, kajal agarwal, r.t. neason, r.b choudary, cinemajalakam jilla review, cinema review jilla

3 comments:

Anonymous said...

super mass entertainer.....

BIJU NAMBIAR said...

LALETTAN SHOWED HIS MASS POWER IN BOX OFFICE. SEE THAT.

Santhosh said...

കണ്ടു. സന്തോഷമായി. എന്നാലും എന്റെ അണ്ണന്മാരെ.....

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.