Friday, January 3, 2014

Movie review: ഇത് ഇന്ത്യന്‍ പഴയ കഥ!



 അല്‍പം നിഷ്കളങ്കത, സാരോപദേശം എന്നിവ സമാസമം ചേര്‍ത്താല്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളും പതിവ് രസക്കൂട്ടായി. ആ കീഴ്വഴക്കത്തില്‍ നിന്ന് മാറിചിന്തിക്കാന്‍ കുടുംബചിത്രങ്ങളുടെ പ്രിയസംവിധായകന്‍ ഏറെക്കാലമായി മിനക്കെടാറുമില്ല. ഇത്തവണ ന്യൂ ജനറേഷന്‍ നായകപ്രതീകമായ ഫഹദ് ഫാസിലുമായി അദ്ദേഹം കൈകോര്‍ക്കുമ്പോള്‍ ഈവഴി മാറ്റിപിടിക്കുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും സഞ്ചരിക്കുന്നത് ഏതാണ്ട് ആ വഴികളിലൊക്കെയാണ്.

വലുതുപക്ഷ യുവജനസംഘടനയുടെ കോട്ടയം ജില്ലാ പ്രസിഡന്‍റായ അയ്മനം സിദ്ധാര്‍ഥനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. അത്യാഹിതവിഭാഗത്തിലുള്ള സിറ്റിംഗ് എം.എല്‍.എ മരിച്ചാല്‍ സീറ്റ് കിട്ടി എം.എല്‍.എ ആകാം എന്ന പ്രതീക്ഷയില്‍ നടക്കുകയാണ് സിദ്ധാര്‍ഥന്‍. എന്നാല്‍, ഇരുട്ടടി പോലെ ആ സീറ്റ് മറ്റൊരു നേതാവിന്റെ  മകള്‍ കൊണ്ടുപോയത് സിദ്ധാര്‍ഥനെ തളര്‍ത്തുന്നു. ഈ ഘട്ടത്തിലാണ് കനേഡിയന്‍ പൗരത്വമുള്ള മലയാളിയായ ഐറിന്‍ ഗാര്‍ഡ്നര്‍ (അമല പോള്‍) അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.  സീറ്റ് ലഭിക്കാത്ത വേദന മറക്കാനും ഐറിന്‍ വാഗ്ദാനം ചെയ്യുന്ന 2000 രൂപ ദിവസ ശമ്പളവും അയാളെ അവളുടെ സഹായിയാകാന്‍ പ്രേരിപ്പിക്കുന്നു. 
ഐറിന്റെ  കൂടെയുള്ള ദിവസങ്ങളില്‍ അവളുടെ നാട്ടിലേക്കുള്ള വരവിന്റെ യഥാര്‍ഥ ഉദ്ദേശ്യം സിദ്ധാര്‍ഥന്‍ മനസിലാക്കുന്നതും അതു സാധിച്ചുനല്‍കാന്‍ പൂര്‍ണമനസോടെ കൂടെ നിലക്കുന്നതുമാണ് രണ്ടാം പകുതിയില്‍. 

ആദ്യപകുതിയിലെ ഫഹദിന്റെ  അനായാസവും രസകരവുമായ പ്രകടനമാണ് ചിത്രത്തിന്റെ  ഹൈലൈറ്റ്. കൂട്ടിന് ഇന്നസെന്‍റുമുണ്ട്. രോഗത്തെ അതിജീവിച്ച് തിരിച്ചുവന്ന അദ്ദേഹത്തിന് ലഭിച്ച നല്ലൊരു വേഷം. രണ്ടാം പകുതിയില്‍ ‘കഥ’യിലേക്ക് കടക്കുമ്പോള്‍ ചിത്രം നിര്‍ജീവമാവുകയാണ്. പിന്നീട് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത കഥഗതിയും ഒട്ടും ആകര്‍ഷകമല്ലാത്ത ആഖ്യാനവും കൂടിയാകുമ്പോള്‍ വിരസതക്കപ്പുറം മറ്റൊന്നും ‘ഇന്ത്യന്‍ പ്രണയകഥ’ക്ക് കൈമുതലായില്ല. 

‘ഡയമണ്ട് നെക്ലേസ്’ ഉള്‍പെടെയുള്ള ചിത്രങ്ങളില്‍ അടുത്തിടെ പുതുമകള്‍ പരീക്ഷിച്ച് വിജയിച്ച ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം എന്ന തിരക്കഥാകൃത്ത് ഇവിടെ എത്തുമ്പോള്‍ വെറുതേ രണ്ടരമണിക്കൂര്‍ നിറയ്ക്കാനുള്ള എന്തോ എഴുതിവിട്ട് ജോലി തീര്‍ത്തിരിക്കുകയാണ്. ലക്ഷ്മി ഗോപാലസ്വാമിയുടെ ഡോ. തുളസി, പ്രകാശ് ബാരേയുടെ ആസാദ് തുടങ്ങിയ കഥാപാത്രങ്ങള്‍ ഇടവേളാനാന്തരം ‘വൈകാരിക മുഹൂര്‍ത്തങ്ങള്‍’ സൃഷ്ടിക്കാനുദ്ദേശിച്ച് സംവിധായകനും തിരക്കഥാകൃത്തും സൃഷ്ടിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ആ ലക്ഷ്യങ്ങളൊന്നും ഏശുന്നുമില്ല. സ്നേഹവീടില്‍ അച്ഛനെ അന്വേഷിച്ച് വന്ന യുവാവിന്റെ  കഥയാണെങ്കില്‍ ഇവിടെ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്ന യുവതി എന്ന വ്യത്യാസമാണ് സത്യന്‍ അന്തിക്കാട് പരീക്ഷിച്ച ‘വ്യത്യസ്തത’. കൈ്ളമാക്സില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നായകന്റെ  ഉദ്ബോധനവും നാടകീയമായ നായികാ നായക കൂടിക്കാഴ്ചയും കൂടിയാകുമ്പോള്‍ കഥ ശുഭപര്യവസായി ആകുന്നു. 

ആദ്യപകുതിയില്‍ സിദ്ധാര്‍ഥന്റെ  വലതു രാഷ്ട്രീയനേതാവ് സ്വഭാവങ്ങളും അതിലെ രസങ്ങളും കാണിക്കാന്‍ നല്ലൊരു സമയം ചെലവഴിച്ചിട്ടുണ്ട്. സന്ദേശം പോലുള്ള ചിത്രങ്ങളില്‍ ഇത്തരം ഖദര്‍ പാര്‍ട്ടി സ്വഭാവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്, എങ്കിലും ‘ഇന്ത്യന്‍ പ്രണയ കഥ’യെ രസകരമാക്കുന്ന നിമിഷങ്ങള്‍ ഇവ മാത്രമാണ്. അമല പോളിന് മോശമല്ലാത്ത വേഷമാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് എന്നതില്‍ ആശ്വസിക്കാം. 

വിദ്യാസാഗറിന്റെ  ഈണത്തിലുള്ള ഗാനങ്ങള്‍ പഴയ നിലവാരം പുലര്‍ത്തുന്നില്ല. എന്നാല്‍ ‘ഓമനപ്പെണ്ണേ’ എന്ന ഗാനം ഫഹദിന്റെ  ഊര്‍ജസ്വലതകൊണ്ട് കണ്ടിരിക്കാവുന്നതാണ്. രാജസ്ഥാന്‍ പ്രണയഗാനം തീര്‍ത്തും വിരസമാണ്. 

ചുരുക്കത്തില്‍, മാറ്റത്തിന് തയാറാകാതെ ഒരേ തരം പടങ്ങള്‍, അതും പ്രത്യേകിച്ച് ഗുണവും മണവും ഇല്ലാത്തവ, പടച്ചുവിടുന്നത് സത്യന്‍ അന്തിക്കാട് ഇവിടെ തുടര്‍ന്നിട്ടുണ്ട്. അതിലെന്താ കുഴപ്പം എന്നു തോന്നുന്നവര്‍ക്ക് നിശ്ചയമായും ഈ ‘ഇന്തോ -കനേഡിയന്‍ പ്രണയകഥ’ കണ്ടാല്‍ ആസ്വദിക്കാനാവും. 

Rating: 5.25/10



oru indian pranayakadha, sathyan anthikad, oru indian pranaya kadha review, malayalam movie review, cinemajalakam review, fahad fazil, amala paul



3 comments:

Anonymous said...

sathyan ore vazhiye pokooo...

Dina said...

fahad kalakki

Anonymous said...

padam super... i like

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.