Saturday, January 4, 2014

Vedivazhipadu Review: മലയാളി ലൈംഗികതക്ക് ഒരു നേര്‍ച്ചവെടിമലയാളിയുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത ആറ്റുകാല്‍പൊങ്കാലയുടെ മറവില്‍ ആവിഷ്കരിക്കുക എന്ന ശ്രമം ‘വെടിവഴിപാടായ’പ്പോള്‍ തന്നെ മതവികാരം വ്രണപ്പെടുമെന്ന് സെന്‍സര്‍ ബോര്‍ഡ് വിധിച്ചിരുന്നു. പുനപരിശോധനയില്‍ അനുമതി കിട്ടി ഡിസംബര്‍ 12ന് പുറത്തിറങ്ങിയ ചിത്രം പല ജീവിതങ്ങളെ കൂട്ടിയിണക്കുന്ന ന്യൂ ജനറേഷന്‍ തന്ത്രം കൊണ്ടും തെറിവിളികള്‍ കൊണ്ടും പുതിയ കാലത്തിന്റെ  ‘ഉത്തമ’ സൃഷ്ടിയാണ്. 

ശംഭു പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ‘സദാചാരവാദികള്‍ പൊറുക്കുക, ചിരിയുടെ മാലപ്പടക്കവുമായി’ തുടങ്ങിയ പോസ്റ്റര്‍ വാചകങ്ങള്‍ ആളെക്കയറ്റലെന്ന ദൗത്യം മാത്രമേ നിര്‍വഹിക്കുന്നുള്ളു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനത്തിലെന്ന പോലെ നിര്‍മാണത്തിലും നല്ല ബിസിനസുകാരനാകുന്നതിന്റെ  തെളിവുകള്‍ പ്രകടമാക്കുന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രമേയം പുകമറ മാത്രമാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. 

പ്രകടനത്തില്‍ മുന്നിട്ടുനില്‍ക്കുന്നവരില്‍ ഏറെയും സ്ത്രീകളാണ്. കുറച്ചുചിത്രങ്ങളുടെ അനുഭവം മാത്രമുള്ള അനുമോള്‍ വേശ്യാസങ്കല്‍പ്പങ്ങള്‍ക്കപ്പുറം പോയി. പുതിയ നായികയുടെ ധീരത അഭിനന്ദിക്കപ്പെടേണ്ടത് തന്നെ. അനുശ്രീ, മൈഥിലി എന്നിവരുടെ പ്രകടനം ശ്രദ്ധിക്കപ്പെടും. പുരുഷന്മാരില്‍ മുരളി ഗോപിയും പുതുമുഖം അശ്വിനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 

അവതരണത്തിലെ പാളിച്ച മുഴച്ചുനില്‍ക്കുമ്പോഴും ഒറ്റവാചകത്തില്‍ ഒതുക്കാതെ ചിന്തിപ്പിക്കുന്ന ചിലവിഷയങ്ങള്‍ ചിത്രം മാറ്റിവെക്കുന്നുണ്ട്.

ലൈംഗിക അഭിനിവേശം സ്ത്രീയില്‍, പുരുഷനില്‍ 
ഒരു പ്രഫഷണലിനുമുന്നിലെ കനപ്പെട്ട ഓഫര്‍, വിവാഹ ജീവിതത്തിലെ പരാജയം വേശ്യക്കുമുന്നില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പെടാപ്പാട്, സമാനമനസ്കര്‍ക്കിടയില്‍ സംഭവിക്കുന്നത്, സുഹൃത്തിന്‍െറ ഭാര്യയോടുള്ള അഭിനിവേശം, അതിരുവിട്ട തമാശ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ ലൈംഗികത അവതരിപ്പിക്കപ്പെടുന്നു ചിത്രത്തില്‍. ഇതില്‍ ആദ്യത്തേത് ചെറുത്തുനില്‍പ്പിന്റെ  പ്രഫഷണലിസം കൊണ്ടുതന്നെ നിഷ്ഫലമാകുമ്പോള്‍ രണ്ടാമത്തേത് പതിവുപല്ലവി ആവര്‍ത്തിച്ച് ‘പുരുഷത്വ’ത്തിന് കനത്ത പ്രഹരമാകുന്നു. മൂന്നാമത്തേതും നാലാമത്തേതും കരിയറിന്റെ  തകര്‍ച്ചയെന്ന വാര്‍ത്തയില്‍ മൂഡൗട്ടാകുന്നു. അഞ്ചാമത്തേത് മരിച്ചുപോയ കുഞ്ഞെന്ന വികാരത്തില്‍ ഇല്ലാതാകുന്നു. ഇതിനിടയില്‍ ‘അധമ’ ചിന്തകളില്‍ നിന്ന് മാറി നടക്കുന്ന കപടസദാചാരവാദിയും അഭിനിവേശങ്ങളില്‍ നിന്ന് മോചിതനല്ലെന്നും ചിത്രം കാട്ടുന്നു. ഇങ്ങനെ വ്യത്യസ്ത സമീപനങ്ങള്‍ മലയാളിയുടെ ലൈംഗികതയുടെ നേര്‍ക്കാഴ്ചയാകുമ്പോള്‍ വിജയത്തിന്റെ  ചിരി സംവിധായകന് സ്വന്തം.

പ്രമേയത്തിലെ ധീരത
നഗരത്തെ സ്ത്രീകള്‍ക്കായി വിട്ടുകൊടുക്കുകയും ഗുണ്ടകളെപ്പോലും ‘കാറ്ററിംഗ് ഭക്തന്മാരാ’ക്കുകയും ചെയ്യന്ന ആറ്റുകാല്‍പൊങ്കാലയാണ് ചിത്രത്തിന്റെ  പഞ്ചാത്തലം. പൊങ്കാലയിടുകയും അത് റിപ്പോര്‍ട്ട് ചെയ്യകയും ഭര്‍ത്താവിന്റെ  സുഹൃത്തില്‍ അഭയം തേടുകയും ചെയ്യന്ന സ്ത്രീകളും ഒരു പകലിന്റെ  സാധ്യത പെണ്ണുപിടിക്കാനും ചീട്ടുകളിക്കാനും വെള്ളമടിക്കാനും ഉപയോഗപ്പെടുത്തുന്ന പുരുഷന്മാരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സ്ത്രീകളില്‍ ഒരാള്‍ മരിച്ചുപോയ കുഞ്ഞിന്റെ  ഓര്‍മ കൂടിയായി ചടങ്ങിനെ കാണുമ്പോള്‍ മറ്റൊരാള്‍ നിര്‍വൃതി കണ്ടെത്തുന്നത്  ഭര്‍തൃസുഹൃത്തിന്റെ  വീട്ടില്‍ പൊങ്കാല നേദിച്ചാണ്. പൊങ്കാല ഒരു മറയാകുന്നതെങ്ങനെയെന്ന് സമര്‍ത്ഥമായി ചിത്രത്തില്‍ ആവിഷ്കരിക്കുന്നു. ഒത്തുകിട്ടുന്ന സ്വകാര്യ അവസരങ്ങളില്‍ മാത്രം ലൈംഗികതയെക്കുറിച്ച് ചിന്തിക്കുകയെന്ന നമ്മുടെ സങ്കല്‍പ്പത്തെ മറികടക്കാന്‍ മതാചാരവുമായി ബന്ധപ്പെട്ട ചടങ്ങ് പശ്ചാത്തലമാക്കി എന്നതാണ് പ്രമേയത്തിലെ ധീരതയായി ഇക്കാലത്ത് കാണേണ്ടത്.

തീയേറ്ററില്‍ കേറിപ്പോയെന്ന ഒറ്റക്കാരണം കൊണ്ട് കൈയ്യിലെ പൈസ കളഞ്ഞ ഇക്കൊല്ലത്തെ 100ലധികം ചിത്രങ്ങളില്‍നിന്ന് ‘വെടിവഴിപാടി’നെ അല്‍പം മാറ്റിനിര്‍ത്തുന്നത് ഈ ഘടകങ്ങള്‍ തന്നെയാണ്. വിഷയം മുന്‍വിധികളില്ലാതെ തെരഞ്ഞെടുക്കുന്നതിനൊപ്പം കൈയ്യക്കത്തോടെ അവതരിപ്പിക്കാനും വരാനിരിക്കുന്ന ചിത്രങ്ങളില്‍ സംവിധായകന് കഴിയട്ടേയെന്ന് ആശംസിക്കാം.

Rating: 5.25/10

ജിതിന്‍ എസ്. ആര്‍vedivazhipadu review, vedivazhipad, anumol, muraligopi, indrajith, sambhu purushothaman, malayalam movie reviews, cinemajalakam review

2 comments:

Santhosh said...

Another trivandrum lodge??

BIJU NAMBIAR said...

GOOD AND WATCHABLE ENTERTAINER....

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.