Sunday, January 26, 2014

Salala Mobiles Review: റെയ്ഞ്ചില്ലാത്ത സലാലാ മൊബൈല്‍സ്


മൊബൈല്‍ ഫോണുകള്‍ ജീവിതത്തിന്റെ  ഭാഗമായിട്ട് കാലം കുറേയായി. അതുപോലെ, പ്രണയങ്ങള്‍ സുദൃഡമാക്കുന്നതില്‍ (തകര്‍ക്കുന്നതിലും) അവ വഹിക്കുന്ന പങ്കും ചെറുതല്ല. അതുകൊണ്ടുതന്നെ, മൊബൈല്‍ ഫോണ്‍ പശ്ചാത്തലമാക്കി ഒരു റൊമാന്‍റിക് കോമഡി ഒരുക്കുമ്പോള്‍ സാധ്യതകളേറെയാണ്. ഈ സാഹചര്യങ്ങള്‍ എല്ലാമുണ്ടെങ്കിലും അവ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നറിയാതെ ഉഴലുന്നതാണ് ശരത് എ. ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ‘സലാലാ മൊബൈല്‍സി’ല്‍ പ്രേക്ഷകര്‍ കാണുന്നത്. 

‘അലസസുന്ദര’നായ അഫ്സല്‍ എന്ന നായകനെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. ഒരു പണിയും ചെയ്യാതെ ഭക്ഷണം കഴിക്കാത്ത സമയത്തൊക്കെ ഉറങ്ങുന്ന അവന്റെ  ഭാവിയെക്കുറിച്ചോര്‍ത്ത് ഉമ്മ സഫിയുമ്മക്ക് (ഗീത) എപ്പോഴും ആധിയാണ്. അങ്ങനെയാണ്, ഗള്‍ഫില്‍ സലാലയിലുള്ള അമ്മാവന്റെ  സഹായത്തോടെ അവന്‍ ഒരു മൊബൈല്‍ ഷോപ്പ് തുടങ്ങാന്‍ തയാറാകുന്നത്. ഈ കടയ്ക്ക് മുന്നിലെ ബസ് സ്റ്റോപ്പില്‍ സ്ഥിരം ബസ് കയറാനെത്തുകയും മിക്കപ്പോഴും തന്‍്റെ കടയില്‍ ടോപ്പ് അപ്പ് ചെയ്യാനെത്തുകയും ചെയ്യുന്ന ഷഹാന (നസ്റിയ) എന്ന പെണ്‍കുട്ടിയില്‍ അവന്‍ ആകൃഷ്ടനാകുന്നു. പ്രണയം പറയാനുള്ള ധൈര്യമില്ല അവന്.  ഇതിനിടെയാണ് കോയമ്പത്തൂര്‍കാരന്‍ അഴകര്‍ സാമി (സന്താനം) നല്‍കുന്ന ‘മൈന്‍ഡ് ടാപ്പിംഗ് സോഫ്ട്വെയര്‍’ അഫ്സലിന്റെ ജീവിതത്തിന്റെ  ഗതി മാറ്റുന്നു. ഇതുപയോഗിച്ച് ഷഹാനയുടെയും മറ്റു പലരുടേയും ഫോണ്‍ അവന്‍ ചോര്‍ത്തി കേള്‍ക്കുന്നു. 

ഈ ചോര്‍ത്തല്‍ വരുത്തുന്ന പ്രശ്നങ്ങളും അന്വേഷണവും പിന്നെ അഫ്സല്‍ -ഷഹാന പ്രണയത്തിന്റെ വഴിത്തിരിവുകളുമാണ് ഇടവേളാനന്തരം. 

കഥാപശ്ചാത്തലം കേട്ടാല്‍ കുഴപ്പില്ലെന്ന് തോന്നും. എന്നാല്‍, ഇക്കഥ പറഞ്ഞുപോകാന്‍ പെടുന്ന കഷ്ടപ്പാടാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകനെ കുഴക്കുന്നത്. ക്ളീഷേ കുറേയേറെ ഉണ്ടെങ്കിലും യുവ ജോഡികളുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജവും ചില നുറുങ്ങു നര്‍മങ്ങളും ആദ്യപകുതിയെ കണ്ടിരിക്കാവുന്നതാക്കും. പിന്നെയാണ് പൂരം, ഡ്രൈവിങ് വശമില്ലാത്തയാള്‍ കാര്‍ എടുത്ത് എങ്ങനെയൊക്കെയോ വളഞ്ഞുപുളഞ്ഞ് ഏതോ മരത്തിലിടിച്ച് നിര്‍ത്തുന്നതുപോലെ ഒരു രണ്ടാം പകുതി. 

അഫ്സലിന് ഷഹാനയോട് തോന്നുന്ന പ്രണയവും അതെങ്ങനെ ഒക്കെ സഞ്ചരിക്കുന്നുവെന്നും പറയാനാണ് ശ്രമിക്കുന്നതെന്ന് ആദ്യം തോന്നുമെങ്കിലും രണ്ടാം പകുതിയില്‍ എങ്ങോട്ടൊക്കൊയോ അലയുകയാണ് ചിത്രം. മൊബൈല്‍ ചോര്‍ത്തല്‍ ഒരു സാമൂഹിക പ്രശ്നമായി വളരുന്നതും അന്വേഷണവും ഒക്കെ അലസമായാണ്  കൈകാര്യം ചെയ്തിരിക്കുന്നത്. 
ഏതൊരു കൊച്ചുകുട്ടിയും ഫോണ്‍ ടാപ്പിംഗ് നടന്നാല്‍ ആദ്യം സമീപിക്കുക സൈബര്‍ സെല്ലിനെയാണല്ലോ. എന്നാല്‍, ഈ ചിത്രത്തിലെ കമീഷണര്‍ (സിദ്ദിഖ്) ഈ സാധ്യത ചൂണ്ടിക്കാട്ടുന്ന പോലീസുകാരനോട് പറയുന്നത് ‘സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടുപിടിക്കാനാ’ണ്. എന്നിട്ടും വട്ടം കൂടിയിരുന്ന് സൈബര്‍ ക്രൈം കണ്ടുപിടിക്കാന്‍ നിഗമനങ്ങള്‍ ഓരോന്നോരോന്നായി പറഞ്ഞുനോക്കും. ഒത്താല്‍ ഒത്തു! 

കൂടാതെ, ഊടുവഴികളിലൂടെ കഥ സഞ്ചരിച്ച് തിരികെ വീണ്ടും പ്രണയത്തില്‍ എത്തുമ്പോഴാണ് നമ്മള്‍ ഓര്‍ക്കുന്നത് ‘ശെടാ ഇവനിതുവരെ പ്രണയം ഒന്നുമാക്കിയില്ലല്ലോ, ഇനിയെന്താ കഥ’യെന്ന്. ഒടുവില്‍ ശടപടേന്ന് ഒരു കൈ്ളമാക്സും അതുകഴിഞ്ഞ് എല്ലാ കഴിഞ്ഞ് ശുഭാന്ത്യമാക്കാന്‍ നീണ്ട പശ്ചാത്തലവിവരണവും. 

സിനിമയില്‍ ആദ്യപകുതിയെ രസകരമാക്കുന്നതില്‍ ദുല്‍ഖര്‍ സല്‍മാന്‍ - ഗ്രിഗറി കൂട്ടുക്കെട്ടിന്റെ നര്‍മങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. ‘എ.ബി.സി.ഡി’യില്‍ ക്ളിക്കായ ഈ കൂട്ടുകെട്ടിന്റെ കെമിസ്ട്രി ഇവിടെ നന്നായി ശ്രദ്ധിക്കപെടുന്നുണ്ടെങ്കിലും ആവര്‍ത്തന വിരസതയുണ്ട്.

ഇരുവരും കൂടി ഫോണ്‍ ചോര്‍ത്തി പകല്‍ മാന്യന്‍മാരുടെ രാത്രി ശൃംഗാരങ്ങള്‍ കേട്ട് രസിക്കുന്നതൊക്കെ പ്രേക്ഷകരെയും രസിപ്പിക്കും. 

അതുപോലെ, ദുല്‍ഖര്‍ തന്റെ  സുരക്ഷിത മേഖല വിട്ടുള്ള കളി ഇപ്പോഴും ആരംഭിച്ചിട്ടില്ല. സെക്കന്‍റ് ഷോ, ഉസ്താദ് ഹോട്ടല്‍, എ.ബി.സി.ഡി കഥാപാത്രങ്ങളുടെ ഒരു കൂടിച്ചേരലായി ‘സലാല’യിലെ അഫ്സല്‍. 

നായിക നസ്റിയക്കാണെങ്കില്‍ സുന്ദരിയായി ഒരുങ്ങി ബസ് സ്റ്റോപ്പിലൂടെ നടക്കുക, ഇടക്കിടെ റീചാര്‍ജ് ചെയ്യുക, രാത്രി വാപ്പയ്ക്ക് ഫോണ്‍ വിളിക്കുക എന്നിവ മാത്രമാണ് ചെയ്യാനുള്ളത്. ഒരു പ്രണയകഥയിലെ നായിക ഇതില്‍ കൂടുതലെന്ത് ദുരിതമാണ് വരാനുള്ളത്? 

അതിഥി വേഷമാണെങ്കിലും തമിഴ് നടന്‍ സന്താനത്തിന്റെ  മലയാള അരങ്ങേറ്റമായ അഴകര്‍ സാമി പ്രേക്ഷകര്‍ക്ക് രസിക്കും. വില്ലത്തരങ്ങളുമായി അന്‍വര്‍ ഷെരീഫിന്റെ മനാഫും കൊള്ളാം.

സിനിമയെ ഊര്‍ജസ്വലമാക്കി നിര്‍ത്തുന്നതില്‍ ഗോപീസുന്ദറിന്റെ  പശ്ചാത്തല സംഗീതം നല്‍കുന്ന സഹായം വളരെ വലുതാണ്. നന്നായി ഡി.ടി.എസ് മിക്സിങ്ങും ചെയ്തിട്ടുണ്ട്. ഗാനങ്ങളും ബോറടിപ്പിക്കില്ല. ‘നീലനിലാവിന്‍’ എന്ന വിവാഹഗാനം വര്‍ണാഭമായി ചിത്രീകരിച്ചിട്ടുണ്ട്. ടൈറ്റില്‍ സോങ്ങും ശ്രദ്ധിക്കപ്പെടുന്നതാണ്. 

സതീഷ് കുറുപ്പ് യുവചിത്രങ്ങള്‍ക്ക് ചേരുന്ന പ്രസരിപ്പുള്ള ഫ്രെയിമുകളാണ് ‘സലാല’ക്കായി ഒരുക്കിയിരിക്കുന്നത്. 

ടിനി ടോം, മാമുക്കോയ, കുഞ്ചന്‍ തുടങ്ങിയവര്‍ കഥയില്‍ കാര്യമായ പ്രാധാന്യമില്ലെങ്കിലും സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. 

ഒരു ന്യൂ ജനറേഷന്‍ യുവതാരചിത്രത്തിന്റെ  ഊര്‍ജവും നിറപ്പകിട്ടുമൊക്കെ കുറേ സ്ഥലങ്ങളില്‍ അനുഭവപ്പെടുമെങ്കിലും ഒരു ‘ഫീല്‍ ഗുഡ്’ ലവ് സ്റ്റോറി’ എന്ന നിലയിലേക്ക് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. രണ്ടാം പകുതിയില്‍ തിരക്കഥ ഭ്രാന്തമായി സഞ്ചരിച്ച് അവസാനം കലമുടയ്ക്കുന്നത് തന്നെ കാരണം. 

പ്രണയവും തിളങ്ങുന്ന താരജോഡിയും ന്യൂ ജനറേഷന്‍ സാങ്കേതിക രസങ്ങളും ഒക്കെയായി നല്ലൊരു ശ്രമമുണ്ടെങ്കിലും  ഇവയെ കൃത്യമായി സമന്വയിപ്പിക്കാന്‍ കഴിയാത്തത് ‘സലാലാ മൊബൈല്‍സി’നെ ഡൗണാക്കുന്നു.  

RATING: 2.5/5

MOVIE: SALALA MOBILES
SCRIPT AND DIRECTION: SARATH A. HARIDASAN
BANNER: ANTO JOSEPH FILM COMPANY
CAST: DULQUER SALMAAN, NASRIYA NASIM, SIDHIQUE, GEETHA, GRIGORY, TINI TOM
MUSIC: GOPISUNDER
CAMERA: SATHEESH KURUP




salala mobiles, salala mobiles review, dulquer salmaan, nasriya nasim, sarath a haridasan, gopisunder, grigory, malayalam movie reviews, cinemajalakam review, malayalam movie salala mobiles review, malayalam cinema review

2 comments:

Dina said...

wthcable film, not a bad film.....

Anonymous said...

ayyyyooo....kanan vayye

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.