Saturday, January 4, 2014

Drishyam review: ദൃശ്യവിസ്മയം!കുടുംബകഥയിലൂടെ തുടങ്ങി ത്രില്ലറാക്കി മാറ്റുന്ന മുമ്പിലലാത്ത ആഖ്യാനശൈലിയുമായാണ് സംവിധായകന്‍ ജീത്തു ജോസഫ് ‘ദൃശ്യ’വുമായി പ്രേക്ഷകര്‍ക്ക് മുന്നിലത്തെുന്നത്. ഒരു ശരാശരി കുടുംബചിത്രത്തിന്റെ  ചേരുവകളുമായി ആദ്യ പകുതിയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം രണ്ടാം പകുതിയില്‍ ഒരു കുടുംബത്തിന്റെ  പ്രശ്നങ്ങളും പോരാട്ടങ്ങളുമായി അതീവസങ്കീര്‍ണമായ വഴികളിലൂടെ കടക്കുകയാണ്. നെഞ്ചിടിപ്പുകൂട്ടുന്ന ഈ കുടുംബപ്രതിസന്ധികള്‍ നേരിടാന്‍ നായകനായി മോഹന്‍ലാല്‍ കൂടി എത്തിയതോടെ ‘ദൃശ്യം’ ഒരു ദൃശ്യവിസ്മയമാകുന്നു.

ഒരു സാധാരണ മലയോരഗ്രാമ കുടുംബത്തിലുണ്ടാകുന്ന സങ്കീര്‍ണമായ പ്രതിസന്ധി ഒരുമിച്ചവര്‍ നേരിടുന്നതെങ്ങനെയെന്ന് നെഞ്ചിടിപ്പുകൂട്ടുന്നവിധം പറയുകയാണ് ‘ചിത്രത്തില്‍. രാജാക്കാടെന്ന ഗ്രാമത്തിലെ കേബിള്‍ ഓപറേറ്റാണ് ജോര്‍ജുകുട്ടി (മോഹന്‍ലാല്‍). ഭാര്യ റാണിയും (മീന), രണ്ടു പെണ്‍മക്കളും (അന്‍സിബ, എസ്തര്‍) അടങ്ങുന്ന കുടുംബമാണയാള്‍ക്ക്.  മൂത്തമകളായ പ്ളസ്ടുകാരിയുടെ  ജീവിതത്തില്‍ ഒരു മൊബൈല്‍ ഫോണുമായി കടന്നുവരുന്ന വരുണ്‍ (റോഷന്‍) അവരുടെ ജീവിതംതന്നെ മാറ്റിമറിക്കുന്നു. ഈ പ്രശ്നങ്ങള്‍ മറികടക്കാന്‍ ജോര്‍ജുകുട്ടിയുടെ ബലത്തില്‍ ആ കുടുംബം നടത്തുന്ന പോരാട്ടമാണ് ‘ദൃശ്യം’.

നിഷ്കളങ്ക നാട്ടുപുറത്തുകാരന്റെ  കുടുംബാന്തരീക്ഷം വിവരിക്കലാണ് ആദ്യ പകുതിയില്‍ ഏറെയും. ചിലപ്പോഴെങ്കിലും നിരവധി തവണ സിനിമകളില്‍ കണ്ട ഇത്തരം ഗൃഹസ്ഥരുടെ കഥതന്നെയല്ലേ ഇതും എന്ന് തോന്നിപ്പോകും. രണ്ടാംപകുതിയില്‍ ഈവഴി മാറ്റി സംവിധായകന്‍ കഥായാത്ര തുടങ്ങുമ്പോഴാണ് ‘ദൃശ്യം’ വ്യത്യസ്തമാകുന്നത്. 

നാലാംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടിയെന്ന നായകന്‍ ഒരു കുറ്റകൃത്യം മറയ്ക്കാന്‍ എടുക്കുന്ന തീരുമാനങ്ങളാണ് പ്രേക്ഷകനെ ഞെട്ടിക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നത്. ഈ ഘട്ടങ്ങളില്‍ തിരക്കഥ പുലര്‍ത്തുന്ന അസാമാന്യമായ കൈയടക്കമാണ് ചിത്രത്തിന്റെ  ജീവന്‍. കഥാഖ്യാനവേഗത്തിനൊപ്പം പ്രേക്ഷകന്റെ  ഹൃദയത്തില്‍ തൊടുംവിധം അവതരിപ്പിച്ചിട്ടുണ്ട്. ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ  പ്രശ്നം സ്വന്തം കുടുംബത്തിന്റെ  പ്രശ്നമെന്ന് പ്രേക്ഷകര്‍ക്ക് തോന്നുംവിധം പറയാനായത് രണ്ടാംപകുതിയിലെ പല യുക്തി പ്രശ്നങ്ങളും മറികടക്കാന്‍ സഹായിട്ടുമുണ്ട്. 

കുടുംബങ്ങള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ മോഹന്‍ലാല്‍ എന്ന നടനെ  വളരെ നാളുകള്‍ക്ക് ശേഷം വെള്ളിത്തരിയില്‍ കാണാന്‍ ‘ദൃശ്യം’ സഹായിച്ചു. ലാലിന്റെ  അഭിനയമികവിനാല്‍ ജോര്‍ജുകുട്ടിയുടെ സങ്കീര്‍ണതകള്‍ അയാസരഹിതമായി സംവിധായകന് പ്രതിഫലിപ്പിക്കാനുമായി. 

പതിവായി ഉപകോമേഡിയനായി കണ്ടുവന്ന കലാഭവന്‍ ഷാജോണില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത നെഗറ്റീവ് വേഷമാണ് കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചത്. ഷാജോന്റെ  അഭിനയജീവിതത്തില്‍ അടയാളപ്പെടുത്താവുന്ന മികച്ച കഥാപാത്രം. മീനക്കും നല്ലൊരു തിരിച്ചുവരവാണ് റാണി എന്ന വേഷം നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥയായ ഗീതയായി ആശാ ശരത്തിനും അഭിനയശേഷി പ്രകടിപ്പിക്കാന്‍ പോന്ന കഥാപാത്രം ലഭിച്ചിട്ടുണ്ട്. സിദ്ദിഖ്, നാരായണന്‍ നായര്‍, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സാന്നിധ്യം അറിയിച്ചു. അനില്‍ ജോണ്‍സണ്‍ ഒരുക്കിയ പശ്ചാത്തലസംഗീതം രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ  ത്രില്ലര്‍ സ്വഭാവത്തിന് മികച്ച പിന്തുണ നല്‍കി.

നല്ല ഹോംവര്‍ക്കോടെ തയാറാക്കിയ തിരക്കഥയുടെ കൃത്യമായ അവതരണമായ ‘ദൃശ്യം’ എന്ന ചിത്രത്തെ മികവുറ്റതാക്കുന്നത്.  കൈവിട്ടുപോകാന്‍ സാധ്യതയുള്ള സങ്കീര്‍ണമായ രണ്ടാംപകുതിയില്‍ ജീത്തു ജോസഫിന് തുണയായത് ഈ മിടുക്കാണ്. അതുകൊണ്ടുതന്നെയാണ് ’ദൃശ്യത്തിന്’ ഒരു മികച്ച കുടുംബചിത്രവും കുടുംബത്രില്ലറുമായി പ്രേക്ഷകമനസില്‍ ഇടിച്ചുകയറാനായത്. 

Rating: 7.5/10drishyam review, mohanlal, meena, jeethu joseph, malayalam movie drishyam, malayalam movie reviews, cinemajalakam review, latest malayalam movie reviews, malayalam cinema news

3 comments:

Dina said...

late but good review

Hari said...

Mohanlal is back!!!!

Santhosh said...

Yes, it is the script and homework that made this an outstanding film. Kudos jeethu!!!!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.