Monday, January 6, 2014

Ezhu sundara rathrikal review: അത്ര സുന്ദരമല്ലാത്ത രാത്രികള്‍!
നല്ല ചിത്രങ്ങളിലൂടെ കുടുംബങ്ങളുടെ പ്രിയസംവിധായകനായ ലാല്‍ ജോസും ജനപ്രിയനായകന്‍ ദിലീപും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ചാല്‍ തെറ്റുപറയാനാകില്ല. കൂട്ടിന് ലാല്‍ ജോസിനൊപ്പം ക്ളാസ്മേറ്റ്സ് ഒരുക്കിയ ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥാകൃത്തായി എത്തുക കൂടി ചെയ്താല്‍ പ്രതീക്ഷകള്‍ അതിരുകടക്കും. ഇങ്ങനെ വന്‍ പ്രതീക്ഷയുമായി ചെന്നവരെ ‘ഏഴുസുന്ദര രാത്രികള്‍’ നിരാശപ്പെടുത്തും. സാധാരണമായൊരു കഥയും അതിനെ വലിച്ചുകുഴക്കിയുള്ള തിരക്കഥയും കൂടിയാകുമ്പോള്‍ ചിത്രം അസാധാരണ സൃഷ്ടിയാകില്ലല്ലോ!

എബി (ദിലീപ്) എന്ന പരസ്യചിത്രസംവിധായകന്റെ  വിവാഹത്തിന് മുമ്പുള്ള ഏഴുദിവസങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.

ഏതാണ്ട് വിവാഹപ്രായം കഴിയാറായ ഘട്ടത്തിലാണ് എബി വിവാഹത്തിന് തയാറാകുന്നത്. അല്‍പം പ്രായവ്യത്യാസം ഉണ്ടെങ്കിലും താനുമായി പൊരുത്തപ്പെടുമെന്ന് തോന്നിയ ആന്‍ (പാര്‍വതി നമ്പ്യാര്‍) എന്ന പെണ്‍കുട്ടിയെയാണ് അയാള്‍ ജീവിതപങ്കാളിയായി കണ്ടത്തെിയത്. വിവാഹത്തിന് ഏഴുനാള്‍ മുമ്പാണ് അയാള്‍ അറിയുന്നത് പഴയകാമുകി സിനി (റിമ കല്ലിംഗല്‍) നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന്. ഒരു മധുരപ്രതികാരമായി അവളെ വിവാഹം ക്ഷണിക്കാന്‍ ഫ്ളാറ്റിലേക്ക് പോയപ്പോഴുണ്ടാകുന്ന നിസാരപ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കുരുക്കായി മാറുകയാണ്. ഇതു വിവാഹത്തീയതിക്ക് മുമ്പ് ആരുമറിയാതെ പരിഹരിക്കാന്‍ എബിയും സിനിയും നടത്തുന്ന നെട്ടോട്ടമാണ് കഥ. 

ഒരു ചെറിയ കള്ളം പ്രതിശ്രുത വധുവില്‍ നിന്ന് മറയ്ക്കാന്‍ കള്ളങ്ങളുടെ മേല്‍ കള്ളങ്ങള്‍ പറയുന്നതും അതും പിന്നീട് എബിയുടേയും സിനിയുടേയും ജീവിതത്തില്‍ വിചാരിക്കാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് കഥാഗതി. 

കള്ളം മറച്ചുവയ്ക്കാനുള്ള ‘എലിയും പൂച്ചയും’ കളി കാക്കത്തൊള്ളായിരം സിനിമകളില്‍ കണ്ടിട്ടുള്ള മലയാളികളോട് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ, അത്തരമൊരു കഥ വീണ്ടും അവതരിപ്പിക്കുമ്പോള്‍ കൊണ്ടുവരേണ്ട അവതരണത്തിലെ പുതുമയോ ഭംഗിയോ ഇവിടെ എത്തിക്കാനാകാത്തതാണ് ‘ഏഴുസുന്ദര രാത്രികളെ അത്ര സുന്ദരമല്ലാതാക്കുന്നത്. 

എബിയും സിനിയും ചെന്നുപെടുന്ന കുരുക്കുകളിലെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ നിരവധി ഉപകഥാസന്ദര്‍ഭങ്ങളും സഹതാരങ്ങളും പ്രശ്നങ്ങളും കുത്തിത്തിരികി വശക്കേടാക്കുന്നതോടെ ചിത്രത്തിന്റെ സൗന്ദര്യം തീര്‍ത്തും ചോരുന്നു. അവസാനം പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഒരു സഹനടന്റെ  തലയില്‍ കെട്ടിയേല്‍പ്പിച്ച്  എല്ലാം ശുഭമാക്കാന്‍ തിരക്കഥാകൃത്ത് പെടുന്ന പാടുകണ്ടാല്‍ സഹതാപം തോന്നും. 

പൊതുവേ ദിലീപ് ചിത്രങ്ങളില്‍ വല്യ കഴമ്പൊന്നും ഇല്ലെങ്കിലും ചെറുതും വലുതുമായ നര്‍മമൂഹൂര്‍ത്തങ്ങള്‍ അനവധി വരാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവിടെ അതും കുറവാണ്. ആദ്യന്തം ‘മസിലുപിടിച്ചുള്ള’ കഥാപാത്രമായിപ്പോയി എബി. എങ്കിലും തന്നെക്കൊണ്ട് ആവുംവിധത്തില്‍ ഭംഗിയാക്കാന്‍ ദിലീപ് ശ്രമിച്ചിട്ടുണ്ട്. റിമാ കല്ലിംഗല്‍ എപ്പോഴും വെപ്രാളം പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നുണ്ട്. നവാഗതയായ പാര്‍വതി നമ്പ്യാര്‍ ‘ആന്‍’ എന്ന വേഷത്തില്‍ ഓ.കെയാണ്. 

സിനിയുടെ ഭര്‍ത്താവായ ടൈസണ്‍ അലക്സ് ആയി മുരളി ഗോപി രൂപം കൊണ്ടും ഭാവം കൊണ്ടും ചേരുന്നു. എന്നാല്‍ അദ്ദേഹത്തിന് കാര്യമായി അഭിനയിച്ച് ബുദ്ധിമുട്ടാനുള്ള വേഷമൊന്നുമല്ല അത്.  ടിനി ടോം, ഹരിശ്രീ അശോകന്‍, പ്രവീണ, ശ്രീജിത്ത് രവി എന്നിവര്‍ സാന്നിധ്യമറിയിച്ചു. 

രചനാസൗന്ദര്യം ഇല്ലെങ്കിലും സാങ്കേതിക ഭംഗി ‘ഏഴുസുന്ദരരാത്രികള്‍’ക്ക് അവകാശപ്പെടാം. പ്രതീഷ് വര്‍മയുടെ കാമറക്കാഴ്ചകളില്‍ അവിടെയുമിവിടെയുമായി വ്യത്യസ്തയുടെ മിന്നലുകളുണ്ട്. 

പ്രശാന്ത് പിള്ളയുടെ സംഗീതവും വ്യത്യസ്തമാണ്. ‘കൂടെയിരിക്കാം’ എന്ന ഗാനം നന്നായപ്പോള്‍ മറ്റുള്ളവക്ക് ശരാശരി മാര്‍ക്ക് കൊടുക്കാം. 

ഒഴുക്കുള്ള തിരക്കഥയുടെ അഭാവമാണ് ‘ഏഴുസുന്ദര രാത്രികളു’ടെ സൗന്ദര്യം കെടുത്തുന്നത്. അതുകൊണ്ടുതന്നെ, പൊതു ലാല്‍ ജോസ് ചിത്രങ്ങളുടെ സുഖം ഈ ചിത്രത്തിന് നല്‍കാനുമാകുന്നില്ല. 

Rating: 5/10

Movie: Ezhu sundara Rathrikal
Direction: Laljose
Script: James Albert
Music: Prasanth Pillai
Camera: Pradeesh Verma
Cast: Dileep, Rima Kallingal, Parvathi Nambiar, Murali Gopi, Harisree Asokan, Suraj Venjaramood, Tini Tom, Praveena etc.


ezhu sundara ratrikal review, malayalam movie ezhu sundara rathrikal review, dileep, laljose, rima kallingal, murali gopi, parvathi nambiar, cinemajalakam review, prashanth pillai

3 comments:

Anonymous said...

ലാൽ ജോസേ... ഇതു വേണ്ടായിരുന്നൂ........

Reneesh said...

Happy to see reviews back. keep updated

Santhosh said...

ലാൽ ജോസ് ശ്രദ്ധിക്കേണ്ട സമയമായി

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.