Tuesday, September 3, 2013

Neelakasham Pachakadal Chuvanna bhoomi review: പുതിയ ആകാശം, നിറമുള്ള ഭൂമി...


ഛായാഗ്രാഹകനായി വന്ന് 'ചാപ്പാ കുരിശി'ലൂടെ സംവിധായകനായ സമീര്‍ താഹിറിന്റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' ആദ്യം ശ്രദ്ധയില്‍പെട്ടത് അതിന്റെ സമ്പൂര്‍ണ മലയാളിത്തമുള്ള, എന്നാല്‍ വ്യത്യസ്തമായ പേരിലൂടെയാണ്. കേരളത്തില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് രണ്ടു യുവാക്കള്‍ നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ സഞ്ചാരത്തിലൂടെ, അവര്‍ കടന്നു പോകുന്ന ദേശങ്ങളിലെ സാമൂഹിക രാഷ്ട്രീയ ചിത്രങ്ങള്‍ കൂടി പറഞ്ഞുവെക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. പൊതു ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ 'യോ യോ' യുവത്വങ്ങളുടെ അച്ചില്‍ വാര്‍ത്തെടുക്കാത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളും 'നീലകാശ'ത്തിന്റെ ശോഭ കൂട്ടുന്നുമുണ്ട്. തിരശീലയില്‍ നല്ലൊരു സിനിമാക്കാഴ്ച കണ്ടിറങ്ങിയെന്ന സുഖം ചിത്രം നല്‍കുമെന്നും ഉറപ്പാണ്, എന്നാല്‍ പറയാനുദ്ദേശിച്ച സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ക്ക് ആഴവും പരപ്പും വേണ്ടവിധം നല്‍കാനായോ എന്ന സംശയം ബാക്കിനില്‍ക്കും.

നഷ്ടപ്രണയത്തിന്റെ നോവുമായി ബൈക്കില്‍ കൃത്യമായ ലക്ഷ്യങ്ങളില്ലാത്ത യാത്ര തിരിക്കുകയാണ് കാസി (ദുല്‍ഖര്‍ സല്‍മാന്‍). വിളിച്ചില്ലെങ്കിലും കൂട്ടുകാരന്‍ സുനി (സണ്ണി വെയ്ന്‍) യും ഈ യാത്രയില്‍ അവനൊപ്പം കൂടുന്നു. അവരുടെ ബുള്ളറ്റുകള്‍ സംസ്ഥാനങ്ങള്‍ താണ്ടുമ്പോള്‍ കാണുന്ന കാഴ്ചകളും അനുഭവങ്ങളും ലഭിക്കുന്ന പാഠങ്ങളും കാസിയ്ക്ക് ലക്ഷ്യബോധമുണ്ടാക്കുന്നു. അങ്ങനെയാ യാത്ര പ്രണയിനിയെ തേടി നാഗാലാന്‍ഡില്‍ എത്തുമ്പോള്‍ കഥ വികസിക്കുന്നു...

ബംഗളൂരുവിലെ പബ്ബിലും പിന്നീട് ആന്ധ്രയിലെ കാടുകളിലും പിന്നീട് പരിചയപ്പെടുന്ന സംഘത്തോടൊപ്പം ഒഡിഷയിലെ പുരിയിലും ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലും കാസിയും സുനിയും എത്തുന്നു. ഇതിനിടെ ഓര്‍മകളും സംഭാഷണങ്ങളുമായി അവരുടെ കോളജ് കഥകളും പ്രേക്ഷകര്‍ അറിയുന്നു. കോളജിലെ ഇടതു വിദ്യാര്‍ഥി പ്രവര്‍ത്തകനായിരുന്നു കാസി. ഹൃദയം കവര്‍ന്ന നാഗാലാന്‍ഡുകാരി അസി (സുര്‍ജ ബാല) പിന്നീട് ഒരു പ്രത്യേക സാഹചര്യത്തില്‍ അവന്റെ കുടുംബത്തില്‍ എത്തുമ്പോഴുണ്ടാകുന്ന അനുഭവങ്ങളെത്തുടര്‍ന്ന് വിട്ടുപോവുകയായിരുന്നു. 

സമീര്‍ താഹിറിന്റെ സംവിധാന മികവ് ആദ്യ ചിത്രമായ ചാപ്പാ കുരിശില്‍ തന്നെ മലയാളി കണ്ടതാണ് . കെറിയന്‍ ചിത്രമായ 'ഹാന്‍ഡ് ഫോണി'ന്റെ കഥയാണ് ചിത്രം കടംകൊണ്ടതെങ്കിലും കേരള പശ്ചാത്തലത്തില്‍ കൃത്യമായി വിന്യസിക്കാനും പ്രേക്ഷകമനസില്‍ കഥാപാത്രങ്ങളുടെ വികാരവിക്ഷോഭങ്ങള്‍ കൃത്യമായി എത്തിക്കാനും ചിത്രത്തിനായി. ആ അവസ്ഥയില്‍ നിന്ന് 'നീലാകാശ'ത്തില്‍ എത്തുമ്പോള്‍ സമീറിന്റെ കാന്‍വാസ് വിശാലമാവുന്നുണ്ട്. സംവിധായകനെന്ന സാങ്കേതിക വിദഗ്ധന്‍ മുന്നേറിയിട്ടുമുണ്ട്. ന്യൂ ജനറേഷന്‍ ജാഡകള്‍ക്കപ്പുറം സമൂഹത്തെയും അതിനെ ചലിപ്പിക്കുന്ന എല്ലാ രാഷ്ട്രീയങ്ങളെയും ചര്‍ച്ചക്കെടുക്കാനുള്ള നല്ല ശ്രമങ്ങളും ഇവിടെ കാണാനാകും. 

അതേസമയം, ഈ രാഷ്ട്രീയങ്ങളുടെ ഉപരിപ്ലവമായ വായനയേ ചിത്രത്തില്‍ കടന്നുവരുന്നുള്ളൂ എന്നതാണ് സത്യം. ബംഗാളിലെ നക്സല്‍ ചെറുത്തുനില്‍പ്പും അസമില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന കലാപങ്ങളും കേരള രാഷ്ട്രീയവും ഒക്കെ ഇത്തരമൊരു വായനയേ ചിത്രത്തില്‍ സമീറും തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദും നടത്തുന്നുള്ളൂ. നാഗാലാന്‍ഡിലൊക്കെ സിവിലിയന്‍ പോരാളികള്‍ പോലീസുകാരുടെ തലമുറകളെ പിന്തുടര്‍ന്ന് വൈരാഗ്യം തിര്‍ക്കാറുണ്ടോ? ആ...അറിയില്ല. 

ഒപ്പം, കാസിയുടെ കുടുംബം അവതരിപ്പിക്കുമ്പോള്‍ മുഖ്യധാരാ ചിത്രങ്ങളില്‍ കാണുന്ന യാഥാസ്ഥിതിക മുസ്ലിം ക്ലീഷേകളും ധാരാളം. വെറുമൊരു സിനിമക്കപ്പുറം രാഷ്ട്രീയവും സ്വത്വവും ഒക്കെ പറയാന്‍ ശ്രമിച്ച തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിത്രത്തില്‍ ഇങ്ങനെ കണ്ടതിലാണ് അതിശയം. 

'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' എന്ന ലോക ക്ലാസിക് തീര്‍ച്ചയായും 'നീലാകാശത്തിന് പ്രചോദനമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരിക്കലും അതിന്റെ കഥാരീതിയോ ആഖ്യാനമോ ഇതില്‍ കടംകൊണ്ടിട്ടുമില്ല. 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' ചെ ഗുവേര നടത്തുന്ന ബൈക്ക് യാത്ര അദ്ദേഹത്തിന് നല്‍കുന്ന അനുഭവങ്ങളും വരുത്തുന്ന പരിവര്‍ത്തനങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് നല്‍കുന്ന 'ഫീലി'ന്റെ അടുത്തെങ്ങും 'നീലാകാശ'മില്ല. കൂടാതെ, ഇത്രയും നീണ്ട യാത്രയിലും ക്ലൈമാക്സിലെ നാഗാലാന്‍ഡ് അനുഭവങ്ങളിലുമൊന്നും കാര്യമായ പ്രതിസന്ധികളും നായകര്‍ നേരിടുന്നില്ല എന്നതും അതിശയിപ്പിക്കുന്നു. അള്ളു കയറി പഞ്ചറാകുന്നതാണ് ഒരു തിക്താനുഭവം!

അഭിനേതാക്കളില്‍ കാസിയും സുനിയും ദുല്‍ഖറും സണ്ണിയും മാറിയെന്നു പറയാം. അതേസമയം, ഇരുവര്‍ക്കും വെല്ലുവിളി എന്നു പറയാവുന്ന വേഷവുമല്ല ഇത്. ഇവര്‍ തന്നെ ഇത്തരം വേഷങ്ങള്‍ തങ്ങളുടെ സുരക്ഷാമേഖലകളാണെന്ന് മുന്‍ ചിത്രങ്ങളില്‍ തെളിയിച്ചിട്ടുണ്ടല്ലോ. മണിപ്പൂരി നടി സുര്‍ജ ബാല നായിക അസിയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സത്യജിത്ത് റേയുടെ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബംഗാളി നടന്‍ ധൃതിമാന്‍ ചാറ്റര്‍ജി, ഗൌരിയായി ബംഗാളി പെണ്‍കുട്ടിയായി ഇനാ സാഹ എന്നിവരാണ് സിനിമ വിട്ടിറങ്ങുമ്പോഴും ഓര്‍മയിലുണ്ടാവുന്ന മറ്റു പ്രധാന കഥാപാത്രങ്ങള്‍. 

സാങ്കേതിക വിഭാഗങ്ങളില്‍, ഗിരീഷ് ഗംഗാധരന്റെ ക്യാമറ ഇന്ത്യയുടെ വിശാല ഭൂപ്രകൃതിയുടെ കുറേ വ്യത്യസ്ത ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലെത്തിക്കുന്നു. റെക്സ് വിജയന്റെ സംഗീതത്തിലുള്ള ഗാനങ്ങളും ചിത്രത്തിന്റെ കഥപറച്ചില്‍ രീതിക്ക് നല്‍കുന്ന പിന്തുണ ചെറുതല്ല. 

'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്തായാലും മലയാളത്തില്‍ അടുത്തിടെയുണ്ടായ നല്ല ചിത്രങ്ങളില്‍ ഒന്നാണ്. അതേസമയം, പലരും വാഴ്ത്തിപ്പാടും പോലെ ഇതാണ് സിനിമ, ഇതാവണമെടാ സിനിമ എന്നൊന്നും പറയാനുമില്ല. നല്ല സിനിമ ശ്രമമെന്ന നിലയില്‍ 'നീലാകാശ'ത്തിന്റെ വിശാലമായ കാഴ്ചകള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. neelakasham pachakadal chuvanna bhoomi review, malayalam movie reviews, cinemajalakam review, dulquer salmaan, sameer thahir, hashir mohammed, sunny wayne, surja bala, ina sahi, npcb

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.