Tuesday, September 3, 2013

Kadal Kadannu oru Mathukutty Review: കടല്‍ കടക്കാത്ത മാത്തുക്കുട്ടി


ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണല്ലോ ചൊല്ല്. അതുതന്നെ ഇവിടെയും സംഭവിച്ചു. പാവപ്പെട്ടൊരു മാത്തുക്കുട്ടി സൂപര്‍താരത്തിന്റെ സ്റ്റേജ് ഷോ തരപ്പെടുത്താന്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ടുന്ന പൊല്ലാപ്പുകളാണ് രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' പറയുന്നത്. എന്നാല്‍ ആളു പാവമാണെങ്കിലും തിയറ്ററില്‍ അയാള്‍ പ്രേക്ഷകരെ വെറുപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. അസാമാന്യ ബുദ്ധിജീവി രഞ്ജിത്തിന്റെ രാഷ്ട്രീയ, ബൌദ്ധിക സന്ദേശങ്ങളോ അപാരസാധ്യതകളുള്ള നടന്‍ മമ്മൂട്ടിയുടെ അഭിനയ മികവോ ഒന്നും ചിത്രത്തില്‍ മഷിയിട്ടുനോക്കിയാലും കണ്ടെത്തുക പ്രയാസമാണ്. 

ജര്‍മനിയിലെ ഒരു കോണിലുള്ള മലയാളി സംഘടനക്ക് വാര്‍ഷികാഘോഷം നടത്താന്‍ മോഹന്‍ലാലിന്റെ സ്റ്റേജ് ഷോ തരപെടുത്താനാണ് മാത്തുക്കുട്ടി (മമ്മൂട്ടി) യെന്ന പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പ്രവാസിയെ ഭാരവാഹികള്‍ നാട്ടിലേക്ക് അയക്കുന്നത്. ഭാര്യ ജാന്‍സമ്മ (മുത്തുമണി) യുടെ സമ്മതവും വാങ്ങി നാട്ടിലെത്തിയ മാത്തുക്കുട്ടിക്ക് ഉറപ്പാവുന്നു അയാള്‍ വിചാരിച്ചാല്‍ ജന്‍മത്ത് മോഹന്‍ലാലിനേയോ ദിലീപിനേയോ ഒന്നും സംഘടിപ്പിച്ച് ജര്‍മനിയില്‍ പരിപാടി നടത്താനാവില്ലെന്ന്. ഭാര്യയെ പേടിച്ച് ജര്‍മനിയില്‍ കഴിഞ്ഞിരുന്ന അയാള്‍ വീണുകിട്ടിയ നാട്ടിലെ ഈ അവധിക്കാലം ആഘോഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന പൊല്ലാപ്പുകളും അതു പരിഹരിക്കാനുള്ള ശ്രമങ്ങളുമാണ് കഥ.

സുഹൃത്തിന്റെ തോക്കില്‍ നിന്ന് ഒരാള്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റ കേസ് ഒത്തുതീര്‍ക്കാന്‍ പോലീസിലും മറ്റു ഇടനിലക്കാര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും കൈക്കൂലി കൊടുത്തു ഒരു പരുവത്തിലാകുന്ന മാത്തുക്കുട്ടിയുടെ അവസ്ഥയിലൂടെ സമകാലിക കേരള സമൂഹത്തിലെ 'കൈക്കൂലിവത്കരണ'മാകാം രഞ്ജിത്ത് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് അലസമായി പറഞ്ഞുവന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ഞെരിപിരി കൊണ്ട് രണ്ടേകാല്‍ മണിക്കൂര്‍ തിയറ്ററില്‍ തള്ളിനീക്കാവുന്ന അവസ്ഥയിലെത്തിക്കുന്ന ഒരു നിര്‍വികാരചിത്രമായിപ്പോയി എന്നുമാത്രം. 

നായകനാവുമ്പോള്‍ നാട്ടിലെത്തിയാല്‍ കുറേ കൂട്ടുകാര്‍ ചുറ്റുംവേണം. പിന്നെ നൊസ്റ്റാള്‍ജിയക്കായി ഒരു പഴയ കാമുകി (അലീഷാ മുഹമ്മദ്), പിന്നെ പൌരപ്രമുഖനായ ഒരു മാഷ് (നെടുമുടി), പിന്നെ പള്ളീലച്ചന്‍ (ബാലചന്ദ്ര മേനോന്‍). ഇങ്ങനെ കുറേ ക്ലീഷേ കഥാപാത്രങ്ങളും കൂടി ഇക്കഥയില്‍ അവിടെയും ഇവിടെയും ആവശ്യാനുസരണം വിതറിയിട്ടുമുണ്ട്. കുരുട്ടു ബുദ്ധിക്കാരനായ ലോക്കല്‍ കേബിള്‍ റിപ്പോര്‍ട്ടറായി ടിനി ടോമും പഴയ കൂട്ടുകാരനും മുന്‍കാല കാമുകിയുടെ സഹോദരനുമായെത്തിയ പി. ബാലചന്ദ്രനും അഭിനയം മോശമാക്കിയില്ല എന്നു ഇതിനിടക്ക് പറയാം. 

രഞ്ജിത്തിലേക്ക് വരാം. അദ്ദേഹത്തിന്റെ അടുത്തിടെയുള്ള സൃഷ്ടികളായ സ്പിരിറ്റ്, ഇന്ത്യന്‍ റുപ്പി തുടങ്ങിയവ ചൂണ്ടിക്കാണിക്കാന്‍ പല പോരായ്മകളും ഉള്ളവയാണെങ്കിലും എന്തെങ്കിലുമൊക്കെ പ്രഭാവം പ്രേക്ഷകരിലെത്തിക്കാന്‍ പോനനവയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, തട്ടിക്കൂട്ടിന്റെ ക്ലാസിക്കായ 'മാത്തുക്കുട്ടി'യിലെ പ്രത്യേകത മമ്മൂട്ടി മീശ വഴിച്ച് അഭിനിയിക്കുന്നു എന്നതിലും ആദ്യ പത്ത് മിനിറ്റ് മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചില ജര്‍മന്‍ കാഴ്ചകള്‍ കാണിക്കുന്നു എന്നതിലും ഒതുങ്ങി. 

മമ്മൂട്ടിയിലെ നടനെ കൈയൊപ്പിലും പ്രാഞ്ചിയേട്ടനിലുമൊക്കെ നന്നായി ഉപയോഗിച്ച സംവിധായകനാണ് രഞ്ജിത്ത്. എന്നാല്‍ 'മാത്തുക്കുട്ടി'യില്‍ കുറേയേറെ സീനുകളില്‍ ഫ്രെയിമില്‍ ഈ മഹാനടനെ ഉള്‍ക്കൊള്ളിച്ചു എന്നേ പറയാനാകൂ. അതേസമയം, എടുത്തു പറയേണ്ട കണ്ടുപിടിത്തം മുത്തുമണി എന്ന നടിയാണ്. നിരവധി സഹനടിവേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇവര്‍ക്ക് നായകന്റെ ഭാര്യ ജാന്‍സമ്മയെന്ന വേഷം കരിയറിലെ വഴിത്തിരിവാണ്. 

മറ്റു സാങ്കേതിക വിഭാഗങ്ങളിലും പ്രത്യേകിച്ച് സവിശേഷതകള്‍ ഓര്‍മിച്ച് കുറിക്കാവുന്നതായി ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ല. 

ചുരുക്കത്തില്‍, കഥയിലെ 'ട്വിസ്റ്റു'പോലെ രഞ്ജിത്തിന് പറ്റിയ ഒരു 'അബദ്ധ വെടി' മാത്രമാണ് 'മാത്തുക്കുട്ടി'. സാറ്റലൈറ്റ് റൈറ്റ് അഞ്ചേമുക്കാല്‍ കോടി കിട്ടിയന്ന് കേള്‍ക്കുന്നു അങ്ങനെയെങ്കില്‍ നിര്‍മാതാക്കളായ പൃഥ്വിരാജിനും സന്തോഷ് ശിവനും ഷാജി നടേശനും തീരെയങ്ങ് കൈപൊള്ളിയിരിക്കാം. 


kadal kadannu oru mathukutty review, malayalam movie review, cinemajalakam review, mathukutty review, mammootty, alisha muhammed, muthumani, ranjith

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.