Friday, July 5, 2013

Up and down review: മുകളിലെത്താത്ത ലിഫ്റ്റ്


എക്കാലവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പയറ്റിയാണ് ഇത്തവണ ടി.കെ. രാജീവ് കുമാര്‍ 'അപ്പ് ആന്‍ഡ് ഡൌണ്‍' മുകളില്‍ ഒരാളുണ്ടു'മായി എത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പല ചിത്രങ്ങളെയും പോലെ പ്രതീക്ഷ വാനോളമുയര്‍ത്തിയശേഷം ശരാശരി നിലവാരത്തില്‍ കൊണ്ടവസാനിപ്പിക്കുകയാണ് ഈ ചിത്രവും.
24 നിലയുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റില്‍ കുടുങ്ങുന്ന ഒമ്പതുപേരുടെ കഥയാണ് ചിത്രം പറയുന്നു. ഇതിനിടെ ഒരു കൊലപാതകവും ആ ഫ്ലാറ്റില്‍ നടക്കുന്നു. ലിഫ്റ്റില്‍ കുടുങ്ങിയവരില്‍പ്പെട്ട കമീഷണര്‍, പുറത്തിറങ്ങുന്നതിനുമുമ്പ് പ്രതിയെ കണ്ടെത്താന്‍ നടത്തുന്ന അന്വേഷണങ്ങളാണ് കഥാഗതി.
ലിഫ്റ്റ് ഓപറേറ്റര്‍ തമ്പുരാന്‍ (ഇന്ദ്രജിത്ത്), സിറ്റി പൊലീസ് കമീഷണര്‍ സിയാദ് അഹമദ് (കെ.ബി. ഗണേഷ്കുമാര്‍) , ചെറിയാന്‍ (നന്ദു), ഫ്ലാറ്റ് മുതലാളി സാം ക്രിസ്റ്റി (ബൈജു), അയാളുടെ ഭാര്യ പ്രസന്ന (രമ്യ നമ്പീശന്‍), എഴുത്തുകാരന്‍ ഇടത്തില്‍ ഗോവിന്ദന്‍ (പ്രതാപ് പോത്തന്‍), മിത്ര (ശ്രുതി മേനോന്‍), ഭര്‍ത്താവ് സൂരജ് (രജത് മേനോന്‍), ശങ്കു എന്ന കുട്ടി (ദേവരാമന്‍) എന്നിവരാണ് ലിഫ്റ്റില്‍ കുടുങ്ങുന്നത്. ഫ്ലാറ്റ് അസോസിയേഷന്‍ വാര്‍ഷികം നടക്കുന്ന റൂഫ് ടോപ്പിലേക്ക് താഴെനിന്നുള്ള യാത്രക്കിടയിലാണ് ലിഫ്റ്റ് ചതിച്ച് വഴിമധ്യേ ഇവര്‍ പെട്ടുപോകുന്നത്.
ഇതിനിടെ ഫ്ലാറ്റിലെ ദൂരൂഹസന്ദര്‍ശകയായിരുന്ന യുവതി (മേഘനാ രാജ്) കൊല്ലപ്പെട്ട വിവരം ഇവരറിയുന്നു. സംശയമുന എല്ലാവരിലേക്കും നീളുന്നു. കുടുങ്ങിക്കിടക്കുന്ന സമയത്തിനുള്ളില്‍ ലിഫ്റ്റില്‍പെട്ടുപോയവരെ ചോദ്യം ചെയ്ത് ദൂരുഹതയുടെ ചുരുളഴിക്കാന്‍ ശ്രമിക്കുകയാണ് കമീഷണര്‍.
ലിഫ്റ്റ് എന്ന പരിമിതമായ കഥാപരിസരത്തിനും ഫ്രെയിമിനുമുള്ളില്‍ ഒരു രഹസ്യം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതയും വെല്ലുവിളിയും. 'എലിവേറ്റര്‍' പോലുള്ള ചിത്രങ്ങളില്‍ ലിഫ്റ്റിനെ ഇത്തരത്തില്‍ മുഖ്യ 'കഥാപാത്ര'മായി മുമ്പ് ഹോളിവുഡിലും മറ്റും അവതരിപ്പിച്ചിട്ടുള്ളത് മറക്കുന്നില്ല. എന്നാല്‍ കൊലപാതക അന്വേഷണം ലിഫ്റ്റിനുള്ളില്‍ കുടുക്കിയാണ് രാജീവ്കുമാറും തിരക്കഥാകൃത്തുക്കളായ സണ്ണി ജോസഫും മാനുവലും പുതുമതേടുന്നത്.
ഒരു ത്രില്ലറിന് വേണ്ടുന്ന വേഗം ചിത്രത്തിന് നല്‍കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് 'അപ്പ് ആന്‍ഡ് ഡൌണി'ന്റെ പ്രധാന പോരായ്മ. ഇതുകാരണം പലപ്പോഴും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയവരുടെ അവസ്ഥ പ്രേക്ഷകര്‍ക്കും അനുഭവപ്പെടും.
പിന്നെ അന്വേഷണം. ബുദ്ധിമാനായ കമീഷണര്‍ക്ക് ലിഫ്റ്റിനുള്ളിലുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാം, പക്ഷേ എങ്ങനെ ആ ഏഴുപേരില്‍ത്തന്നെ കൊലയാളിയുണ്ടെന്ന് കരുതി അന്വേഷണം കൊണ്ടുപോകാനാവും? അതും 24 നിലയിലും താമസക്കാരുള്ള കെട്ടിടത്തില്‍! സസ്പെന്‍സാണ് ഇതിനുള്ള ഉത്തരം എന്നാണ് മറുപടിയെങ്കില്‍ ആദ്യഘട്ട അന്വേഷണം പ്രേക്ഷകര്‍ക്ക് ദഹിക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും.
കൂടാതെ, മേഘനയുടെ വരവുപോക്കുകളും അതിനനുവദിക്കുന്ന ലിഫ്റ്റ് ഓപറേറ്ററും തിരക്കഥയിലെ അയഞ്ഞ ഭാഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
കഥാപാത്രങ്ങളില്‍ ഇന്ദ്രജിത്തിന്റെ ശാന്തനും സൌമ്യനുമായ ലിഫ്റ്റ് ഓപറേറ്ററെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും. പക്ഷേ, അദ്ദേത്തിന്റെ പ്രതിഭ പുറത്തെടുക്കുന്ന അഭിനയമൂഹൂര്‍ത്തങ്ങളൊന്നും അധികം നല്‍കാന്‍ ലിഫ്റ്റിനുള്ളിലെ പരിമിതികള്‍ സമ്മതിക്കുന്നില്ല. കെ.ബി. ഗണേഷ്കുമാറിനാണ് ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന റോള്‍ ലഭിച്ചത്. കമീഷണറുടെ റോള്‍ ഗണേഷ് മോശമാക്കിയിട്ടുമില്ല. അദ്ദേഹത്തിന്റെ മകന്‍ ദേവരാമന്റേതും ആദ്യചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ്. ബൈജുവിന് പ്രാധാന്യമുള്ള റോള്‍ കിട്ടിയിട്ടുണ്ട്. പ്രതാപ് പോത്തനും നന്ദുവും അവരവരുടെ സ്വതസിദ്ധമായ ശൈലിയില്‍ തിളങ്ങി. മേഘനക്ക് പതിവ് ഗ്ലാമര്‍ഡോള്‍ കഥാപാത്രത്തിനപ്പുറം ചെയ്യാനൊന്നുമില്ല.
സാങ്കേതികവിഭാഗങ്ങളില്‍ ചിത്രത്തിന് മാറ്റ് കൂട്ടുന്ന പ്രധാനഘടകം നവാഗതനായ പ്രശാന്ത് മുരളിയുടെ പശ്ചാത്തലസംഗീതമാണ്. ലിഫ്റ്റ് എന്ന കുടുക്കിനുള്ളില്‍ ജോമോന്‍ തോമസിന്റെ കാമറ പുതുമകളൊന്നും പരീക്ഷിച്ച് കണ്ടതുമില്ല.
അടുത്തിടെ വന്ന 'മുംബൈ പോലീസ്' പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയത് തിരക്കഥയിലെയും സംവിധാനത്തിലെയും അച്ചടക്കംമൂലമാണ്. എന്നാല്‍ 'അപ് ആന്‍ഡ് ഡൌണി'ല്‍ ഈ അച്ചടക്കവും കൈയൊതുക്കവും ഇല്ലാതെ പോയതാണ് മികച്ച ത്രില്ലറാക്കാമായിരുന്ന ചിത്രത്തെ പതിഞ്ഞ താളത്തിലിഴയുന്ന 'ത്രില്ലറാ'ക്കിയത്.
എങ്കിലും, രാജീവ്കുമാറിന്റെ തൊട്ടുമുമ്പുള്ള 'തല്‍സമയം ഒരു പെണ്‍കുട്ടി'യേക്കാള്‍ എന്തുകൊണ്ടും ഈ ചിത്രം മികച്ചുനില്‍ക്കും. അല്‍പം ഇഴച്ചിലും യുക്തിപ്രശ്നങ്ങളും ഒന്നും കാര്യമാക്കാതെ ഒരു സസ്പെന്‍സ് ചിത്രം കാണാം എന്നുള്ളവരെ 'അപ്പ് ആന്‍ഡ് ഡൌണ്‍' നിരാശപ്പെടുത്തില്ല.

(courtesy: madhyamam movies and Aashish CR)

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.