Friday, July 5, 2013

Left right left review: ഇടതുമാറി, വലതുചേര്‍ന്ന്...



ഇടതുപാര്‍ട്ടികളുടെ മൂല്യച്യൂതിയും കമ്യൂണിസ്റ്റ് വിമര്‍ശനവും മലയാളസിനിമയില്‍ പുത്തരിയല്ല. ആ സാഹചര്യത്തിലാണ് സമീപകാല കമ്യൂണിസ്റ്റ് സംഭവങ്ങളുടെയും വ്യക്തികളുടെയും നിഴല്‍പേറുന്ന കഥാഘടനയും കഥാപാത്രങ്ങളുമായി അരുണ്‍കുമാര്‍ അരവിന്ദ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമായി’ വരുന്നത്. തന്റെ മുന്‍കാലചിത്രങ്ങളായ ‘കോക്ക്ടെയിലി’ലൂടെയും ‘ഈ അടുത്ത കാലത്തി’ലൂടെയും പുതുതലമുറ സംവിധായകരില്‍ ശ്രദ്ധിക്കപ്പെട്ട അരുണ്‍, ഇത്തവണ നവതരംഗവഴിയേയുള്ള ശ്രമങ്ങള്‍ അധികം നടത്തിയിട്ടില്ല. സംവിധാനത്തില്‍ ആദ്യചിത്രങ്ങളില്‍ പാലിച്ച മികവ് തുടരാന്‍ അദ്ദേഹത്തിനും തിരക്കഥയില്‍ അച്ചടക്കം പാലിക്കാന്‍ മുരളി ഗോപിക്കും ആയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയത്തിലെ പരപ്പിലായ്മ സാങ്കേതികവശത്തെ മികവിനപ്പുറം ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നെ ആശയപരമായി പാപ്പരാക്കുന്നു. 

മൂന്നു പുരുഷ കഥാപാത്രങ്ങളുടെ ബാല്യകാല അനുഭവങ്ങള്‍ കാണിച്ച സിനിമ തുടങ്ങുന്നത്. പിന്നീട് 2013 ല്‍ തലസ്ഥാന നഗരത്തില്‍ ഇവരുടെ ജീവിതങ്ങള്‍ എങ്ങനെ കണ്ണിചേര്‍ക്കപ്പെടുന്നുവെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങളിലൂടെ കഥ വിശദീകരിക്കുന്നു. കൈതേരി സഹദേവന്‍ (ഹരീഷ് പേരടി) ചെറുപ്പത്തില്‍ നിരവധി കയ്പേറിയ രാഷ്ട്രീയസാഹചര്യങ്ങളിലൂടെ പ്രവര്‍ത്തിച്ചാണ് ഇപ്പോള്‍ പാര്‍ട്ടി തലപ്പത്തത്തെിയത്. പാര്‍ട്ടിക്കുവേണ്ടി എന്തിനും തയാറായിരുന്ന ചെഗുവേര റോയി (മുരളി ഗോപി) ഇപ്പോള്‍ അക്രമത്തില്‍ വെട്ടേറ്റ് ഒരുവശം തളര്‍ന്ന അവസ്ഥയിലാണ്. എസ്.ഐ പി.കെ ജയന്‍ എന്ന വട്ടുജയനാകട്ടെ (ഇന്ദ്രജിത്ത്) കണ്ണുമടച്ച് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണ്. 


കൈതേരിയുടെ അഴിമതിക്കെതിരെ പാര്‍ട്ടിവിമതരുടെ പത്രത്തില്‍ വാര്‍ത്ത വരുന്നതിനെതുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളും കാമുകിയായ നേഴ്സ് ജെനിയുമായി (രമ്യ നമ്പീശന്‍) ബന്ധപ്പെട്ട് ജയന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും രണ്ടു സംഭവങ്ങളും റോയിയുടെ ജീവിതവുമായി ബന്ധപ്പെടുകയും ചെയ്യുന്നതോടെയാണ് കഥ വഴിത്തിരിവിലത്തെുന്നത്. 


മൂന്നുപേരുടെ ജീവിതവും അവരെ ചുറ്റിപ്പറ്റിയുള്ളവരുടെ അവസ്ഥകളും ഏതാണ്ട് രേഖീയമല്ലാതെ ആഖ്യാനം ചെയ്യുന്നതില്‍ സംവിധായകന്‍ കൃത്യമായി വിജയിച്ചിട്ടുണ്ട്. കഥാഗതിയിലെ കുരുക്കുകള്‍ പ്രേക്ഷകന് ആശയക്കുഴപ്പമുണ്ടാക്കാതെ പറയാന്‍ മുരളി ഗോപിയുടെ തിരക്കഥക്കും കഴിഞ്ഞു. താരഭാരമില്ലാതെ, എന്നാല്‍ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാനായതാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നേട്ടം. അതിനൊത്ത സംഭാഷണങ്ങളും അവര്‍ക്കൊരുക്കാനായി. 2.50 മണിക്കൂറിനപ്പുറത്തേക്ക് ചിത്രം നീണ്ടപോയി എന്ന കല്ലുകടി എഡിറ്റര്‍ കൂടിയായ സംവിധായകന് ഒഴിവാക്കാവുമായിരുന്നു.


ഓരോ ചിത്രത്തിലും അത്ഭുതാവഹമായ വളര്‍ച്ചയാണ് ഇന്ദ്രജിത്തിലെ നടന്‍ നേടുന്നത്. വട്ടുജയന്‍ എന്ന കഥാപാത്രം ഒടുവിലത്തെ ഉദാഹരണമാണ്്. പക്വമായ വേഷത്തില്‍ മുരളി ഗോപിയും ചെഗുവേര റോയിയെ മികച്ചതാക്കി. നാടകവേദികളിലും സീരിയലുകളിലും ശ്രദ്ധിക്കപ്പെട്ട ഹരീഷ് പേരടി സിനിമകളില്‍ ഇതിന് മുമ്പും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, കൈതേരി സഖാവിന്‍്റെ വേഷമാകും അദ്ദേഹത്തിന്‍െറ സിനിമാജീവിതത്തില്‍ വഴിത്തിരിവാകുക. അതേസമയം, പാര്‍ട്ടി സെക്രട്ടറിയുടെ ശരീര, സംസാരഭാഷങ്ങള്‍ പകര്‍ത്താനുള്ള ഒരുതരം ‘മിമിക്രി’ അദ്ദേഹത്തിന്റെ സ്വാഭാവികതക്ക് മേല്‍ നിഴല്‍വീഴ്ത്തുന്നുണ്ട്. ചെഗുവേര റോയിയുടെ താങ്ങും രണലുമായ ഭാര്യ അനിയയായി ലെനയും ശ്രദ്ധിക്കപ്പെടും. ഇന്ദ്രജിത്തിന്‍്റെ അമ്മയായി വന്ന സേതുലക്ഷ്മിയും വ്യത്യസ്തവും നിഷ്കളങ്കവുമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസിലത്തെും. പ്രതിപക്ഷനേതാ് എസ്.ആര്‍ ആയി വേഷമിട്ട വിജയരാഘവനും സ്വാഭാവിക അഭിനയം വിട്ട് മിമിക്രിയില്‍ ശ്രദ്ധിച്ചത് കല്ലുകടിയായി.


ഷെഹ്നാദ് ജലാലിന്റെ ക്യാമറക്കണ്ണുകള്‍ ചിത്രത്തിന് മിഴിവേകി. ഗോപീസുന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്.


എന്നാല്‍, സിനിമ ആശയപരമായി ഒട്ടേറെ ദൗര്‍ബല്യങ്ങള്‍ പേറുന്നുവെന്നത് എടുത്തുപറയാതെ വയ്യ. ‘കമ്യൂണിസ്റ്റ് കടന്നാക്രമണം’ എന്നതിലുപരി ആഴത്തില്‍ ചിന്തിച്ച് അവതരിപ്പിച്ച വിമര്‍ശനമല്ല ചിത്രം. ‘അറബിക്കഥ’ പോലെ നിരവധി സോദ്ദേശ്യ വിമര്‍ശനങ്ങള്‍ മുമ്പുണ്ടായത് ഈയവസരത്തില്‍ ഓര്‍ക്കേണ്ടിവരും. എന്നാല്‍, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ സമീപകാല പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇടതുനേതാക്കളുടെ ഛായയുള്ള കുറേ കഥാപാത്രങ്ങളെ നിരത്തിനിര്‍ത്തി ‘നമുക്കും കമ്യൂണിസ്റ്റുകാരെ ഒന്നു വിമര്‍ശിച്ചുകളയാം’ എന്നതരത്തിലായിപോകുന്നു. പണ്ട് ‘കണ്ണൂരി’ലും ‘സ്റ്റാലിന്‍ ശിവദാസി’ലുമൊക്കെ കണ്ടതുപോലെ. അതിനുപുറമേ, അപകടകരമായ ആശയം കിടക്കുന്നത് കമ്യൂണിസ്റ്റുകള്‍ കേരളത്തിലുണ്ടാക്കിയ ഗുണപരമായ സാമൂഹ്യമാറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും എതിര്‍ചേരിയിലെ ഫാസിസ്റ്റ് സംഘടനകളെ അറിഞ്ഞോ അറിയാതെയോ വെള്ളപൂശുകയും ചെയ്യുമ്പോഴാണ്. ഒന്നു ബാലന്‍സ് ചെയ്യാന്‍ ആള്‍ദൈവ മാതാവ് നടത്തുന്ന ആശുപത്രിയുടെ ചൂഷണങ്ങള്‍ പറഞ്ഞുപോകുന്നുമുണ്ട്.


ചുരുക്കത്തില്‍, നല്ല തിരക്കഥയും സംവിധാനവും മികവുള്ള അഭിനയവുമുള്ള സാങ്കേതികമായി മികച്ച സിനിമയാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’. ആശയപരമായി പാപ്പരാണെങ്കിലും...




left right left review, malayalam movie review, indrajith, ramya nambeesan, lena, murali gopy, arunkumar aravind

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.