Tuesday, July 9, 2013

ABCD Review: ശുദ്ധാത്മാക്കളുടെ ഹാസ്യം


 'ബെസ്റ്റ് ആക്ടര്‍' എന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകന്റെ പണി ഒരുവിധം അറിയാമെന്ന് തെളിയിച്ചയാളാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. യുവതാരങ്ങളുമായി രണ്ടാമത് ചിത്രവുമായെത്തുമ്പോള്‍ മാര്‍ട്ടിന്‍ പ്രതീക്ഷ തെറ്റിക്കുന്നില്ല, എന്നാല്‍ ഒരുപാടൊന്നും പുതുതായി നല്‍കുന്നുമില്ല. അമേരിക്കന്‍ യുവാക്കള്‍ ജീവിതം പഠിക്കാന്‍ കേരളത്തില്‍ എത്തിപ്പെടുമ്പോഴുള്ള പങ്കപ്പാടുകള്‍ ഒരുവിധം ആസ്വാദ്യമായ രീതിയില്‍ 'എ.ബി.സി.ഡി -അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി'യിലൂടെ പറഞ്ഞുവെക്കാനുമായി. 

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജോണ്‍സ് (ദുല്‍ഖര്‍ സല്‍മാന്‍) അവിടെ വരുത്തുന്ന പൊല്ലാപ്പുകള്‍ പിതാവ് ഡോ. ഐസക്കിന് (ലാലു അലക്സ്) എന്നും തലവേദനയാണ്. അതുകൊണ്ടദ്ദേഹം ജോണ്‍സിനെ സമര്‍ഥമായി കബളിപ്പിച്ച് കേരളത്തിലേക്കയക്കുന്നു, അവധിക്കാലം ചെലവഴിക്കാനെന്ന വ്യാജേന. ഒപ്പം കസിനായ കോരയേയും (ജേക്കബ് ഗ്രിഗറി). 

നാട്ടിലേക്ക് ഈ യുവാക്കളെ അയക്കുന്നതില്‍ ഡോക്ടര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. യഥാര്‍ഥ ജീവിതം അവര്‍ പഠിക്കട്ടെ, ഒപ്പം കുറഞ്ഞ വരുമാനത്തില്‍ ജീവിക്കാനും നാട്ടിലെ കോളേജില്‍ പഠിക്കാനും ഒരവസരവുമാകട്ടെ. അച്ഛന്റെ 'ചതി' വൈകി തിരച്ചറിഞ്ഞ ജോണ്‍സും കോരയും പിന്നെ എങ്ങനെയും നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് വിമാനം കേറാനുള്ള പണമൊപ്പിക്കാനുള്ള ശ്രമത്തിലാണ്. അതാകട്ടെ, ഇവര്‍ക്ക് ഒപ്പിക്കാനുമാകുന്നില്ല. 

ഈ ശ്രമങ്ങള്‍ക്കിടെ ഇവരറിയാതെ കോളജിലും നാട്ടിലും 'ഹീറോ'യാകുന്നതും ആ അവസ്ഥ ഇവര്‍ മുതലാക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളുമാണ് 'എ.ബി.സി.ഡി' തുടര്‍ന്ന് പറയുന്നത്. 

പിതാവിന്റെ പണത്തില്‍ സുഖജീവിതം നയിച്ചുവന്ന യുവാക്കള്‍ക്ക് പണത്തിന്റെ വില മനസിലാക്കിക്കൊടുക്കലാണ് ജോണ്‍സ് -കോരമാരുടെ പ്രശ്നങ്ങളിലൂടെ ചിത്രത്തിന്റെ ശ്രമം. കൂട്ടത്തില്‍ ഇവര്‍ നാട്ടില്‍ നേരിടുന്ന  പ്രശ്നങ്ങള്‍ വിശദീകരിക്കുന്നമ്പോള്‍ രസമുള്ള നിരവധി സാമൂഹിക വിമര്‍ശനങ്ങളും ചിത്രത്തില്‍ കടന്നുവരുന്നുവെന്നത് എടുത്തുപറയണം. 

വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള ദൃശ്യമാധ്യമങ്ങളുടെ നെട്ടോട്ടവും രാഷ്ട്രീയ കാപട്യങ്ങളും ന്യൂ ജനറേഷന്‍ , ബൌദ്ധിക ജാഡകളില്ലാതെ അവതരിപ്പിക്കുന്നു. കൂട്ടത്തില്‍, സാമൂഹിക പ്രശ്നങ്ങളെയും ജനകീയ സമരങ്ങളെയും പിന്താങ്ങുകയും യുവാക്കള്‍ അതിലേക്ക് ഇറങ്ങിച്ചെല്ലാനും രസമുള്ള മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം ആഹ്വാനം ചെയ്യുന്നുണ്ട്. 

ജോണ്‍സായി ദുല്‍ഖറിന് കാര്യമായ വേഷപകര്‍ച്ചയൊന്നും നടത്തേണ്ടി വന്നിട്ടില്ല. യഥാര്‍ഥ ജീവിതത്തിലെ അമേരിക്കന്‍ അക്സന്റുള്ള ദുല്‍ഖറും അല്‍പം 'ഉസ്താദ് ഹോട്ടലി'ലെ ഫൈസിയുടെ തുടര്‍ച്ചയുമായപ്പോള്‍ അദ്ദേഹത്തിന്റെ റോള്‍ ഭദ്രം. 'അക്കരക്കാഴ്ചകളി'ലൂടെ ശ്രദ്ധേയനായ ജേക്കബ് ഗ്രിഗറിയുടെ സിനിമാ അരങ്ങേറ്റവും ഗംഭീരമായി. സ്ഥിരം കോമഡി കഥാപാത്രങ്ങളില്‍ നിന്നൊരു വ്യത്യസ്തത അനുഭവപ്പെടുന്നുണ്ട്. മറിമായം ശ്രീകുമാറിന്റെ ആംഗ്ലോ ഇന്ത്യന്‍ നര്‍മ കഥാപാത്രവും രസമുള്ളതാണ്.

സ്ഥിരം സുന്ദരിക്കോത നായികമാരില്‍ നിന്ന് വേറിട്ട, എന്നാല്‍ വ്യക്തിത്വമുള്ള നായികയെയാണ് അപര്‍ണ ഗോപിനാഥ് എന്ന നടിയുടെ മധുമിത എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നത്. പലപ്പോഴും നായകന് തുല്യം നിന്നു അവര്‍. 

പുതുമകള്‍ വലുതായി അവകാശപ്പെടാനില്ലെങ്കിലും രസകരമായി കഥയും തിരക്കഥയും ഒരുക്കാന്‍ നീരജ്, സൂരജ്, നവീന്‍ ഭാസ്കര്‍, മാര്‍ട്ടിന്‍ ടീമിനായി. ഇതിനെ ഭംഗി ചോരാതെ സ്ക്രീനിലെത്തിക്കാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനുമായി. എന്നാല്‍ ദൈര്‍ഘ്യം 2.50 മണിക്കൂറിലധികമായത് ഒഴിവാക്കാമായിരുന്നു. ആദ്യ പകുതിയില്‍ ജോണ്‍സ് കോരമാരുടെ സാമ്പത്തിക ഞെരുക്കം വിശദീകരിക്കാന്‍ ഒരുപാട് സമയമെടുത്തു. അതുകൊണ്ടുതന്നെ, മൊത്തത്തില്‍ കുറേ നല്ല വശങ്ങള്‍ ഉണ്ടെങ്കിലും ഒരു ഒതുക്കവും മുറുക്കവും അനുഭവപ്പെടുന്നില്ല. 

ഗാനങ്ങളില്‍ 'ജോണി മേരി ജോണി' ശ്രദ്ധിക്കപ്പെട്ടെങ്കിലം ഗോപീസുന്ദറിന് കാര്യമായ പുതുമയോ നിലവാരമോ അവകാശപ്പെടാനാവില്ല. എന്നാല്‍ പശ്ചാത്തലസംഗീതത്തില്‍ ചിത്രം മികച്ചു നിന്നു. കൂടാതെ, നയാപൈസയില്ല ഗാനം അവസരോചിതമായി റീമിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. 

കുറേ, അപശബ്ദങ്ങളും ആശയക്കുഴപ്പങ്ങളും അവിടെയും ഇവിടെയും മുഴച്ചുനില്‍പ്പുണ്ടെങ്കിലും നിര്‍ദോഷ ഹാസ്യവും യുവത്യത്തിന്റെ പ്രസരിപ്പും 'എ.ബി.സി.ഡി'യെ കണ്ടിരിക്കാവുന്ന ചിത്രമാക്കും. 



abcd, malayalam movie abcd, dulquer salmaan, abcd review, aparna gopinath, martin prakatt, malayalam movie review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.