Thursday, December 27, 2012

Matinee Review: പ്രത്യേകതകളില്ലാത്ത 'മാറ്റിനി'




ഒരു സിനിമ ഒരു യുവാവിന്റെയും യുവതിയുടേയും ജീവിതത്തെ എങ്ങനെ മാറ്റിമിറിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുകയാണ് അനീഷ് ഉപാസന സംവിധാനം ചെയ്ത 'മാറ്റിനി'. നല്ലൊരു കഥാസന്ദര്‍ഭത്തെ വികസിപ്പിക്കുന്നതിലും അവതരിപ്പിക്കുന്നതിലും തിരക്കഥാകൃത്തും സംവിധായകനും കഴിയാതെപോയത് 'മാറ്റിനി'യെ വെറുമൊരു സാധാരണ ചിത്രമാക്കുന്നു. 

ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്ന് സിനിമാമോഹവുമായി ചെന്നൈയിലെത്തിയ യുവാവാണ് നജീബ് (മഖ്ബൂല്‍ സല്‍മാന്‍). വീട്ടിലെ കഷ്ടപ്പാടും പിതാവിന്റെ അവഗണനയും മൂലം ചെന്നൈയിലെത്തിയവളാണ് സാവിത്രി (മൈഥിലി). ഇരുവരും 'പുതുവസന്ത'മെന്ന പുതുമുഖങ്ങളുടെ ചിത്രത്തില്‍ നായികാനായകന്‍മാരാകുന്നു. ചിത്രം പുറത്തിറങ്ങിയപ്പോഴാണ് ബിറ്റുകള്‍ ചേര്‍ത്തിറക്കിയ മസാലചിത്രമാണതെന്ന് ഇരുവരും തിരിച്ചറിയുന്നത്. തുടര്‍ന്ന് നാട്ടിലും വീട്ടിലും സുഹൃത്തുക്കളിലും നിന്ന് അവര്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ അവരെ പുതിയ മനുഷ്യരാക്കുന്നു. 

സിനിമയുടെ നിറപ്പകിട്ടിനപ്പുറത്തെ ദൈന്യതകളാണ് നവാഗത സംവിധായകന്‍ അനീഷ് ഉപാസന പറയാന്‍ ശ്രമിച്ചത്. ഈ കഥാതന്തു വ്യത്യസ്തമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനോ തിരക്കഥാകൃത്ത് അനില്‍ നാരായണനോ കഴിയാതെ പോയതാണ് 'മാറ്റിനി'യുടെ ദുര്യോഗം. സാധാരണമായ ആഖ്യാനവും കണ്ടുപഴകിയ രംഗങ്ങളും ചില യുക്തി പ്രശ്നങ്ങളും കൂടിയായപ്പോള്‍ പറയാന്‍ പ്രത്യേകതകളൊന്നും ചിത്രത്തില്‍ അവശേഷിച്ചില്ല. 

നായകനായി എത്തുന്നത് മമ്മൂട്ടിയുടെ സഹോദരപുത്രന്‍ മഖ്ബൂല്‍ സല്‍മാനാണ്. പുതുതലമുറ നായകന്‍മാര്‍ക്കിടയില്‍ ഒരു സ്ഥാനം നേടാന്‍ മാത്രമുള്ള പ്രകടനമൊന്നും പുറത്തെടുക്കാന്‍ മഖ്ബൂലിനും കഴിയാതെ പോകുന്നു. 

മൈഥിലിയുടെ നായികാ വേഷം ശ്രദ്ധിക്കപ്പെടും. അതാകട്ടെ, ചിത്രത്തിലെ കഥാപാത്രം ഒരിക്കല്‍ പറയുംപോലെ അഭിനയം കാണാന്‍ വരുന്നവര്‍ക്കിടയിലല്ല, ഐറം ഡാന്‍സ് കാണാന്‍ വരുന്നവര്‍ക്കിടയിലാണെന്ന് മാത്രം. ഐറ്റം ഡാന്‍സിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. ആനന്ദ് രാജ് ആനന്ദ് ഇതിനായി ഒരുക്കിയ ഈണം നന്നെങ്കിലും വരികള്‍ അല്‍പം കടന്നുപോയി. 

രതീഷ് വേഗ ഒരുക്കിയ മറ്റ് ഗാനങ്ങള്‍ ശരാശരിയാണ്. മറ്റ് സാങ്കേതിക വിഭാഗങ്ങള്‍ക്കിടയിലും ശരാശരിക്ക് മേല്‍ പറയാനൊന്നുമില്ല. 

നായികയുടെ ഉയര്‍ച്ച താഴ്ചകള്‍ പറഞ്ഞുപോകുന്നതിനാല്‍ ഒരുപരിധിവരെ മലയാളികളുടെ 'ഡര്‍ട്ടി പിക്ചര്‍' എന്നു വേണമെങ്കില്‍ മാറ്റിനിയെ വിശേഷിപ്പിക്കാം. എന്നാല്‍, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാകാന്‍ 'മാറ്റിനി'ക്ക് ഇനിയും ഏറെ സഞ്ചരിക്കേണ്ടതായുണ്ട്. 


matinee malayalam movie, matinee review, matinee malayalam movie review, cinemajalakam review, maythili, aneesh upasana, maqbool salman

1 comments:

sujith said...

Average film

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.