Saturday, December 8, 2012

സിനിമാപ്പൂരത്തിന് കൊടിയേറി




ഏഴു പകലിരവുകള്‍ അനന്തപുരിക്ക് ലോക സിനിമാ കാഴ്ചകള്‍ സമ്മാനിക്കാന്‍ കേരള രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച വൈകുന്നേരം നിശാഗന്ധിയില്‍ നിര്‍വഹിച്ചു. 

കൂടുതല്‍ വിദേശപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ചലച്ചിത്രമേള മഹത്തരമാകുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അന്തര്‍ദ്ദേശീയ മേളയെന്ന നിലയില്‍ പൂര്‍ണമായ അര്‍ഥത്തില്‍ത്തന്നെ മേള പുരോഗമിക്കുന്നു. സിനിമ സാധാരണക്കാരുടെ കലയാണ്‌. അതുകൊണ്ടുതന്നെ സിനിമയ്‌ക്ക്‌ സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കും. ഫെസ്റ്റിവെല്‍ കോംപ്ലക്‌സ്‌ നിര്‍മിക്കുന്നതിനുള്ള ഉചിതമായ തീരുമാനം താമസിയാതെ ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
കേരളത്തിലെ പ്രേക്ഷകര്‍ സിനിമയെക്കുറിച്ച്‌ അറിവുള്ളവരാണെന്ന്‌ കേന്ദ്രമന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. വനം-സ്‌പോര്‍ട്‌സ്‌-സിനിമ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ഫെസ്റ്റിവല്‍ ബുക്ക്‌ ശശി തരൂര്‍ മേയര്‍ കെ. ചന്ദ്രികയ്‌ക്ക്‌ നല്‍കിയും ബുള്ളറ്റിന്‍ കെ മുരളീധരന്‍ എം.എല്‍.എ, വി ശിവന്‍കുട്ടി എം.എല്‍.എയ്‌ക്ക്‌ നല്‍കിയും പ്രകാശനം ചെയ്‌തു. ജൂറി ചെയര്‍മാന്‍ പോള്‍ കോക്‌സ്‌, അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമ്പത്തിനാല്‌ രാജ്യങ്ങളിലെ 198 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേള ഡിസംബര്‍ 14 ന്‌ അവസാനിക്കും.

ഉദ്ഘാടനചടങ്ങിനുശേഷം ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ നിശബ്ദചിത്രമായ 'ദി റിംഗ്' തല്‍സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രദര്‍ശിപ്പിച്ചു.

iffk, iffk2012, iffk inuaguration, oommen chandy, ganeshkumar, mohanlal

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.