Friday, December 7, 2012

iffk2012 അനന്തപുരിയില്‍ ലോകസിനിമാ പൂരം





കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഏഴിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, എം.എല്‍.എ മാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി, ജൂറി ചെയര്‍മാന്‍ പോള്‍ കോക്ക്സ് മറ്റ് ജൂറി അംഗങ്ങളും അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

തുടര്‍ന്ന് ഏഴു മുതല്‍ ഉദ്ഘാടന ചിത്രം ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിങ് പ്രദര്‍ശിപ്പിക്കും. ലണ്ടനില്‍ നിന്നെത്തുന്ന പ്രസിദ്ധ കലാകാരന്മാര്‍ നിശബ്ദ സിനിമാകാലഘട്ടത്തെ പുനര്‍ജീവിപ്പിച്ച് ലൈവ് ബാക്ഗ്രൌണ്ട് സ്കോര്‍ അവതരിപ്പിക്കും. കേരളത്തിലെ രണ്ടു തലമുറകള്‍ക്കും ആസ്വദിക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും നിശബ്ദ ചിത്രത്തിന്റെ അവതരണം.

ദി റിംഗ് 1927 ല്‍ പ്രദര്‍ശിപ്പിച്ച റൂസ് വെല്‍റ്റ് തിയറ്ററിന്റെ മുഖപ്പ് അതേ രീതിയില്‍ ത്രിമാനരൂപത്തില്‍ നിശഗന്ധിയുടെ പ്രധാനകവാടം അണിയിച്ചൊരുക്കും. ആദ്യപ്രദര്‍ശനത്തിന് തിയറ്റര്‍ വേദി എപ്രകാരമാണോ സജ്ജീകരിച്ചിരുന്നത് അപ്രകാരമായിക്കും ഉദ്ഘാടന വേദിയും. കര്‍ട്ടണും മറ്റും അതേ രീതിയിലായിരിക്കും ഇവിടെയും ഒരുക്കുക. 1927 ലെ തിയറ്റര്‍ മൂഡ് കഴിവതും പുനര്‍ സൃഷ്ടിക്കാനാണ് ഈ സജ്ജീകരണത്തിലൂടെ ശ്രമിക്കുന്നത്.

തന്റെ സ്വപ്നങ്ങളെയും ആശ്ചര്യപ്പെടുത്തലുകളെയും ആകുലതകളെയും ഒറ്റപ്പെടുത്തലുകളെയും പ്രണയത്തെയും പ്രതികാരത്തെയും ഒക്കെ വളരെ പേഴ്സണല്‍ ആയി തന്റെ ഏറ്റവും അടുത്തയാളിന്റെ ഹൃദയത്തോട് നേരിട്ട് മന്ത്രിക്കുംപോലെ ഓരോ പ്രേക്ഷകനെയും അനുഭവപ്പെടുത്തിക്കൊടുക്കാനുള്ള ഓരോ ചലച്ചിത്ര സംവിധായകന്റെയും വ്യത്യസ്തമായ ശ്രമങ്ങളാണ് പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തിരശãീല നവംബര്‍ ഏഴിന് ഉയരുമ്പോള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ലോകത്തെവിടെയായാലും മനുഷ്യരുടെ അടിസ്ഥാനവികാരങ്ങള്‍ ഒന്നുതന്നെയാണെന്നും കാലദേശഭാഷ വ്യത്യാസങ്ങള്‍ അവയിലില്ലെന്നും 54 ഓളം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്രകാരന്മാര്‍ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു, 198 ചിത്രങ്ങളിലൂടെ.

മനുഷ്യരുടെ ജീവിതത്തിലെ ശരിതെറ്റുകളുടെ, തഥ്യമിഥ്യകളുടെ, നീതിഅനീതികളുടെ, ജനിമൃതികളുടെയൊക്കെ ഇടയിലെ നേര്‍ത്ത അതിര്‍വേലിക്കുള്ളില്‍ എവിടെയോ മറഞ്ഞിരിക്കുന്നവരെ പരിശുദ്ധമായ സത്യത്തിന്റെ വെളിച്ചം, സ്വന്തം കൈവെള്ളയിലെടുത്ത് പ്രിയപ്പെട്ടവരെ കാണിക്കുംപോലെ, ഈ ചലച്ചിത്രകാരന്മാര്‍ വളരെ പേഴ്സണല്‍ ആയി പ്രേക്ഷകന് അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുന്നു തങ്ങളുടെ സിനിമകളിലൂടെ. 
രാജ്യാന്തര മത്സരവിഭാഗം , ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, ടോപ്പ് ആംഗിള്‍ ഇന്ത്യന്‍ സിനിമ, ലോക സിനിമ, ആസ്ട്രേലിയന്‍ ഇന്‍ഡിജീനിയസ് ഫിലിം, പോള്‍ കോക്സ്, പിയറി യമാഗോ, അലന്‍ റെനെ, ഫിലിം അഡോളന്‍സ്, കുറസോവ ഫിലിംസ്, ഹെലേന ഇഗ്നസ്, ഹിച്ച്കോക്ക് ഫിലിംസ്, സ്ക്രീന്‍ ആന്റ് പ്ലേ, ഹോമേജ് ഫിലിംസ്, ശ്രീലങ്കന്‍ പാക്കേജ്, സത്യന്‍ റെട്രോസ്പെക്ടീവ് എന്നിങ്ങനെ 16 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

മേളയുടെ ചെയര്‍മാന്‍ ആസ്ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്സ് ആണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ 5 ചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

ലോകസിനിമ വിഭാഗത്തില്‍ 78 ചിത്രങ്ങളുണ്ട്. ബര്‍ണാര്‍ഡോ ബര്‍ട്ട്ലൂച്ചി, കിംകിഡുക്, ദീപ മേത്ത, ഹെലേന ഇഗ്നസ്, അകി കരിസ്മാകി, അബ്ബാസ് കിയോസ്തമി തുടങ്ങിയവരുടെ മേളയിലെ ചിത്രങ്ങള്‍ മിക്കതും കഴിഞ്ഞ പത്തു മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങിയതും, രാജ്യാന്തരമേളകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയതുമാണ്. ഒരു ഇന്ത്യന്‍ ചിത്രവും അക്കൂട്ടത്തിലുണ്ട്. ശിവേന്ദ്രസിംഗ് ദുര്‍ഗര്‍പൂര്‍ സംവിധാനം ചെയ്ത സെല്ലുല്ലോയ്ഡ് മാന്‍, ദീപ മേത്തയുടെ മിഡ് നൈറ്റ് ചില്‍ഡ്രന്‍, ഇന്ത്യയില്‍ തന്നെ, ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണെന്നതും ഈ മേളയുടെ മറ്റൊരു സവിശേഷതയാണ്. 

നിരവധി രാജ്യാന്തര മേളകളില്‍ ഏറെ ചര്‍ച്ചാവിഷയമായ മറ്റൊരു ചിത്രമാണ് ഒന്‍പത് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ഈജിപ്ഷ്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള 18 ഡെയ്സ് എന്ന ചിത്രം.

സംഗീത സംവിധായകരായ വൃദ്ധദമ്പതികളെക്കുറിച്ചുള്ള ചിത്രമായ അമോര്‍ കാന്‍ഫിലിം ഫെസ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ്. ലിയോകാര്‍ക്സിന്റെ ഹോളിമോട്ടോഴ്സും ഏറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രമാണ്. ഒരു വൃദ്ധന്റെയും യുവതിയുടെയും ഒരു ദിവസത്തെ ജീവതത്തിലേക്കുള്ള ജനാല തുറന്നിടുന്ന അബ്ബാസ് കിയറോസ്തമിയുടെ, ലൈക്ക് സംവണ്‍ ഇന്‍ ലൌ എന്ന ചിത്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമാണ്. പ്രണയത്തിന്റെ വിവിധ നിറങ്ങളും നിര്‍വ്വചനങ്ങളും വ്യത്യസ്ത രൂപഭാവങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുത്തി തരുന്ന, വാര്‍ദ്ധകൃ പ്രണയത്തെക്കുറിച്ചുള്ള പോള്‍ കോക്സിന്റെ ഇന്നസെന്‍സ് പ്രണയത്തിന്റെ സൂക്ഷ്മതലങ്ങളെ അന്വേഷിക്കുന്ന ഹൃദയസ്പര്‍ശിയായ മറ്റൊരു ചിത്രമാണ്. 

മരണത്തെ കാത്തുകിടക്കുന്ന ഒരു വൃദ്ധയുടെ നൊമ്പരമുണര്‍ത്തുന്ന മറ്റൊരു പോള്‍ കോക്സ് ചിത്രമാണ് വുമണ്‍സ് ടെയ്ല്‍. മാന്‍ ഓഫ് ഫ്ളവേഴ്സ്, സാല്‍വേഷന്‍ തുടങ്ങിയ പോള്‍ കോക്സ് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യുദ്ധത്തിന്റെ യാതനകളെയും വേദനകളെയും ഭീകരതകളെയും കുടുംബ ബന്ധങ്ങള്‍ക്കിടയിലെ കെട്ടുറപ്പിനെക്കുറിച്ചും പ്രമേയമാക്കിയുള്ള കണ്‍ട്രി ഫോക്കസ്സിലെ മദേഴ്സ് സോള്‍, വെന്‍ ദി ടെന്‍ത് മന്‍ത് കംസ്, മിസ്തുഹന, മൂണ്‍ അറ്റ് ദി ബോട്ടം ഓഫ് ദ വെല്‍ തുടങ്ങിയ വിയറ്റ്നാം ചിത്രങ്ങളും ഈ മേളയുടെ സവിശേഷതയാണ്. 

മറ്റൊരു പ്രധാന പ്രദര്‍ശനം ലോകസിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമുറപ്പിയ്ക്കുന്ന ഇരുപത്തിനാല് വനിത സംവിധായകരുടെ വിവിധ രാജ്യാന്തരമേളകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇരുപത്തിയഞ്ച് ചിത്രങ്ങളാണ്.  

iffk2012, iffk kerala, kerala international film fest, iffk from today

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.