Monday, December 3, 2012

IFFK2012: രാജ്യാന്തര ചലച്ചിത്രമേള ഏഴുമുതല്‍, 192 ചിത്രങ്ങള്‍





17 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഈമാസം ഏഴിന് ആരംഭിച്ച് 14ന് സമാപിക്കും. തിരുവനന്തപുരം നഗരത്തിലെ 11 വേദികളിലായി നടക്കുന്ന മേളയില്‍ 15 വിഭാഗങ്ങളിലായി 192 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ പുതിയ അഞ്ച് വിഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. 

മേളയുടെ ഉദ്ഘാടന ചിത്രം ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ 1927ല്‍ പുറത്തിറങ്ങിയ നിശബ്ദ ചിത്രമായ 'ദി റിംഗാ'ണ്. ചിത്രത്തിന് തല്‍സമയ ഓര്‍ക്കെസ്ട്രയുടെ സഹായത്തോടെ പശ്ചാത്തലസംഗീതം നല്‍കിയാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നത് പ്രത്യേകതയാണ്. 

ആസ്ത്രേലിയന്‍ അബോര്‍ജിനല്‍ സിനിമ, ടോപ് ആംഗിള്‍ സിനിമ, തീയറ്റര്‍ ഫിലിം, ഹിച്ച്കോക്ക് ചിത്രങ്ങള്‍, അഡോളസന്‍സ് ചിത്രങ്ങള്‍ എന്നിവയാണ് പുതിയ വിഭാഗങ്ങള്‍. 

മെക്സിക്കോ, സെനഗല്‍, ഫിലിപൈന്‍സ്, ചിലി, ജപ്പാന്‍, അള്‍ജീരിയ, തുര്‍ക്കി, ഇറാന്‍, തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങളും ഇന്ത്യയില്‍ നിന്ന് ഐ.ഡി, ഭൂമിയുടെ അവകാശികള്‍, ഷട്ടര്‍ തുടങ്ങിയവ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ദീപാ മേത്തയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ അടക്കം 78 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തിലുണ്ട്. കണ്‍ട്രി ഫോക്കസില്‍ വിയറ്റ്നാം ചിത്രങ്ങളാണുള്ളത്. റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ അകിര കുറസോവ, അലന്‍ റെനെ, പിയറി യമഗോ എന്നിവരുടേതടക്കം 33 ചിത്രങ്ങളുണ്ട്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഒഴിമുറി, ചായില്യം, ആകാശത്തിന്റെ നിറം, ഫ്രൈഡേ, ഇന്ത്യന്‍ റുപ്പീ, ഈ അടുത്തകാലത്ത്, ഇത്രമാത്രം എന്നിവയാണുള്ളത്. സത്യന്റെ നൂറാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

കൈരളി, ശ്രീ, കൈരളി വിഭജിച്ച് പണിത നിള, കലാഭവന്‍, ശ്രീ പത്മനാഭ, അജന്ത, രമ്യ, ധന്യ, ന്യൂ, കൃപ, അഞ്ജലി എന്നീ തീയറ്ററുകളിലാണ് പ്രദര്‍ശനം. നിശാഗന്ധി ഓപണ്‍ എയര്‍ തീയറ്ററില്‍ വൈകുന്നേരങ്ങളില്‍ പൊതുപ്രദര്‍ശനമുണ്ട്. 

മേളക്കെത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരോട് സംവദിക്കാന്‍ ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദി ഡയറക്ടര്‍ എന്നീ പേരുകളില്‍ വേദികള്‍ ഒരുക്കും. ഇന്‍ കോണ്‍വര്‍സേഷന്‍ ശ്രീ തീയറ്ററിലും ഡെലിഗേറ്റ് ഫോറം ന്യൂ തീയറ്ററിലുമാണ് നടക്കുന്നത്. 





iffk, iffk2012, international film festival of kerala, trivandrum film festival, iffk news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.