Tuesday, December 18, 2012

iffk: സ്റ്റാ നിന യ്‌ക്ക്‌ സുവര്‍ണ്ണ ചകോരം



 കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച അന്തര്‍ദ്ദേശീയ ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം ഇമ്മാന്വവല്‍ ക്വിന്റോ പാലോ സംവിധാനം ചെയ്‌ത ഫിലിപ്പെന്‍സ്‌ ചിത്രം സ്റ്റാ നിന നേടി. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും 15 ലക്ഷം രൂപ തുല്യമായി പങ്കിടും. ഫ്രാന്‍സിസ്‌ക്ക സില്‍വയാണ്‌ മികച്ച സംവിധായിക. ചിത്രം ഇവാന്‍സ്‌ വുമണ്‍.

മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഫിലിമിസ്‌താന്റെ നിതിന്‍ കക്കര്‍ കരസ്ഥമാക്കി. മൂന്നു ലക്ഷം രുപയും സമ്മാനമായി നല്‍കും. അലന്‍ ഗോമിസ്‌ സംവിധാനം ചെയ്‌ത സെനഗല്‍ ചിത്രം ടുഡേയും അലി മുസാഫയുടെ ഇറാനിയന്‍ ചിത്രം ദ്‌ ലാസ്റ്റ്‌ സ്റ്റെപ്പും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായി.

മികച്ച പ്രേക്ഷകചിത്രം ജോയ്‌ മാത്യു സംവിധാനം ചെയ്‌ത ഷട്ടര്‍ ആണ്‌. സംവിധായകന്‌ രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ്‌ സമ്മാനം. പ്രേക്ഷക റേറ്റിങ്ങില്‍ ചിത്രത്തിന്‌ 4.15 പോയിന്റാണ്‌ ലഭിച്ചത്‌.

അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം മെര്‍സാക്‌ അലൗച്ച്‌ സംവിധാനം ചെയ്‌ത ദ്‌ റിപ്പന്റന്റും മലയാള ചിത്രം കെ.ഗോപിനാഥന്റെ ഇത്രമാത്രവുമാണ്‌. 
ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്‌പാക്ക്‌) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം കമാല്‍ കെ.എമ്മിന്റെ ഐ.ഡി യും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌ക്കാരം അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്തും നേടി.

പ്രശസ്‌ത സംവിധായിക മീരാ നായരുടെ അസിസ്റ്റന്റ്‌ ഡയറക്‌ടറായിരുന്ന ഹസ്സന്‍കുട്ടിയുടെ ഓര്‍മ്മയ്‌ക്കായി അവര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള ഹസ്സന്‍കുട്ടി അവാര്‍ഡിന്‌ ചായില്യത്തിന്റെ സംവിധായകന്‍ മനോജ്‌ കാന അര്‍ഹനായി. അവാര്‍ഡ്‌ തുക 50000 രുപയാണ്‌.

സംസ്ഥാനത്ത്‌ ചലച്ചിത്ര മേഖലയുടെ വികസനത്തിന്‌ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഒരു പരാതിയുമില്ലാതെയാണ്‌ മേള കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
മലയാള ചലച്ചിത്രങ്ങള്‍ സംരക്ഷിച്ച്‌ സൂക്ഷിക്കുന്നതിന്‌ മൂന്നാറില്‍ ആര്‍ക്കൈവ്‌സും ഗ്രാമങ്ങളിലേക്ക്‌ ആധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ മൊബൈല്‍ മൂവി തിയേറ്ററും ആരംഭിക്കുമെന്ന്‌ വനം-സ്‌പോര്‍ട്‌സ്‌-സിനിമാ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍. പുതിയ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ വിദേശത്ത്‌ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചലച്ചിത്ര അക്കാദമി ജനുവരിയില്‍ ഓണ്‍ലൈന്‍ സിനിമാ മാഗസീന്‍ തുടങ്ങും. ഭൂമി അനുവദിച്ചു കിട്ടിയാലുടന്‍ ഫിലിം ഫെസ്റ്റിവെല്‍ കോംപ്ലക്‌സിനുള്ള നിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ മന്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌ ഡയറക്ടര്‍ പി.കെ. നായരെ ആദരിച്ചു. ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ സുലൈമാന്‍ സിസെ മുഖ്യാതിഥിയായിരുന്നു. മേയര്‍ കെ. ചന്ദ്രിക, ജൂറി ചെയര്‍മാന്‍ പോള്‍ കോക്‌സ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി കെ. മനോജ്‌ കുമാര്‍, ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങിനുശേഷം തവില്‍ കലാകാരന്‍ കരുണാമൂര്‍ത്തി സംവിധാനം ചെയ്‌ത്‌ നൂറോളം കലാകാരന്മാര്‍ പങ്കെടുത്ത താളയാനം പരിപാടിയും ഉണ്ടായിരുന്നു.

iffk, iffk2012, kerala film festival

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.