Thursday, November 15, 2012

Theevram Music review: പുതുവഴിയില്‍ 'തീവ്ര' ഗാനങ്ങള്‍
പുതുതലമുറയിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനും യുവാക്കളായ ഒരുക്കൂട്ടം അണിയറപ്രവര്‍ത്തകരും ഒന്നിക്കുന്ന ചിത്രമാണ് 'തീവ്രം'. സംവിധായകന്‍ രൂപേഷ് പീതാംബരന്‍, ഗാനരചയിതാവ് അരുണ്‍ കെ. നാരായണന്‍ എന്നിങ്ങനെ ചിത്രത്തില്‍ പുതുമുഖങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ, ഗാനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ മുന്‍വിധികള്‍ അധികമുണ്ടാകാന്‍ സാധ്യതയില്ല. ഗാനങ്ങള്‍ക്ക് ഈണമേകിയ റോബി എബ്രഹാമും ഇതിന് മുമ്പ് ചെയ്തിട്ടുള്ളത് ഒരു സിനിമ മാത്രം -ഫഹദ് ഫാസില്‍ നായകനായ ലിജോ ജോസ് ചിത്രമായ 'ഫ്രൈഡേ'. അതിലെ ഗാനങ്ങള്‍ പുതുതലമുറ ശൈലിയോട് താദാത്മ്യം പ്രാപിക്കുന്നതായിരുന്നു. ആപ്രതീക്ഷയുടെ ചുവടുപിടിച്ചാണ് 'തീവ്രത്തിലെ' ഗാനങ്ങള്‍ കടന്നു വരുന്നതും.

'ഇന്നറിയാതെ' എന്ന ഗാനമാണ് ആദ്യത്തേത്. ഇതിന്റെ കാതലായ ഈണത്തില്‍ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല. പലയിടത്തും കേട്ടു പഴകിയ ഗാനങ്ങള്‍ ഓര്‍മ വന്നേക്കാം. എന്നാല്‍, ആ പോരായ്മ വാദ്യോപകരണങ്ങളുടെ, വിശേഷിച്ച് ഗിത്താറിന്റെ, ഉപയോഗത്തിലൂടെ റോബി നികത്തുന്നു. അരുണിന്റെ വരികള്‍ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ വിനീത് ശ്രീനിവാസനും ശ്വേതാ മോഹനും ആലാപനത്തില്‍ ഭംഗിയാക്കുന്നുമുണ്ട്. 

'രുധിരസൂര്യന്‍' എന്ന ഗാനത്തിന്റെ ചിട്ടപ്പെടുത്തല്‍ ആദ്യഗാനത്തേക്കാള്‍ കേമമാണ്. ആല്‍ബത്തില്‍ ഒരുഗാനം മാത്രം എഴുതിയിട്ടുള്ള റഫീക് അഹമ്മദിന്റെ താത്വികമായ വരികള്‍ക്ക് മലയാളസംഗീതത്തില്‍ അധികം കേള്‍ക്കാത്ത ഹാര്‍പ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രയോഗിച്ച് മനോഹരവും മനസില്‍ പിന്‍തുടരുന്നതുമായ ഒരു അന്തരീക്ഷമാണ് സംഗീതസംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഈ ഗാനത്തില്‍ വിജയ് യേശുദാസിന്റെ ആലാപനം മികച്ചതാണെങ്കിലും ഉച്ചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നു. 

'പുതിയൊരു പാട്ടില്‍' എന്ന ട്രാക്കിലും താല്‍പര്യം ജനിപ്പിക്കുന്ന പ്രധാന ഘടകം പിന്നണിയിലുള്ള ഉപകരണങ്ങളുടെ ചിട്ടപ്പെടുത്തല്‍ തന്നെയാണ്. ഇവിടെ റോക്ക് സംഗീതത്തിന്റെ ചുവയോടെ നൂതനമായ പല ശബ്ദങ്ങളും കേള്‍ക്കാനാവും. എന്നാല്‍, ഈ വിദ്യകള്‍ക്കപ്പുറം ശ്രോതാവിന്റെ കൌതുകം നിലനിര്‍ത്താന്‍ തക്ക ചേരുവകള്‍ ഗാനത്തില്‍ പറയത്തക്കതായി ഇല്ല. പുതുമുഖ ഗായകന്‍ ദീപക് കുട്ടി സാമാന്യം നല്ല രീതിയില്‍ പാടുന്നുണ്ടെങ്കിലും ഈ ഗാനത്തിന് കൂടുതല്‍ യോജിക്കുക ശക്തമായ പരുക്കന്‍ ചുവയുള്ള ശബ്ദമായിരുന്നു എന്നൊരു തോന്നല്‍. 

അവസാനഗാനമായ 'മണ്ണാകെ വിണ്ണാകെ'യില്‍ റോക്കിന്റെ ചടുലത തകര്‍പ്പന്‍ രീതിയില്‍ റോബി പ്രയോഗിക്കുന്നു. റോബി തന്നെ ആലപിച്ച പാട്ടില്‍ പക്ഷേ, പ്രധാന താരങ്ങള്‍ ഗിത്താറിസ്റ്റും ഡ്രമ്മറുമാണ്. ഇരുവരും ഒന്നാംകിട പ്രകടനം തന്നെ പലേടത്തും കാഴ്ചവെച്ചിട്ടുണ്ടെന്നതും എടുത്തുപറയണം. 

'ഫ്രൈഡേ'യുടെ അതേ ശൈലി തുടരുന്ന റോബി എബ്രഹാം രണ്ടാമത്തെ സംരംഭത്തില്‍ അതിലും മികച്ച ഗാനാവലിയാണ് സമ്മാനിച്ചിരിക്കുന്നത്. ഗാനങ്ങളിലുള്ള 'തീവ്ര'ത രൂപേഷ് പീതാംബരന്‍ ചേരുംവിധം തിരശãീലയില്‍ കൂടി പകര്‍ത്തിയാല്‍ 'തീവ്ര'ത്തിലെ ഗാനങ്ങള്‍ കൂടുതല്‍ ശ്രദ്ധനേടുമെന്നതില്‍ സംശയമില്ല.

Rating: 7.5/10

Music Reviewed By Vipin Nair (Music Aloud)


theevram, malayalammovie theevram, theevram music review, roby abraham, roopesh peethambaran, arun k. narayanan, dulquer salmaan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.