Sunday, November 4, 2012

തീയറ്റര്‍ സമരം തുടരുന്നു, റിലീസുകള്‍ പ്രതിസന്ധിയില്‍





എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് തുടങ്ങിയ തീയറ്റര്‍ സമരത്തിന് പരിഹാരമാകാത്തതോടെ പുതിയ റിലീസുകള്‍ പ്രതിസന്ധിയില്‍. ഇതിനുപുറമേ,നിലവില്‍ മികച്ച കളക്ഷനോടെ പ്രദര്‍ശനം തുടര്‍ന്നുവന്ന മുന്‍വാരങ്ങളിലെ റിലീസിനെയും സമരം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കറണ്ട് ചാര്‍ജ് വര്‍ധനയുടെ നഷ്ടം പരിഹരിക്കാന്‍ സര്‍വീസ് ചാര്‍ജ് അഞ്ചു രൂപയായി ഉയര്‍ത്തുക, മലയാള സിനിമക്ക് ടാക്സ് ഒഴിവാക്കുക, നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സര്‍വീസ് ചാര്‍ജ് അനുവദിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

സമരത്തെത്തുടര്‍ന്ന് കേരളമെമ്പാടുമുള്ള പ്രമുഖ എ ക്ലാസ് റിലീസ് കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം, ബി ക്ലാസ് റിലീസ് കേന്ദ്രങ്ങളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. അവരുടെ കീഴിലുള്ള ചെറു പട്ടണങ്ങളിലെ റിലീസ് കേന്ദ്രങ്ങളിലും ബി ക്ലാസ് തീയറ്ററുകളിലും പ്രദര്‍ശനം തുടരുന്നുണ്ട്.  ഓയൂര്‍, ആലുവ, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം, മുക്കം, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ തീയറ്ററുകളിലും സര്‍ക്കാര്‍ തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും പ്രദര്‍ശനമുണ്ട്. ഒരു പട്ടണത്തില്‍ തന്നെ രണ്ടു സംഘടനകളുടേയും തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളുമുണ്ട്. 

ഈമാസം ആറിന് ചര്‍ച്ചയുണ്ട്. അതില്‍ അനൂകൂല തീരുമാനമുണ്ടായാലേ സമരം പിന്‍വലിക്കാന്‍ സാധ്യതയുള്ളൂ. 

സമരം സിനിമാമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. റിലീസ് കാത്തിരുന്ന സിനിമകളുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും വൈകുന്നതുമൂലം വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. കൂടാതെ, ഉദ്ദേശിച്ച സമയത്ത് റിലീസ് നടക്കാത്തത് സിനിമകളുടെ വിജയസാധ്യതയെയും ബാധിക്കും. വൈകിയവേളയില്‍ ആവശ്യാനുസരണം തീയറ്ററുകളും കിട്ടില്ല. നവംബര്‍ രണ്ടിന് റിലീസ് ചെയ്യാനിരുന്ന ഷാഫിയുടെ 101 വെഡ്ഡിംഗ്സ്, എം. മോഹനന്റെ '916' എന്നീ ചിത്രങ്ങള്‍ സമരം മൂലം മാറ്റിവെച്ചു. ഹോളിവുഡ് ചിത്രമായ ജെയിംസ് ബോണ്ട് സ്കൈ ഫാളും കേരളത്തില്‍ റിലീസായില്ല. 

ഈ വര്‍ഷം 110ലേറെ സിനിമകള്‍ റിലീസായ മലയാളത്തില്‍ ഇനി റിലീസ് കാത്ത് 58 സിനിമകളും തയാറായി ഇരിപ്പുണ്ട്. 

നല്ല രീതിയില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്ന ചിത്രങ്ങളായ അയാളും ഞാനും തമ്മില്‍, ജവാന്‍ ഓഫ് വെള്ളിമല, റണ്‍ ബേബി റണ്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹസ്ബന്‍സ് ഇന്‍ ഗോവ തുടങ്ങിയവക്കും തിരിച്ചടിയായി.  

അടച്ചിടുന്നതിനാല്‍ തീയറ്ററുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും വന്‍ വരുമാന നഷ്ടമാണുണ്ടാകുന്നത്.  ആഴ്ചയില്‍ ലഭിക്കേണ്ട ഏകദേശം ഒരു കോടി രൂപയുടെ വരുമാനം തീയറ്ററുകള്‍ക്ക് വെറുതേ കളയേണ്ടി വരും. അതുകൊണ്ടുതന്നെ സമരം ഏറെ നാള്‍ തുടരുന്നത് പല തീയറ്ററുടമകള്‍ക്കും താല്‍പര്യമില്ല. സംഘടനാ തീരുമാനപ്രകാരം സിനിമാപ്രദര്‍ശനം നിര്‍ത്തിയെങ്കിലും നല്ല രീതിയില്‍ പോയിരുന്ന സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ പലര്‍ക്കും വിഷമമുണ്ട്. 

എറണാകുളത്ത് ഷേണായീസ് ഗ്രൂപ്പിന്റെ തീയറ്ററുകള്‍ ഫെഡറേഷന്‍ അംഗമാണെങ്കിലും സമരത്തില്‍ പങ്കെടുക്കുന്നില്ല.

എങ്കിലും എ.സി തീയറ്ററുകള്‍ക്ക് വൈദ്യുതി നിരക്ക് ഏകദേശം രണ്ടുലക്ഷം രൂപ വരെ മാസം അടക്കേണ്ടി വരുന്നതും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുന്നതിലെ ചെലവും അധിക ബാധ്യതയായതിനാല്‍ സമരം ആവശ്യമാണെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു. 

സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയും സര്‍ക്കാരിലേക്കുള്ള ക്ഷേമനിധി വിഹിതം കൃത്യമായി അടയ്ക്കാതെയും വീണ്ടും ചാര്‍ജ് കൂട്ടണമെന്ന് മുറവിളി കൂട്ടുന്നതില്‍ അര്‍ഥമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ടിക്കറ്റിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സുതാര്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം വര്‍ധന ആലോചിക്കാമെന്നാണ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാട്.

അതേസമയം, സമരത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് പ്രേക്ഷകരുടേത്. സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാത്ത തീയറ്ററുകളാണ് സംസ്ഥാനത്ത് ഭൂരിഭാഗവുമെന്നത് കാഴ്ചക്കാരുടെ സ്ഥിരം പരാതിയാണ്. ഇതിനിടെയുള്ള സമരം തങ്ങളുടെ സിനിമ കാണാനുള്ള അവകാശം തടസ്സപ്പെടുത്തുന്നതാണെന്ന് അവര്‍ വിശ്വസിക്കുന്നു. 

മാത്രമല്ല, സിനിമ എന്നത് പാലോ, ബസോ, ഗ്യാസോ പോലെ അവശ്യ സര്‍വീസല്ലാത്തതിനാല്‍ സമരം ചെയ്ത് തീയറ്റര്‍ അടച്ചിട്ടാല്‍ നാട്ടുകാര്‍ക്കല്ല, തീയറ്ററുടമകള്‍ക്ക് തന്നെയാണ് നഷ്ടമെന്നും ഒരു വിഭാഗം പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 






theatre strike kerala, film exhibitors federation kerala, exhibitors association, film crisis

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.